കളമശ്ശേരിയിൽ 27 ഏക്കറിൽ ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭാ അംഗീകാരം; ചെലവ് 1000 കോടിയിലധികം
- Published by:Rajesh V
- news18-malayalam
Last Updated:
കേരള ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്
തിരുവനന്തപുരം: കൊച്ചി കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനും കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.
2023 ലെ മുഖ്യമന്ത്രി - ചീഫ് ജസ്റ്റിസ് വാർഷികയോഗത്തിൻ്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവർക്കൊപ്പം കളമശ്ശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയത്.
കേരള ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്. ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതക്കും, സ്വാതന്ത്ര്യത്തിനും, ജീവനുമുള്ള മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന 14, 19, 21 ആർട്ടിക്കിളുകൾ സങ്കൽപ്പിച്ച് മൂന്ന് ടവറുകളിലായി ജൂഡീഷ്യൽ സിറ്റി രൂപകൽപന ചെയ്തിരിക്കുന്നു. പ്രധാന ടവറിൽ 7 നിലകളും മറ്റ് രണ്ട് ടവറുകളിൽ 6 നിലകൾ വീതവും ഉണ്ടാകും. ചീഫ് ജസ്റ്റിസിൻ്റേതുൾപ്പെടെ 61 കോടതി ഹാളുകൾ, രജിസ്ട്രാർ ഓഫീസ്, ഓഡിറ്റോറിയം, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെൻ്റർ, റിക്രൂട്ട്മെന്റ് സെൽ, ഐ.ടി വിഭാഗം, ഇൻഫർമേഷൻ സെൻ്റർ തുടങ്ങി അതിവിപുലമായ സൗകര്യങ്ങൾ ഉണ്ടാകും. ഇതിനു പുറമേ അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷകരുടെ ചേംബറുകൾ, പാർക്കിംഗ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകൽപന ചെയ്തിട്ടുണ്ട്.
advertisement
ഭൂമി ഏറ്റെടുക്കലും കെട്ടിട നിർമ്മാണവുമുൾപ്പെടെ 1000 കോടിയിൽപരം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണിത്. പ്രാരംഭ നടപടികൾക്കും കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനുമായി ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുത്ത് ജുഡീഷ്യല്‍ സിറ്റിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കളമശ്ശേരിയാണെന്ന് ഹൈക്കോടതി ജഡ്ജിമാർക്കൊപ്പം നടത്തിയ സ്ഥലപരിശോധനക്കുശേഷം വിലയിരുത്തിയിരുന്നു. നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍മ്മാണത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉയര്‍ന്നത്. നിലവിലെ ഹൈക്കോടതി മന്ദിരം വിപുലീകരിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ട്. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം കാത്തിരിക്കുന്നതും മറ്റൊരു സ്ഥലത്തെക്കുറിച്ച് ആലോചിക്കാന്‍ കാരണമായിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
advertisement
Summary: The cabinet meeting held today has given in-principle approval to build a Judicial City in Kalamassery, Kochi. The decision is to acquire 27 acres of land from HMT to set up the city. The Home Department has been tasked with initiating preliminary steps for the project and exploring the possibility of securing central assistance.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 24, 2025 4:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കളമശ്ശേരിയിൽ 27 ഏക്കറിൽ ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭാ അംഗീകാരം; ചെലവ് 1000 കോടിയിലധികം


