കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരി ശ്രീപുരം റുഖിയ അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
2022-ലെ വനിതാ ദിനത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ) ആദരിച്ച 13 വനിതകളിൽ ഒരാളായിരുന്നു റുഖിയ
വയനാട്: മൂന്നുപതിറ്റാണ്ടുകാലം ചുണ്ടേല്‍ മത്സ്യ- മാംസ മാര്‍ക്കറ്റില്‍ ഇറച്ചിവെട്ടുകാരിയും കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരിയുമായ ശ്രീപുരം റൂഖിയ (66) അന്തരിച്ചു. വെല്ലുവിളി നിറഞ്ഞ മേഖലയിൽ കരുത്തുകാട്ടിയതിന്റെ പേരിൽ 2022ലെ വനിതാദിനത്തിൽ 'കിലെ' റുഖിയയെ ആദരിച്ചിരുന്നു. ഒറ്റയില്‍ ഖാദര്‍-പാത്തുമ്മ ദമ്പതികളുടെ മകളാണ്. ഞായറാഴ്ച ചുണ്ടേല്‍ ശ്രീപുരത്തുള്ള ഒറ്റയില്‍ വീട്ടിലായിരുന്നു അന്ത്യം.
പിതാവ് മരിച്ചതോടെയാണ് പത്താം വയസില്‍ കുടുംബഭാരം റുഖിയയുടെ ചുമലിലാകുന്നത്. പാത്തുമ്മയുടേയും ഒമ്പത് മക്കളില്‍ അഞ്ചാമത്തെയാളായിരുന്നു റുഖിയ. ആദ്യം ചുണ്ടേല്‍ എസ്റ്റേറ്റിലായിരുന്നു ജോലി. കൂലി തികയാതെ വന്നതോടെ ഇറച്ചിവെട്ട് ജോലിയിലേക്ക് തിരിയുകയായിരുന്നു. 1989-ലാണ് റുഖിയ ചുണ്ടേലില്‍ 'ഓക്കെ ബീഫ് സ്റ്റാള്‍' തുടങ്ങിയത്.
എന്നാല്‍, ഒരു സ്ത്രീ ഇങ്ങനെയൊരു കച്ചവടം തുടങ്ങുന്നതില്‍ വലിയ എതിര്‍പ്പുകള്‍ വന്നു. ബന്ധുക്കളും നാട്ടുകാരും റുഖിയയെ എതിര്‍ത്തു. ഇത് പുരുഷന്‍മാരുടെ ജോലിയാണെന്നും സ്ത്രീകള്‍ക്ക് ചേര്‍ന്നത് അല്ലെന്നുമായിരുന്നു അവരുടെ പക്ഷം. എന്നാല്‍ ഇതെല്ലാം മറികടന്ന് അവര്‍ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു. ഈ കച്ചവടത്തിലൂടെ നാല് ഏക്കര്‍ കാപ്പിത്തോട്ടവും വാങ്ങിയ റുഖിയ ഒരു വീടും നിര്‍മിച്ചു. ഒപ്പം തന്റെ ആറ് സഹോദരിമാരുടെ വിവാഹവും നടത്തി.
advertisement
എന്നാല്‍, ഒരിക്കലും വിവാഹിതയാകാന്‍ റുഖിയ ആഗ്രഹിച്ചില്ല. പുരുഷന്‍മാരെ തനിക്ക് ഇഷ്ടമാണെങ്കിലും വിവാഹം വേണ്ടെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍പോയി അടുക്കള ജോലികള്‍ ചെയ്യുന്നത് തനിക്ക് സങ്കല്‍പിക്കാന്‍ പോലുമാകില്ലെന്നായിരുന്നു അവരുടെ നിലപാട്.
പ്രായാധിക്യ പ്രശ്‌നങ്ങള്‍ അലട്ടിയതോടെ 2014ലാണ് അറവ് നിര്‍ത്തിയത്. പിന്നീട് പിന്നീട് റിയല്‍ എസ്‌റ്റേറ്റ് രംഗത്തും മറ്റ് കച്ചവടങ്ങളിലും സജീവമായി തുടര്‍ന്നു. 45 വര്‍ഷം സഹായിയായിരുന്ന കൂട്ടുകാരി ലക്ഷ്മിയായിരുന്നു ഒപ്പമുണ്ടായിരുന്നത്. സഹോദരിയുടെ മകന്‍ മനു അനസും മകനായി റുഖിയയോടൊപ്പം നിന്നു.
advertisement
വരുമാനത്തില്‍ വലിയ പങ്ക് തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു. സഹായം ചോദിച്ച് ആരെത്തിയാലും സഹായിക്കാന്‍ മടിയുണ്ടായിരുന്നില്ല. ഫുട്‌ബോളിനെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ചുണ്ടേലും പരിസരത്തും ഫുട്‌ബോള്‍ കളിയുണ്ടെങ്കില്‍ കാണാനെത്തും. കളിക്കാരെയും ക്ലബ്ബുകളെയും നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
July 21, 2025 8:51 AM IST