കോഴിക്കോടിന് പാട്ടിൻ്റെ തേൻമഴ സമ്മാനിച്ച് കെ എസ് ചിത്രയും സംഘവും
Last Updated:
സ്റ്റാർ സിംഗർ ഫോമുകളായ രൂപ രേവതി, ശ്രീരാഗ് ഭരതൻ, ദിശ പ്രകാശ് എന്നിവരും കെ കെ നിഷാദ്, അനാമിക എന്നീ ഗായകരുമാണ് ചിത്രക്കൊപ്പം വേദിയിൽ പാടിയത്.
കോഴിക്കോടിന് സംഗീത വിരുന്നൊരുക്കി കെ എസ് ചിത്രയും സംഘവും. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷമായ മാവേലിക്കസ് 2025-ൻ്റെ ഭാഗമായി ലുലു മാളിലെ വേദിയിലാണ് മലയാളികൾക്ക് കേട്ട് മതിവരാത്ത സ്വരമാധുരി കേരളത്തിൻ്റെ വാനമ്പാടി പത്മഭൂഷൺ കെ എസ് ചിത്ര സംഗീതാസ്വാദകർക്ക് പാട്ടിൻ്റെ തേൻമഴ സമ്മാനിച്ചത്.
1986-ൽ പുറത്തിറങ്ങിയ ഹരിഹരൻ ചിത്രം നഖക്ഷതങ്ങളിലെ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി പാട്ടിൽ തുടങ്ങിയ കേരളത്തിൻ്റെ സ്വന്തം വാനമ്പാടി പുലർകാലസുന്ദര സ്വപ്‌നത്തിൽ, പാടറിയേ തുടങ്ങി മലയാളം, തമിഴ് സൂപ്പർഹിറ്റുകളും ആലപിച്ചു.
പൊൻവീണേ, താരാപഥം തുടങ്ങി ഡ്യുയെറ്റുകളും പാടിയ ചിത്രയെ നിറഞ്ഞ സംഗീത സദസ്സ് ഹർഷാരവത്തോടെയാണ് നെഞ്ചിലേറ്റിയത്.
സ്റ്റാർ സിംഗർ ഫോമുകളായ രൂപ രേവതി, ശ്രീരാഗ് ഭരതൻ, ദിശ പ്രകാശ് എന്നിവരും കെ കെ നിഷാദ്, അനാമിക എന്നീ ഗായകരുമാണ് ചിത്രക്കൊപ്പം വേദിയിൽ പാടിയത്. ശ്രീരാഗമോ, ദുനിയാ കെ രക് വാലെ, മധുബൻമെ രാധിക നാഛേരേ തുടങ്ങി ഗാനങ്ങളും കൊഞ്ചം നിലവ്, തുമ്പയും തുളസിയും, എൻ്റെ തെങ്കാശി തമിഴ് പൈങ്കിളി, ഗോവിന്ദ ഗോവിന്ദ തുടങ്ങി ഫാസ്റ്റ് ഗാനങ്ങളും കോഴിക്കോടിനായി ഡെഡിക്കേറ്റ് ചെയ്തു കൊണ്ട് മാപ്പിളപ്പാട്ടിൻ്റെ ഈണത്തിലുള്ള മാനത്തൊരു പൊൻതാരകം എന്ന പ്രണയനിലാവ് സിനിമയിലെ പാട്ടും പാടി ചിത്രയും സംഘവും വേദിയെ കൈയ്യിലെടുത്തു. കോഴിക്കോടിന് മറക്കാൻ കഴിയാത്ത സംഗീത വിരുന്നൊരുക്കിയാണ് വാനമ്പാടിയും സംഘവും യാത്രയായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 06, 2025 1:48 PM IST