വീടുകളിലെ ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാൻ കൊയിലാണ്ടി നഗരസഭയുടെ പുതിയ പദ്ധതി
Last Updated:
കുറഞ്ഞ യൂസർ ഫീ ഈടാക്കി വീടുകളിൽ നിന്ന് ബയോമെഡിക്കൽ മാലിന്യം ശേഖരിച്ച് സംസ്കരിക്കും. ആവശ്യക്കാർ ആപ്പിൽ രജിസ്റ്റർ ചെയ്‌ത് തീയതി അറിയിച്ചാൽ ഏജൻസി മാലിന്യം കൊണ്ടുപോകും.
വീടുകളിലെ ബയോമെഡിക്കൽ മാലിന്യങ്ങൾ കത്തിക്കുന്നതും കുഴിച്ചുമൂടുന്നതും പൊതുസ്ഥലങ്ങളിൽ തള്ളുന്നതും ഒഴിവാക്കാൻ പുതിയ പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ. സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ 'ആക്രി' എന്ന ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കുറഞ്ഞ യൂസർ ഫീ ഈടാക്കി വീടുകളിൽ നിന്ന് ബയോമെഡിക്കൽ മാലിന്യം ശേഖരിച്ച് സംസ്കരിക്കും. ആവശ്യക്കാർ ആപ്പിൽ രജിസ്റ്റർ ചെയ്‌ത് തീയതി അറിയിച്ചാൽ ഏജൻസി മാലിന്യം കൊണ്ടുപോകും. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും 'ആക്രി' ആപ്പ് ഡൗൺലോഡ് ചെയ്യാം.
മാലിന്യം സൂക്ഷിക്കാൻ ഓരോ വീടിനും അണുമുക്തമാക്കിയ സഞ്ചി നൽകും. ഉപയോഗിച്ച ഡയപറുകൾ, സാനിറ്ററി പാടുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസ്സിങ് കോട്ടൺ, സിറിഞ്ചുകൾ, കാലഹരണപ്പെട്ട മരുന്നുകൾ, മറ്റ് ക്ലിനിക്കൽ ലബോറട്ടറി മാലിന്യങ്ങൾ എന്നിവ ശേഖരിക്കും. ടോൾ ഫ്രീ നമ്പറിൽ 08031405048 (വാട്‌സ്ആപ്പ് നമ്പർ 7591911110) ബന്ധപ്പെട്ടാലും വീടുകളിലെത്തി മാലിന്യം ശേഖരിക്കും. തുടർന്ന് ശാസ്ത്രീയമായി സംസ്കരിക്കാൻ നിലവിൽ വന്ന ശുചിത്വമിഷൻ്റെ അംഗീകാരമുള്ള ആക്രി ഏജൻസി മുഖേന കെ.ഐ. എ.എൽ.ലിന് കൈമാറുന്നതാണ് പദ്ധതി.
വീടുകളിൽ നിന്നുള്ള ബയോമെഡിക്കൽ മാലിന്യത്തിന് കിലോക്ക് 45 രൂപയും അഞ്ച് ശതമാനം ജിഎസ്ടിയും ഫീസായി നൽകണം. എട്ട് രൂപ വിലവരുന്ന നോൺ ക്ലോറിനേറ്റഡ് ബാഗ് ഏജൻസി വിതരണം ചെയ്യും. ഈ ബാഗിലാണ് സാനിറ്ററി മാലിന്യങ്ങൾ കൈമാറേണ്ടത്. ആഴ്ചയിലൊരിക്കൽ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 27, 2025 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വീടുകളിലെ ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാൻ കൊയിലാണ്ടി നഗരസഭയുടെ പുതിയ പദ്ധതി