വാഴ കൃത്യതാ കൃഷിക്ക് ധനസഹായവുമായി കൃഷി വകുപ്പ്;ആവശ്യക്കാർ 31 നു മുമ്പ് അപേക്ഷിക്കണം
- Published by:Arun krishna
- news18-malayalam
Last Updated:
സംസ്ഥാന ഹോർട്ടികൾചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജന എന്നീ പദ്ധതികളിൽ നിന്നുള്ള ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ജില്ലയിൽ പ്രിസിഷന്‍ ഫാമിങ് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്
കണ്ണൂർ ജില്ലാ പരിധിയില്‍ നേന്ത്രവാഴയും പച്ചക്കറിയും കൃത്യതാ കൃഷി (പ്രിസിഷൻ ഫാമിങ്) നടത്തുന്നതിന് 55 ശതമാനം വരെ സബ്സിഡി നല്‍കുന്ന പദ്ധതിയുമായി കൃഷിവകുപ്പ്. സംസ്ഥാന ഹോർട്ടികൾചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജന എന്നീ പദ്ധതികളിൽ നിന്നുള്ള ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ജില്ലയിൽ പ്രിസിഷന്‍ ഫാമിങ് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ വർഷം 90 ഹെക്ടറിൽ നേന്ത്രവാഴയും 90 ഹെക്ടറിൽ പച്ചക്കറിയും കൃഷി ചെയ്യുന്നതിനാണ് സബ്സിഡി അനുവദിക്കുക. 10 സെന്റ് ഭൂമിയിലെങ്കിലും കൃഷി ചെയ്യുന്നവർ ആനുകൂല്യത്തിന് അർഹരാണ്.
നേന്ത്രവാഴ കൃഷിക്ക് ഒരു കർഷകൻ 4 ഹെക്ടർ വരെയും പച്ചക്കറി കൃഷിക്ക് ഒരു കർഷകന് 2 ഹെക്ടർ വരെയും സബ്സിഡി ആനുകൂല്യം അനുവദിക്കുമെന്ന് കൃഷി ഡപ്യൂട്ടി ഡയറക്ടർ ഇ.കെ.അജിമോൾ പറഞ്ഞു. നേന്ത്രവാഴ കൃഷിക്ക് ഹെക്ടറിന് 96,000 രൂപ വരെ ലഭിക്കും. കൃഷി ചെലവിന്റെ 40% പരമാവധി ഹെക്ടറിന് 35,000 രൂപയും വളപ്രയോഗത്തിനുള്ള ഫെർട്ടിഗേഷൻ യൂണിറ്റ് സ്ഥാപിക്കാൻ ചെലവിന്റെ 40% പരമാവധി ഹെക്ടറിന് 45,000 രൂപയും പ്ലാസ്റ്റിക് പുതയിടാൻ ചെലവിന്റെ 50% പരമാവധി ഹെക്ടറിന് 16,000 രൂപയും സബ്സിഡി അനുവദിക്കും.
advertisement
പച്ചക്കറി കൃഷിക്കായി ഹെക്ടറിന് 91,000 രൂപ വരെയാണ് സബ്സിഡിയായി ലഭിക്കുക. ഇതിൽ കൃഷി ചെലവിന്റെ 40% തുകയായി പരമാവധി 20,000 രൂപയും ഹെർട്ടിഗേഷൻ യൂണിറ്റ് സ്ഥാപിക്കുന്നതിന് 55% തുകയായി പരമാവധി ഹെക്ടറിന് 55,000 രൂപയും പ്ലാസ്റ്റിക് പുതയിടലിന് ചെലവിന്റെ 50% തുകയായി ഹെക്ടറിന് 16000 രൂപയും ഉൾപ്പെടുന്നു.
കൃത്യതാ കൃഷിയിൽ താൽപര്യമുള്ള കർഷകർക്കായി ജില്ലാതലത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. പ്രവൃത്തി പൂർത്തിയാക്കി രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകുക. താൽപര്യമുള്ള കർഷകർ 31ന് മുൻപ് അതത് കൃഷി ഭവനുകളിൽ പേരു നൽകണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur Cantonment,Kannur,Kerala
First Published :
January 28, 2023 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാഴ കൃത്യതാ കൃഷിക്ക് ധനസഹായവുമായി കൃഷി വകുപ്പ്;ആവശ്യക്കാർ 31 നു മുമ്പ് അപേക്ഷിക്കണം