കായണ്ണ ഗവ യു.പി. സ്കൂൾ പാടിക്കുന്ന് റോഡ് നവീകരണ പ്രവൃത്തി തുടങ്ങി
Last Updated:
"കായണ്ണ ഗ്രാമപഞ്ചായത്തിലെ മുത്തശ്ശിപ്പാറ ടൂറിസം വികസന പദ്ധതി വിനോദസഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകും."
പശ്ചാത്യ സൗകര്യങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു. കായണ്ണ ജി.യു.പി. സ്കൂൾ പാടിക്കുന്ന് റോഡിൻ്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ അഞ്ചു വർഷം കൊണ്ട് 30,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 50 ശതമാനം ബി എം ആൻഡ് ബി സി നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനം, നാലുവർഷം പിന്നിടുമ്പോൾ 60 ശതമാനം എന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞു. ദേശീയപാത, മലയോരപാത, തീരദേശപാത തുടങ്ങിയ പ്രധാന പദ്ധതികളിലൂടെ കേരളത്തിൻ്റെ പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞു. റോഡ് നിർമ്മാണ മേഖലയിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ജംഗ്ഷൻ വികസനം, ബൈപാസ് നിർമ്മാണം, ഫ്ലൈ ഓവർ തുടങ്ങിയവയിലൂടെ നഗരമേഖലകളിലെ തിരക്ക് കുറക്കാൻ സാധിച്ചു. തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിൽ ഒമ്പത് റെയിൽവെ മേൽപ്പാലങ്ങൾ പൂർത്തിയാക്കി.
advertisement
കായണ്ണ ഗ്രാമപഞ്ചായത്തിലെ മുത്തശ്ശിപ്പാറ ടൂറിസം വികസന പദ്ധതി വിനോദസഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കായണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ആരംഭിച്ച് കൂരാച്ചുണ്ട് റോഡിൽ നാല് കിലോമീറ്ററിലധികം റോഡാണ് നവീകരിക്കുന്നത്. അഞ്ച് കോടിയോളം രൂപ ചെലവിട്ട് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് നിർമ്മാണം പൂർത്തീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 09, 2025 4:41 PM IST