News18 Malayalam
Updated: July 4, 2018, 9:28 AM IST
കണ്ണൂര്‍: എട്ട് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് എല്ലാം ആഴ്ചകളിലും വിമാനം പറന്നിറങ്ങിയിരുന്ന നഗരമാണ് കണ്ണൂര്‍ എന്നു പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാനാകുമോ? എന്നാല്‍ സംഗതി സത്യമാണ്. എല്ലാ ബുധനാഴ്ചകളിലും ടാറ്റ എയര്‍ സര്‍വീസസിന്റെ വിമാനം കണ്ണൂരിലും പറന്നിറങ്ങിയിരുന്നു. ഇതിന്റെ തെളിവുകള്‍ പി.കെ ശ്രീമതി എം.പിയുടെ പക്കലുണ്ട്.
83 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറ്റ എയര്‍ സര്‍വീസസ് നല്‍കിയ പരസ്യമാണ് പി.കെ ശ്രീമതിയുടെ പക്കലുള്ളത്. ടാറ്റ എയര്‍ സര്‍വീസസിന്റെ മുംബൈ തിരുവനന്തപുരം വിമാനത്തിനാണ് ഗോവയ്ക്കു പുറമെ കണ്ണൂരിലും സ്റ്റോപ്പുണ്ടായിരുന്നത്. മുംബൈയില്‍ നിന്നും കണ്ണൂരിലേക്കു 135 രൂപയും ഗോവയില്‍ നിന്ന് 75 രൂപയുമായിരുന്നു അന്നത്തെ ടിക്കറ്റ് നിരക്ക്.
തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ ആവശ്യപ്രകാരമായിരുന്നു ടാറ്റ വിമാന സര്‍വീസ് തുടങ്ങിയത്. പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി എന്നിവരാണ് കണ്ണൂരില്‍ വിമാനം ഇറങ്ങിയതിനെക്കുറിച്ച് പി.കെ ശ്രീമതിയോട് എംപിയോടു പറയുന്നത്. അവരില്‍ നിന്നാണ് വിമാന സര്‍വീസിന്റെ രേഖകള്‍ പി.കെ.ശ്രീമതി ശേഖരിച്ചത്.
ടാറ്റ എയര്‍ സര്‍വീസിന്റെ ചരിത്രത്തിലും കണ്ണൂരില്‍ വിമാനമിറക്കിയതിനെക്കുറിച്ചു വിവരിക്കുന്നുണ്ട്. അക്കാലത്ത് കോട്ടമൈതാനത്താണ് വിമാനമിറക്കിയിരുന്നത്. ഗോവയിലും കണ്ണൂരിലും സ്റ്റോപ്പുണ്ടായിരുന്ന വിമാനത്തിന് രണ്ടിടത്തും ടിക്കറ്റ് ബുക്കിങ് ഏജന്റുമാരെയും ടാറ്റ നിയോഗിച്ചിരുന്നു.
1932ല്‍ കറാച്ചിയില്‍നിന്നു മുംബൈയിലേക്കു കത്തുകള്‍ എത്തിക്കാനാണ് ടാറ്റ എയര്‍ സര്‍വീസ് ആരംഭിച്ചത്. 1946ല്‍ ടാറ്റ എയര്‍ലൈന്‍സ് പൊതുമേഖലയില്‍ എയര്‍ ഇന്ത്യയായും പിന്നീട് എയര്‍ ഇന്ത്യ ഇന്റര്‍നാഷണലായും മാറി. 1933ല്‍ കറാച്ചി മദ്രാസ് സര്‍വീസ് വിജയകരമായതോടെയാണ് മുംബൈ-തിരുവനന്തപുരം സര്‍വീസ് ആരംഭിച്ചത്.
First published:
July 4, 2018, 9:28 AM IST