'ഭയന്ന് ഓടിപ്പോകില്ല; പണപ്പെട്ടി കണ്ടിട്ടില്ല': സസ്പെൻഷന് പിന്നാലെ നേതൃത്വത്തിനെതിരെ ലാലി ജെയിംസ്
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവാദ പ്രസ്താവനയെത്തുടർന്ന് തൃശൂർ ഡിസിസി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ലാലിയെ സസ്പെൻഡ് ചെയ്തത്
തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ലാലി ജെയിംസ് പാർട്ടി നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കുന്നു. മേയർ പദവി പണം വാങ്ങി വിറ്റുവെന്ന ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ലാലിയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
സസ്പെൻഷൻ നടപടിയിൽ താൻ ഭയന്ന് ഓടിപ്പോകില്ലെന്നും പാർട്ടിക്കൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്നും ലാലി വ്യക്തമാക്കി. കാര്യങ്ങൾ തുറന്നുപറയുമ്പോൾ സസ്പെൻഡ് ചെയ്യുകയല്ല, മറിച്ച് വിളിച്ചിരുത്തി സംസാരിക്കാനുള്ള രാഷ്ട്രീയ മര്യാദയാണ് നേതൃത്വം കാണിക്കേണ്ടിയിരുന്നതെന്ന് അവർ വിമർശിച്ചു. താനൊരു സ്ഥാനമോഹിയല്ലെന്നും എന്നാൽ അനീതിക്കെതിരെ പ്രതികരിക്കുക എന്നത് തന്റെ ശൈലിയാണെന്നും അവർ കൂട്ടിച്ചേർത്തു.
പാർട്ടി ഫണ്ടിലേക്ക് പണം വേണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താൻ അത് നിരസിച്ചതായും ലാലി വെളിപ്പെടുത്തി. മേയർ പദവിക്ക് പണപ്പെട്ടി നൽകിയെന്നത് താൻ കേട്ട കാര്യമാണെന്നും പണം നേരിട്ട് കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. വെള്ളിയാഴ്ച നടന്ന മേയർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ്, 'പണം നൽകിയവർക്ക് പദവി വിറ്റു' എന്ന ആരോപണവുമായി ലാലി രംഗത്തെത്തിയത്. നാല് തവണ കൗൺസിലറായ തന്നെ സാധാരണക്കാരിയായതിനാൽ തഴഞ്ഞുവെന്നും ഭൂരിഭാഗം കൗൺസിലർമാരും തന്റെ പേരാണ് നിർദ്ദേശിച്ചിരുന്നതെന്നും അവർ അവകാശപ്പെട്ടു.
advertisement
വിവാദ പ്രസ്താവനയെത്തുടർന്ന് തൃശൂർ ഡിസിസി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ലാലിയെ സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അടിയന്തര നടപടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
Dec 27, 2025 11:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഭയന്ന് ഓടിപ്പോകില്ല; പണപ്പെട്ടി കണ്ടിട്ടില്ല': സസ്പെൻഷന് പിന്നാലെ നേതൃത്വത്തിനെതിരെ ലാലി ജെയിംസ്










