തിരുവനന്തപുരം: ശശി തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾ വിലക്കി കെപിസിസി നേതൃത്വം. കോണ്‍ഗ്രസ് പാർട്ടിയുടെ കെട്ടുറപ്പിനെയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്നാണ് കെപിസിസി നിര്‍ദ്ദേശം. തരൂരിന് കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞെന്ന് പ്രചരണം ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ശശി തരൂർ വിഷയത്തിലെ പ്രതികരണങ്ങളിൽ നിന്ന് നേതാക്കൾ പിൻമാറണം എന്നാണ് കെപിസിസിയുടെ നിര്‍ദ്ദേശം. പാര്‍ട്ടിയുടെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കര്‍ശന നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും നേതാക്കള്‍ പിന്തിരിയണം. മറ്റുവിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും.
Also Read- 'തരൂരിന് വിലക്കെന്ന വാർത്ത തെറ്റ്'; തരൂരിന് എവിടെയും വേദിയൊരുക്കാൻ കെപിസിസി തയ്യാറെന്ന് കെ. സുധാകരൻ
കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ശശി തരൂരിനുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
പാര്‍ട്ടിയും പോഷക സംഘടനകളും ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ പോര്‍മുഖത്താണ്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളെ ഗൗരവത്തോട് കൂടിയാണ് കെപിസിസി നോക്കിക്കാണുന്നത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ അഹോരാത്രം കഷ്ടപ്പെടുന്ന നേതാക്കള്‍ മോശക്കാരാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചരണങ്ങളുടെ പിന്നിലെ ദുരുദ്ദേശത്തെ ഒരിക്കലും വച്ചു പൊറുപ്പിക്കില്ല. ഒരു കാലത്തും കാണാത്ത ഐക്യത്തോടെ നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ച് നീങ്ങുമ്പോള്‍ അതിനെ തുരങ്കം വയ്ക്കുന്ന എല്ലാ ശ്രമങ്ങളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
നേതാക്കളുടെ സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ കെപിസിസി കര്‍ശന നിര്‍ദ്ദേശം ഡിസിസികള്‍ക്ക് നല്‍കിയിട്ടുണ്ട്. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശശി തരൂരിനെ തടഞ്ഞെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അത് അദ്ദേഹവും നിഷേധിച്ചിട്ടുണ്ട്. വിവാദങ്ങള്‍ മാധ്യമ സൃഷ്ടിയാണ്. അത്തരം വ്യാജ പ്രചരണങ്ങളില്‍ നിന്നും സ്വയം മാറിനില്‍ക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്നും സുധാകരന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, K sudhakaran, Kpcc, Shashi tharoor