KSRTC | കൊല്ലം കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം നിരവധി പേർക്ക് പരിക്ക്
- Published by:Anuraj GR
- news18-malayalam
Last Updated:
തിരുവനന്തപുരത്തുനിന്നും ഹരിപ്പാട്ടേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്.
കൊല്ലം: തിരുവനന്തപുരം-കൊല്ലം ജില്ലാ അതിർത്തിയായ കടമ്പാട്ട് കോണത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നു വൈകുന്നേരം അഞ്ചുമണിയോടുകൂടി ആണ് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്നും ഹരിപ്പാട്ടേക്ക് പോയ KL- 15 2245 എന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്.
ഹരിപ്പാട് ഡിപ്പോയുടെ ബസാണിത്. 51 ഓളം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. ആർക്കും ഗുരുതരപരിക്ക് ഇല്ല. പരിക്കുപറ്റിയ വരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും സമീപത്തെ മറ്റ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കല്ലമ്പലത്തു നിന്ന് ഫയർഫോഴ്സ് എത്തി ഏറെ നേരത്തെ ശ്രമഫലമായാണ് ബസ് റോഡിൽ നിന്നും മാറ്റിയത്. ബസ് റോഡിന് കുറുകെ മറിഞ്ഞു കിടന്നതിനാൽ മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.
തുടർച്ചയായ ദിവസങ്ങളിൽ കെ എസ് ആർ ടി സി ബസ് ഉൾപ്പെടുന്ന മൂന്നാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം പന്തളത്ത് എം സി റോഡിൽ പറന്തലിന് സമീപം കെ എസ് ആർ ടി സി ബസ് ആംബുലൻസിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആംബുലൻസ് ഡ്രൈവർ തൃശൂർ സ്വദേശി ബെൻസനാണ് മരിച്ചത്.
advertisement
ഞായറാഴ്ച വൈകിട്ട് 5.30 ഓടെ എം സി റോഡിൽ പറന്തൽ പല്ലാകുഴി കത്തോലിക്കാ പള്ളിക്ക് സമീപമാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന KSRTC സൂപ്പർ ഫാസ്റ്റ് ബസ് എതിർ ദിശയിൽ നിന്നു വന്ന ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് സമീപത്തെ വയലിലേക്ക് മറിഞ്ഞു.
കെ എസ് ആർ ടി സി ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇതേ തുടർന്ന് ബസ് ഡ്രൈവറെയും കണ്ടക്ടറെയും നാട്ടുകാർ തടഞ്ഞുവെച്ചു. പിന്നീട് സ്ഥലത്ത് എത്തിയ പൊലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
advertisement
ദിശ മാറി എത്തിയ ബസ് ആംബുലൻസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് ബെൻസനെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വെമ്പായം പിരപ്പന്‍കോടിന് സമീപം കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കിളിമാനൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആര്‍ ടി സി ബസും വെമ്പായം ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
advertisement
വെള്ളിയാഴ്ച രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്. ബസില്‍ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരില്‍ 21 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ ആറു പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ള യാത്രക്കാരെ കന്യാകുളങ്ങര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ്. ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ലോറി വരുന്നത് കണ്ട് ബസ് ഡ്രൈവർ റോഡിന്റെ ഇടതുവശത്തേക്ക് പരമാവധി ബസ് ഒതുക്കി.
advertisement
അപകടം ഒഴിവാക്കാൻ ബസ് ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും ഇടതുവശം വിട്ട് വലത്തേക്ക് കയറി ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിയത് ആകാം അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഈരാറ്റുപേട്ട ബസ് ഡിപ്പോയിലെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ലോറി ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റിട്ടുണ്ട്. ലോറി ഡ്രൈവർ ഉറങ്ങിയതാകാം ബസ് നിയന്ത്രണം വിട്ട് വലതുവശത്തേക്ക് കയറി ബസിലേക്ക് ഇടിച്ചുകയറിയതെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 27, 2021 8:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC | കൊല്ലം കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം നിരവധി പേർക്ക് പരിക്ക്