Lokayukta | ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കണം; ഗവര്‍ണറോട് UDF

Last Updated:

ലോകായുക്ത നിയമത്തിന്റെ പതിനാലാം വകുപ്പിലാണ് സര്‍ക്കാര്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്

വി.ഡി. സതീശൻ
വി.ഡി. സതീശൻ
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ട് UDF. അതു സംബന്ധിച്ച നിയമപരമായ വിശദാംശങ്ങളും ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അടിസ്ഥാനരഹിതവും വസ്താവിരുദ്ധവുമായ മറുപടിയാണ് ഇന്നലെ നിയമ മന്ത്രി പി രാജീവ് നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
ലോകായുക്ത നിയമത്തിന്റെ പതിനാലാം വകുപ്പിലാണ് സര്‍ക്കാര്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്. ലോകായുക്ത നിയമത്തിന്റെ പല്ലും നഖവും കൊഴിച്ചുകളയുന്ന ഓര്‍ഡിനന്‍സാണിത്. പതിനാലാം വകുപ്പ് കെ.ടി ജലീലില്‍ കേസില്‍ മാത്രമാണ് ലോകായുക്ത ചര്‍ച്ച ചെയ്തിട്ടുള്ളത്. അവിടെ ഭരണഘടനാ വിരുദ്ധമാണെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
999-ല്‍ നായനാര്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമം 22 വര്‍ഷങ്ങള്‍ക്കു ശേഷം നിയമവിരുദ്ധമാണെന്ന് പറയുന്നത് വിചിത്രമാണ്. ഒരു കോടതിയും പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ല. പാര്‍ലമെന്റോ നിയമസഭയോ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാന്‍ കോടതിക്ക് മാത്രമെ സാധിക്കൂവെന്ന് ജസ്റ്റിസ് പട്നായിക്കിന്റെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന നിയമന്ത്രിയുടെ വാദം തന്നെ സുപ്രീം കോടതി വിധിക്ക് എതിരാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
advertisement
ഭരണഘടനയുടെ 164-ാം വകുപ്പ് അനുസരിച്ച് ലോകായുക്തയല്ല ഗവര്‍ണറാണ് മന്ത്രിയെ മാറ്റണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതെന്നും നിയമ മന്ത്രി പറഞ്ഞിരുന്നു. ഈ വാദവും ജയലളിതാ കേസില്‍ സുപ്രീം കോടതി വ്യക്തമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. 164-ാം വകുപ്പ് അനുസരിച്ച് ഗവര്‍ണറുടെ അധികാരം പരിമിതമാണെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാര്‍ക്കെതിരെ ക്വോ വാറണ്ടോ ഹര്‍ജി നിലനില്‍ക്കില്ലെന്ന നിയമ മന്ത്രിയുടെ വാദവും തെറ്റാണ്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജയലളിതയ്ക്കെതിരെ ക്വോ വാറണ്ടോ റിട്ടാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഈ കേസില്‍ ജസ്റ്റിസ് ബെറൂച്ചയുടെ വിധിപ്രസ്താവം നിയമ മന്ത്രി വായിച്ചു നോക്കണം. സര്‍ക്കാരിന്റെ വാദമുഖങ്ങളെല്ലാം ദുര്‍ബലമാണ്. ജലീലിന്റെ കേസില്‍ ഭരണഘടനാ വിരുദ്ധമെന്നു പറയാത്ത നിയമത്തെ ഇപ്പോള്‍ ഭരണഘടനാ വിരുദ്ധമെന്നു പറയുന്നത് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസുകള്‍ നിലനില്‍ക്കുന്നത് കൊണ്ട് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി,
advertisement
ഇപ്പോള്‍ ഓര്‍ഡിനന്‍സായി കൊണ്ടു വരുന്ന ഈ ഭേദഗതി 1999 -ല്‍ ബില്‍ അവതരിപ്പിച്ചപ്പോഴും ഉണ്ടായിരുന്നു. അത് നിയമസഭ വിശദമായി ചര്‍ച്ച ചെയ്തു. ഇത്തരമൊരു വകുപ്പ് നിയമത്തില്‍ ഉണ്ടെങ്കില്‍ ലോകായുക്തയ്ക്ക് പല്ലും നഖവും നഷ്ടപ്പെട്ട് വെറുമൊരു സര്‍ക്കാര്‍ വകുപ്പായി മാറുമെന്ന് ഭരണ പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേത്തുടര്‍ന്ന് നിയമമന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ ആ വകുപ്പ് പിന്‍വലിച്ചു. അതേ വകുപ്പാണ് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ കേസ് വന്നപ്പോള്‍ പിന്‍വാതിലിലൂടെ കുത്തിക്കയറ്റാന്‍ ശ്രമിക്കുന്നത്. ഇ.കെ നായനാരെയും പരിണിതപ്രജ്ഞനായ ഇ ചന്ദ്രശേഖരന്‍ നായരെയും അപമാനിക്കുന്നതിന് തുല്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്ന ഓര്‍ഡിനന്‍സെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
advertisement
ലോകായുക്തയെ സംബന്ധിച്ച് സി.പി.എം കേന്ദ്ര നേതൃത്വവും 2019-ല്‍ ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനും വിരുദ്ധമാണ് ഈ ഓര്‍ഡിനന്‍സ്. കുരയ്ക്കുക മാത്രമല്ല കടിയ്ക്കാന്‍ അറിയുന്ന കാവല്‍ നായയാണ് കേരളത്തിലെ ലോകായുക്തയെന്ന് രണ്ട് വര്‍ഷം മുന്‍പ് അഭിമാനിച്ചിരുന്നയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ തനിക്കെതിരെ ലോകായുക്തയില്‍ ഒരു കേസ് വന്നപ്പോള്‍ ഓര്‍ഡിനന്‍സിലൂടെ ആ നായയുടെ പല്ല് ഊരിയെടുക്കാനാണ് പിണറായി ശ്രമിക്കുന്നത് എന്ന് വി.ഡി സതീശന്‍ പറഞ്ഞു.
പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ നിയമപ്രശ്നങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്. ബില്‍ അവതരിപ്പിച്ച കാലത്ത് രാഷ്ട്രപതിയുടെ അനുമതി തേടിയ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സും രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
പുതിയ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയ ലോക്പാല്‍ നിയമത്തിന് എതിരാണോയെന്ന് പരിശോധിക്കേണ്ടതും രാഷ്ട്രപതിയാണ്. ഇക്കാര്യങ്ങളൊക്കെ പരിശോധിച്ച ശേഷമെ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്ന് ഗവര്‍ണര്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഈ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ക്ക് ഒരിക്കലും ഒപ്പുവയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ചാന്‍സലര്‍ പദവി ഏറ്റെടുത്ത് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്നു തന്നെയാണ് പ്രതിപക്ഷവും ആവശ്യപ്പെട്ടത്. കണ്ണൂര്‍ വി.സി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അനധികൃതമായി ഇടപെട്ടു. ആദ്യം ഗവര്‍ണര്‍ അതിന് കൂട്ടു നിന്നു. പിന്നീട് ബോധ്യപ്പെട്ടു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ചെയ്യേണ്ടി വന്നെന്നാണ് പറഞ്ഞത്. അങ്ങനെ നിയമവിരുദ്ധമായി ചെയ്തത് നിയമവിധേയമാക്കണം. ചാന്‍സലര്‍ പദവി ഏറ്റെടുക്കുന്ന ഗവര്‍ണര്‍ കണ്ണൂര്‍ വി.സിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ അതിനു തയാറായില്ലെങ്കില്‍ പുറത്താക്കുകയോ ചെയ്യുമെന്നാണ് പ്രതിപക്ഷം ഇപ്പോഴും വിശ്വസിക്കുന്നത്. ചാന്‍സലര്‍ പദവി ഏറ്റെടുത്ത് പ്രവര്‍ത്തിക്കാത്തതിനെയാണ് പ്രതിപക്ഷം വിമര്‍ശിച്ചതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lokayukta | ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കണം; ഗവര്‍ണറോട് UDF
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement