മോദി അമേരിക്കയിലേക്കില്ല; പകരം മന്ത്രി ജയശങ്കര്‍
- Published by:meera_57
- news18-malayalam
Last Updated:
സെപ്റ്റംബര്‍ 26-ന് നടക്കുന്ന സെഷനില്‍ ഇന്ത്യയുടെ ദേശീയ പ്രസ്താവന സംബന്ധിച്ച അജണ്ടയില്‍ ജയശങ്കറിന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
ഇന്ത്യയ്‌ക്കെതിരെ അമേരിക്ക അധിക തീരുവ ചുമത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനിശ്ചിതത്വത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ (യുഎന്‍ജിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) പങ്കെടുത്തേക്കില്ലെന്ന് സൂചന. മോദിക്ക് പകരം ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അമേരിക്കയിലേക്ക് പോകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ മാസം 23 മുതല്‍ 29 വരെയാണ് സമ്മേളനം.
സമ്മേളനത്തില്‍ സംസാരിക്കുന്നവരുടെ പുതുക്കിയ താല്‍ക്കാലിക പട്ടികയാണ് മോദി പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കുന്നത്. സെപ്റ്റംബര്‍ 26-ന് നടക്കുന്ന സെഷനില്‍ ഇന്ത്യയുടെ ദേശീയ പ്രസ്താവന സംബന്ധിച്ച അജണ്ടയില്‍ ജയശങ്കറിന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, മോദി പങ്കെടുക്കാതിരിക്കുന്നതിനെ കുറിച്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല.
എന്നാല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആരായിരിക്കും യുഎന്‍ വാര്‍ഷിക സഭയില്‍ സംസാരിക്കുകയെന്നതിന്റെ വിശ്വസനീയമായ സൂചനയല്ല ഈ ലിസ്റ്റ്. മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ അവസാന ലിസ്റ്റിൽ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പേര് ഷെഡ്യൂളില്‍ നല്‍കുകയും പിന്നീട് വിദേശകാര്യ മന്ത്രിയുടെ പേര് ഉള്‍പ്പെടുത്തുകയും ചെയ്ത സംഭവങ്ങളുണ്ട്.
advertisement
എന്നിരുന്നാലും റഷ്യയോട് സൗഹൃദം പുലര്‍ത്തുന്ന ഇന്ത്യയെ ശിക്ഷിക്കാനെന്ന നിലയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തൊടുത്തുവിട്ട അധിക തീരുവ പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദി അമേരിക്കയിലേക്ക് എത്താന്‍ സാധ്യതയില്ലെന്ന് തന്നെ വിശ്വാസിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ക്കായി ട്രംപ് ഒരു കൂടിക്കാഴ്ചയ്ക്കുള്ള നിര്‍ദ്ദേശം മുന്നോട്ടുവെക്കാത്തിടത്തോളം മോദി യുഎസിലെത്താന്‍ സാധ്യതയില്ലെന്നാണ് വിവരം.
യുഎസ്-ഇന്ത്യ ബന്ധം അനിശ്ചിതത്വത്തില്‍ ആയതിനാല്‍ ട്രംപ് എന്തായാലും യുഎന്‍ജിഎയില്‍ സംസാരിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയുമായി ശക്തമായ ബന്ധം സൃഷ്ടിക്കാനുള്ള റഷ്യയുടെയും ഇന്ത്യയുടെയും നീക്കത്തെയും ട്രംപ് ഇതിനിടയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. ട്രൂത്ത് സോഷ്യലിലാണ് ഇന്ത്യയെയും റഷ്യയെയും വിമര്‍ശിച്ചുകൊണ്ട് ട്രംപ് പോസ്റ്റിട്ടത്. ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തി എന്ന് ട്രംപ് അവകാശപ്പെട്ടു. ഇരുവര്‍ക്കും ദീര്‍ഘവും സമൃദ്ധവുമായ ഭാവി ഉണ്ടാകട്ടെയെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് പരിഹസിച്ചു.
advertisement
റഷ്യയില്‍ നിന്ന് ഇന്ത്യ ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ താന്‍ വളരെയധികം നിരാശനാണെന്നും ട്രംപ് ഒരു മാധ്യമ സംവാദത്തിനിടെ പറഞ്ഞു. ഇന്ത്യയ്ക്ക് യുഎസ് 50 ശതമാനം ഏറ്റവും ഉയര്‍ന്ന തീരുവ യുഎസ് ചുമത്തിയതായും ട്രംപ് പറഞ്ഞു. മോദിയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. മോദിയുമായി നന്നായി ഇടപഴകുന്നുവെന്നും രണ്ട് മാസം മുമ്പ് മോദി അമേരിക്കയില്‍ ഉണ്ടായിരുന്നുവെന്നും റോസ് ഗാര്‍ഡനില്‍ ഒരുമിച്ച് പത്രസമ്മേളനം നടത്തിയതായും ട്രംപ് ചൂണ്ടിക്കാട്ടി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 06, 2025 11:06 AM IST