സഭയിൽ സത്യഗ്രഹവുമായി 5 പ്രതിപക്ഷ എംഎൽഎമാർ; പിന്നാലെ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
- Published by:Rajesh V
- news18-malayalam
Last Updated:
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ഇന്നും പരിഗണിച്ചില്ല
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കി. ഈ മാസം 30 വരെയാണ് സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയിൽ അവതരിപ്പിച്ചത്. അതേസമയം, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ഇന്നും പരിഗണിച്ചില്ല.
സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് 5 പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നു. അൻവർ സാദത്ത്, ടി ജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ്, ഉമാ തോമസ് എന്നിവരാണ് സത്യഗ്രഹം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് സഭ വെട്ടിച്ചുരുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.
കുറച്ച് ദിവസങ്ങളായി സഭാ നടപടികൾ തടസപ്പെടുകയാണെന്നും ശരിയായ രീതിയിൽ സഭ കൊണ്ടുപോകുവാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സർക്കാർ ധിക്കാരം നിറഞ്ഞ നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനാൽ സത്യഗ്രഹ സമരത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. സഭാചട്ടം അനുസരിച്ച് നടുത്തളത്തിൽ സത്യഗ്രഹം ഇരിക്കാൻ കഴിയില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. നടുത്തളത്തിൽ സത്യഗ്രഹം നടത്തുന്നത് ശരിയായ രീതിയല്ലെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
advertisement
സ്പീക്കറെ അവഹേളിക്കുന്ന രീതിയിൽ സമാന്തര സഭ നടത്തി. അതിനെതിരെ റൂളിങ് നൽകിയിട്ടും സഭാ സമ്മേളനം നടത്തിക്കില്ല എന്ന രീതിയാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ഈ രീതി ശരിയല്ല. കേരളം പോലുള്ള നിയമസഭയ്ക്ക് ഇതു യോജിച്ചതല്ലെന്നും എ എൻ ഷംസീർ പറഞ്ഞു. സഭാധ്യക്ഷൻ പ്രതിപക്ഷത്തെ വിളിച്ച് ചർച്ച നടത്തിയില്ലെന്നും എന്താണ് പ്രശ്നമെന്ന് പ്രതിപക്ഷത്തോട് ചേദിച്ചില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചര്‍ച്ചയ്ക്കു വിളിച്ചെന്നും പ്രതിപക്ഷം സഹകരിച്ചില്ലെന്നും എ എൻ ഷംസീർ പറഞ്ഞു. ബോധപൂർവമായാണ് സഭാ നടപടികൾ തടസപ്പെടുത്തുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 21, 2023 11:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഭയിൽ സത്യഗ്രഹവുമായി 5 പ്രതിപക്ഷ എംഎൽഎമാർ; പിന്നാലെ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു