തേൻവരിക്ക ചതിക്കുമോ? ഫിറ്റായ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങി
- Published by:Sneha Reghu
- news18-malayalam
Last Updated:
ചക്കപ്പഴത്തിനു വിലക്കേർപ്പെടുത്തിയിരിക്കുകയാണ് പന്തളം കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ
പന്തളം: ചക്കപ്പഴം കഴിച്ചാൽ മദ്യപിച്ചതുപോലെയാകുമോ? എങ്കിൽ സംഭവം സത്യമാണ്. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് കയറുന്നതിന് മുമ്പ് ചക്കപ്പഴം കഴിച്ച കെഎസ്ആർടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാർ ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങിയിരിക്കുകയാണ്. പന്തളം കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
പരിശോധനയിൽ ഡ്രൈവർ മദ്യം കഴിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നാൽ, മദ്യപാനം കണ്ടെത്താനുള്ള ഉപകരണത്തെ അവിശ്വസിക്കാനും വയ്യാത്ത അവസ്ഥയിലായി അധികൃതർ. മദ്യപിച്ചിട്ടില്ലെന്നും രക്തപരിശോധന വരെ നടത്താൻ തയ്യാറാണെന്നും ഡ്രൈവർ പറഞ്ഞതോടെ അധികൃതർ കുഴങ്ങി.
സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് മറ്റൊരു ഡ്രൈവറെ പരിശോധിക്കാം എന്ന നിഗമനത്തിലെത്തി. നേരത്തെ നടത്തിയ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞ ഒരു ജീവനക്കാരനെ വിളിച്ചു ചക്കപ്പഴം കഴിപ്പിച്ചു. പിന്നീടുള്ള പരിശോധനയിൽ അദ്ദേഹവും മദ്യപിച്ചിട്ടുണ്ടെന്ന് യന്ത്രം കണ്ടെത്തി. ഇതോടെയാണ് തേൻവരിക്കയാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞത്. തുടർന്ന്, ബ്രത്തലൈസറിൽ കുടുങ്ങിയവരെല്ലാം നിരപരാധികളുമായി. ഇതോടെ ചക്കപ്പഴത്തിനു വിലക്കേർപ്പെടുത്തിയിരിക്കുകയാണ് പന്തളം കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ.
advertisement
മധുരമുള്ള പഴുത്ത തേൻ വരിക്ക സഹപ്രവർത്തകർക്ക് കൂടി നൽകണമെന്നു കരുതിയാണ് പന്തളം കെഎസ്ആർടിസിയിലെ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി ഇന്നലെ ചക്കപ്പഴവുമായി ജോലിക്കെത്തിയത്. രാവിലെ 6ന് ഡ്യൂട്ടിക്കിറങ്ങും മുൻപ് ഡ്രൈവർമാരിലൊരാളാണ് ആദ്യം ചക്കപ്പഴം കഴിച്ചത്. ഇദ്ദേഹമാണ് ആദ്യം ബ്രത്തലൈസറിൽ കുടുങ്ങിയത്.
നല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിക്കും. പുളിക്കാന്‍ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങള്‍ ചക്കപ്പഴത്തിലുണ്ട്. എന്നാല്‍ ചക്കപ്പഴം ആ അവസ്ഥയില്‍ കഴിക്കാന്‍ പോലും പ്രയാസമായിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
July 19, 2025 12:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തേൻവരിക്ക ചതിക്കുമോ? ഫിറ്റായ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങി