Kerala Governor| 'സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം'; സമസ്തക്കെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
- Published by:Rajesh V
- news18-malayalam
Last Updated:
'പെൺകുട്ടിയെ വേദിയിൽനിന്ന് ഇറക്കിവിട്ടത് അംഗീകരിക്കാനാകില്ല'
തിരുവനന്തപുരം: മലപ്പുറത്ത് പൊതുവേദിയിൽ പുരസ്കാരം വാങ്ങാനെത്തിയ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ സമസ്തയ്ക്കെതിരെ (Samastha) വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammad Khan). പെൺകുട്ടിയെ വേദിയിൽനിന്ന് ഇറക്കിവിട്ടത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമസ്തയുടെ നിലപാടിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുൻപ് ട്വിറ്ററിലൂടെയും ഗവർണർ സമസ്തയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മുസ്ലിം കുടുംബത്തിൽ ജനിച്ചതുകൊണ്ടു മാത്രം ഒരു പെൺകുട്ടി ഇങ്ങനെ അവഹേളിക്കപ്പെടുന്നത് വേദനാജനകമാണെന്ന് ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. പരിശുദ്ധ ഖുർആൻ വചനങ്ങൾക്ക് എതിരായി മുസ്ലിം സ്ത്രീകളെ പുരോഹിതർ മാറ്റിനിർത്തുന്നതും അവരുടെ വ്യക്തിത്വത്തെ അടിച്ചമർത്തുകയും ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും ഗവർണർ ട്വിറ്ററിൽ കുറിച്ചിരുന്നു.
advertisement
കഴിഞ്ഞയാഴ്ചയാണ് വ്യാപകമായ വിമർശനത്തിന് കാരണമായ സംഭവമുണ്ടായത്. പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം നല്‍കാനായി ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് അബ്ദുല്ല മുസ്ലിയാര്‍ കുപിതനാകുകയായിരുന്നു. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാനായി വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതിന് പിന്നാലെ സമസ്ത നേതാവ് ദേഷ്യപ്പെട്ട് സംസാരിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാല്‍ സമ്മാനചടങ്ങിൽ മാറ്റിനിർത്തിയത് പെൺകുട്ടിക്ക് വിഷമം വരാതിരിക്കാൻ ആണെന്നായിരുന്നു സമസ്ത നേതാക്കളുടെ ന്യായീകരണം. പെൺകുട്ടിക്കോ കുടുംബത്തിനോ വിഷയത്തിൽ പരാതിയില്ല. സ്ത്രീകളും പുരുഷൻമാരും ഒന്നിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിച്ചിരുന്നു. സമസ്ത പണ്ഡിത സഭയാണെന്നും അതിന്‍റെ ചിട്ടകളുണ്ടെന്നുമാണ് വേദിയിൽ പെൺകുട്ടിയെ തടഞ്ഞ എം ടി അബ്ദുള്ള മുസ്ലിയാർ പറഞ്ഞത്. സ്ത്രീകളെ വേദിയിൽ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ലെന്നും അബ്ദുള്ള മുസ്ലിയാർ പറഞ്ഞു.
advertisement
ഇതിനിടെ, സമസ്തയെ പിന്തുണച്ച് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ഒരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്ത. വിദ്യാഭ്യാസ സാംസ്കാരിക മേഖലയില്‍ വലിയ സംഭാവന നല്‍കിയ സംഘടനയാണിത്. ഈ ചർച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 15, 2022 2:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Governor| 'സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം'; സമസ്തക്കെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ