കോഴിക്കോട് സ്കൂൾ കലോത്സവം: പുതുതലമുറയുടെ നീതിബോധ്യ പരീക്ഷണങ്ങളുമായെത്തിയ സ്കൂൾ നാടകങ്ങൾ ശ്രദ്ധ നേടി
Last Updated:
വേടൻ്റെ പാട്ടും റാപ്പും, ഒപ്പന ശീലുകളും, ചലച്ചിത്ര ഗാനശകലങ്ങളും, നാടോടിപ്പാട്ട് വരികളും, പുതിയ സാഹിത്യ സൃഷ്ടികളും നാടകാവതരണങ്ങൾക്ക് ആസ്‌പദമായി.
കൊയിലാണ്ടിയിൽ നടക്കുന്ന കോഴിക്കോട് ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ പുതുമകളെ സാകൂതം വീക്ഷിക്കുന്ന മുതിർന്നവരുടെ സദസ്സിന് മുന്നിലാണ് സ്‌കൂൾ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടത്. കടുത്ത വെയിലും ചൂടും സഹിച്ചാണ് ഹൈസ്‌കൂൾ നാടകാവതരണങ്ങൾ നടന്ന വേദികളിൽ നിറഞ്ഞ സദസ്സ് നാടകം വീക്ഷിച്ചത്.
പരീക്ഷണങ്ങൾക്കായുള്ള പരിശ്രമങ്ങൾ ധാരാളം നടത്തുന്നുണ്ടെന്ന് കലോത്സവത്തിലെ നാടകാവതരണങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്. എന്നാൽ അരങ്ങ് സെറ്റു ചെയ്യുന്നതിലും അവതരണ സങ്കേതങ്ങളുടെ കാര്യത്തിലും ഒരു ദശകത്തോളമായി തുടരുന്ന പാറ്റേണുകളിൽ നിന്ന് ഏറെയൊന്നും മാറി സഞ്ചരിച്ചിട്ടില്ലെന്നാണ് പ്രേക്ഷകർക്ക് അനുഭവം.
പുതിയ കാലത്തിൻ്റെ ഭാവുകത്വത്തെ പ്രതിനിധാനം ചെയ്യുന്ന സാഹിത്യ സംഗീത വഴക്കങ്ങൾ സ്വീകരിക്കാൻ പല അവതരണങ്ങളിലും ശ്രമം നടത്തിയിട്ടുണ്ട്. വേടൻ്റെ പാട്ടും റാപ്പും, ഒപ്പന ശീലുകളും, ചലച്ചിത്ര ഗാനശകലങ്ങളും, നാടോടിപ്പാട്ട് വരികളും, പുതിയ സാഹിത്യ സൃഷ്ടികളും നാടകാവതരണങ്ങൾക്ക് ആസ്‌പദമായി. പുതിയ കാലത്തിൻ്റെ നീതി ബോധ്യങ്ങളും, രാഷ്ട്രീയവും പലനാടകങ്ങളിലും കടന്നു വന്നു. അപ്പോഴും അവകൂടുതലും സംഭാഷണങ്ങളിലൂടെ നിർവഹിക്കപ്പെടുന്നതായിരുന്നു. ജാതി വിവേചനവും ഭാരിദ്ര്യവും അക്രമോത്സുക മതാത്മകതയുമൊക്കെ നിരവധി നാടകങ്ങളിൽ പ്രമേയമായിരുന്നു.
advertisement
പുതിയ തലമുറയുടെ തുറന്ന സമീപനവും, സുതാര്യതയും സത്യസന്ധതയും, കുട്ടികൾ അരങ്ങിനെ ഉപയോഗപ്പെടുത്തിയ രീതികളിലും ആവിഷ്കാരങ്ങളിലും പ്രകടമായിരുന്നു. അരങ്ങിനെ ചലനാത്മകമാക്കുന്നതിൽ പെൺകുട്ടികളുടെ മികവ് മുന്നിൽ നിന്നു. പല നാടകങ്ങളിലും അഭിനേത്രികളായിരുന്നു കൂടുതൽ. കൂട്ടത്തിൽ തെയ്യങ്ങളെപ്പോലെ തകർത്താടിയ ആൺകുട്ടികളുമുണ്ടായിരുന്നു. കുട്ടികളുടെ നാടക വേദിയെ മരിക്കാതെ നവഭാവുകത്വത്തിൻ്റെ പൂക്കാലത്തിലേക്ക് നയിക്കാൻ പുതുതലമുറക്ക് കരുത്തുണ്ടെന്ന പ്രതീക്ഷ തന്നെയാണ് കൗമാര നാടക അരങ്ങിൻ്റെ അവതരണങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 28, 2025 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് സ്കൂൾ കലോത്സവം: പുതുതലമുറയുടെ നീതിബോധ്യ പരീക്ഷണങ്ങളുമായെത്തിയ സ്കൂൾ നാടകങ്ങൾ ശ്രദ്ധ നേടി


