'പോപ്പുലർ ഫ്രണ്ട് ഹർത്താൽ സർക്കാർ പിന്തുണയോടെ'; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി
- Published by:Arun krishna
- news18-malayalam
Last Updated:
കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിനെ നിയന്ത്രിക്കാനാവില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാമായിരുന്നെന്ന് കെ സുരേന്ദ്രൻ
പോപ്പുലർ ഫ്രണ്ട് ഹർത്താൽ സർക്കാർ പിന്തുണയോടെയെന്ന് ബിജെപി. ക്രമസമാധാന പ്രശ്നം ഉണ്ടാവുമെന്ന് വ്യക്തമായിട്ടും രഹസ്യന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടും എന്തു കൊണ്ട് നടപടി എടുത്തില്ലെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്നത് കേരളം ഇതു വരെ കണ്ടിട്ടില്ലാത്ത തരം ആക്രമണങ്ങളാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. രോഗികളുമായി പോവുന്ന ആംബുലൻസുകൾ വരെ ആക്രമിക്കപ്പെട്ടു. വിമാനത്താവള യാത്രക്കാരെ ഹർത്താലിൽ നിന്ന് ഒഴിവാക്കുന്നത് പതിവാണ്. കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിമാനത്താവള യാത്രക്കാരെ ആക്രമിച്ചു.
കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെയും വ്യാപക ആക്രമണമുണ്ടായി. കെ എസ് ആർ ടി സി ജീവനക്കാർക്കും യാത്രക്കാർക്കും പരിക്ക് പറ്റി. മൂകാംബികയിലേക്കുള്ള തീർത്ഥാടന യാത്രാ വാഹനങ്ങൾ വരെ ആക്രമിച്ചു. ആസൂത്രിതമായ ആക്രമണമാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്നതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇതെല്ലാം സർക്കാരിന്റെ മൗനാനുവാദത്തോടെയാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
advertisement
പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾക്ക് സർക്കാർ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ജനജീവിതം സ്തംഭിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഡി ജി പി ഇന്നലെ നൽകിയ ഉറപ്പ് പാഴായി. അക്രമം നടക്കുമ്പോൾ പൊലീസ് കൈയ്യും കെട്ടി നോക്കിനിൽക്കുകയാണ്. സ്ത്രീകളെ ആക്രമിക്കുമ്പോൾ പോലും പൊലീസ് നോക്കി നിൽക്കുന്നു. ബിജെപി ഓഫീസുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. കേരളത്തിൽ ഇതുവരെ ഒരു ഹർത്താലിനും ഇത്രയും തണുപ്പൻ സമീപനം പൊലീസ് സ്വീകരിച്ചിട്ടില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
advertisement
സിപിഎം ഹർത്താൽ നടത്തുമ്പോൾ പോലും ഇതിനേക്കാൾ ഇടപെടൽ പൊലീസ് നടത്താറുണ്ട്. കുറ്റകരമായ അലംഭാവവും കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഹർത്താലിലെ അക്രമങ്ങൾ കണ്ടു ഹൈക്കോടതി സ്വമേധയാ ഇടപെട്ടിട്ടും നടപടി ഉണ്ടായില്ല. ഹർത്താൽ അക്രമാസക്തമാവുമെന്ന് ബി ജെ പി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
പോപ്പുലർ ഫ്രണ്ട് കനത്ത ഉപരോധവും സമ്മർദ്ദവും ഉണ്ടാക്കിയിട്ടും കേന്ദ്ര സേനയുടെ സഹായത്തോടെ ഇന്നലെ റെയ്ഡും അറസ്റ്റും സുഗമമായി നടന്നു. എവിടെയും ഒരു പ്രശ്നവും ഉണ്ടായില്ല. എന്നാലിന്ന് കേരളാ പൊലീസ് നിഷ്‌ക്രിയമായി നോക്കി നിൽക്കുകയാണ്. കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിനെ നിയന്ത്രിക്കാനാവില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാമായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
advertisement
പോപ്പുലർ ഫ്രണ്ടിന് പിന്തുണ നൽകുന്നത് സർക്കാരാണെന്നത്തിലേക്കാണ് ഇതൊക്കെയും വിരൽ ചൂണ്ടുന്നത്. റെയ്ഡും അറസ്റ്റും ഉണ്ടായ മറ്റു സ്ഥലങ്ങളിൽ ഒന്നും ഹർത്താൽ ഇല്ല. പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ചു എ എം ആരിഫ് എം പി രംഗത്തെത്തി. ഇതൊക്കെയും സർക്കാർ സർക്കാർ പിന്തുണ പി എഫ് ഐക്കുണ്ടെന്നതിനു തെളിവാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ഇടത് വലതു മുന്നണികളുടെ രാഷ്ട്രീയ സഹായം തീവ്രവാദ ശക്തികൾക്ക് ലഭിച്ചു. ഈ ഹർത്താൽ കേരളത്തിനുള്ള മുന്നറിയിപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.
advertisement
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമോയെന്ന ചോദ്യത്തിന് ഭീകരവാദ സംഘടനകൾക്ക് പ്രവർത്തനാനുമതി നിഷേധിക്കപ്പെടും എന്നാണ് പ്രതീക്ഷയെന്നായിരുന്നു കെ സുരേന്ദ്രന്റെ മറുപടി. പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ പ്രവർത്തനങ്ങൾ എൻ ഐ ഐ അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും സംഘടനയുടെയോ വ്യക്തിക്കളുടെയോ ആവശ്യപ്രകാരമല്ല പി എഫ് ഐക്കെതിരായ നടപടി. പോപ്പുലർ ഫ്രണ്ട് നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 24, 2022 7:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോപ്പുലർ ഫ്രണ്ട് ഹർത്താൽ സർക്കാർ പിന്തുണയോടെ'; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി