സംഗീത ദൃശ്യ വിസ്മയം തീർത്ത് രാജസ്ഥാനി നാടോടി സംഗീത സംഘം 'ദി മംഗാനിയാര്‍ സെഡഷന്‍'
Last Updated:
മലയാളിയായ പ്രശസ്ത ഇന്ത്യൻ നാടക സംവിധായകനും നാടകകൃത്തുമായ റോയിസ്റ്റൺ ആബേലിൻ്റെ സംവിധാനത്തിൽ രാജസ്ഥാനിലെ മംഗനിയാർ സമുദായക്കാരായ 43 സംഗീതജ്ഞർ അവതരിപ്പിച്ച പരമ്പരാഗത നാടോടി, സൂഫി സംഗീതം സദസ്സിന് പുതിയ അനുഭവമായി.
കോഴിക്കോട് കടപ്പുറത്ത് തിങ്ങിനിറഞ്ഞ സദസ്സിന് മുമ്പിൽ സംഗീത ദൃശ്യ വിസ്മയം തീർത്ത് രാജസ്ഥാനി നാടോടി സംഗീത സംഘം 'ദി മംഗാനിയാര്‍ സെഡഷന്‍'. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025-ൻ്റെ ഭാഗമായാണ് കോഴിക്കോട് ബീച്ചില്‍ 'ദി മംഗാനിയാര്‍ സെഡഷന്‍' സംഗീത പരിപാടി അരങ്ങേറിയത്. ഹവാമഹലിൻ്റെ മാതൃകയിൽ സൃഷ്ടിച്ച വേദിയിലെ 33 മാന്ത്രിക അറകളുടെ ചുവപ്പ് തിരശ്ശീലകൾ ഒന്നൊന്നായി നീങ്ങിയപ്പോൾ അനാവൃതമായത് സംഗീതത്തിൻ്റെ വിസ്മയലോകം. ഓരോ കള്ളികളിൽ നിന്നായി ഒഴുകിയെത്തിയ ദോൾ, സന്തൂർ, ധോലക്, സിന്ധി, സാരംഗി, കമാർചാർ വാദ്യങ്ങൾ കടലോരത്തെ ആസ്വാദകരിൽ സംഗീതത്തിൻ്റെ തിരമാലകൾ തീർത്തു.
മലയാളിയായ പ്രശസ്ത ഇന്ത്യൻ നാടക സംവിധായകനും നാടകകൃത്തുമായ റോയിസ്റ്റൺ ആബേലിൻ്റെ സംവിധാനത്തിൽ രാജസ്ഥാനിലെ മംഗനിയാർ സമുദായക്കാരായ 43 സംഗീതജ്ഞർ അവതരിപ്പിച്ച പരമ്പരാഗത നാടോടി, സൂഫി സംഗീതം സദസ്സിന് പുതിയ അനുഭവമായി. ദേശത്തിനും ഭാഷയ്ക്കും മതത്തിനും അതീതമായ സ്നേഹത്തിൻ്റെ സംഗീതം പെയ്തിറങ്ങിയ കലാവിരുന്ന് കോഴിക്കോട്ടുകാർക്ക് ഓണസമ്മാനമായി മാറി. മീരാബായുടെ കൃഷ്ണ ഭക്തിയുമായി ബന്ധപ്പെട്ട സംഗീതാവതരണത്തോടെയാണ് പരിപാടി അവസാനിച്ചത്. 19 വർഷമായി തിയേറ്റർ കൺസർട്ട് രംഗത്ത് സജീവമായുള്ള ബാൻഡ് 20 രാജ്യങ്ങളിലായി 700 ഓളം ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്.
advertisement
മാവേലിക്കസിൻ്റെ ഭാഗമായി വൈകാശ് വരവീണയും സ്റ്റാർ സിംഗർ മത്സരാർത്ഥിയായിരുന്ന കൃതികയും അവതരിപ്പിച്ച സംഗീത പരിപാടിയും ബീച്ചിൽ അരങ്ങേറി. ജോൺസൻ മാഷിൻ്റെയും ബാബുരാജൻ മാസ്റ്ററുടെയും ഗാനങ്ങളും ജനപ്രിയ സിനിമ ഗാനങ്ങളും കോർത്തിണക്കിയ പരിപാടി സദസ്സിനെ ആവേശത്തിലാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 06, 2025 12:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
സംഗീത ദൃശ്യ വിസ്മയം തീർത്ത് രാജസ്ഥാനി നാടോടി സംഗീത സംഘം 'ദി മംഗാനിയാര്‍ സെഡഷന്‍'