മലപ്പുറം സ്വദേശികളായ പിതാവും മകനും തമിഴ്നാട്ടിൽ കാർ ലോറിയിലിടിച്ച് കയറി മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
മദ്രസാധ്യാപകനായ സദഖത്തുള്ള കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ വിവിധ ആത്മീയകേന്ദ്രങ്ങളിലേക്ക് യാത്ര പോയതായിരുന്നു
മലപ്പുറം: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു. കഴിഞ്ഞ ദിവസം ഉദുമല്‍പേട്ട- ദിണ്ടിഗല്‍ ദേശീയപാതയില്‍ പുഷ്പത്തൂർ ബൈപ്പാസിലാണ് അപകടം നടന്നത്. റോഡില്‍ നിർത്തിയിട്ട ലോറിയില്‍ കാറിടിച്ച് കയറുകയായിരുന്നു.
മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം മാളികപ്പമ്പില്‍ പൂളാങ്കുണ്ടില്‍ തരകൻ മുഹമ്മദ് സദഖത്തുള്ള വഹബി (32), മകൻ മുഹമ്മദ് ഹാദി (4) എന്നിവരാണ് മരിച്ചത്. ഭാര്യ ഫാത്തിമ സുഹറ (23), മകള്‍ ഐസല്‍ മഹറ (രണ്ടര) എന്നിവർ ഗുരുതര പരിക്കുകളോടെ ഉദുമല്‍പേട്ട സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാവനൂർ ഇരുവേറ്റിയില്‍ മദ്രസാധ്യാപകനായ സദഖത്തുള്ള തിങ്കളാഴ്ച രാവിലെ പത്തോടെ കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ വിവിധ ആത്മീയകേന്ദ്രങ്ങളിലേക്ക് യാത്ര പോയതായിരുന്നു. ഉച്ച കഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. സ്വാമിനാഥപുരം പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ലോറിയുടെ ഉള്ളിലേക്ക് ഇടിച്ചുകയറിയ കാർ ക്രെയിനുപയോഗിച്ച് വലിച്ചെടുക്കുകയായിരുന്നു. സ്വാമിനാഥപുരം പൊലീസ് കേസെടുത്തു.
advertisement
പരേതനായ അബ്ദുല്‍കരീമിന്റെയും റംലത്തിന്റെയും മകനാണ് സദഖത്തുള്ള. കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗമായ എസ് വൈ എഫ്. മലപ്പുറം ജില്ലാസമിതി അംഗവും ഐകെഎസ്‌എസ് മഞ്ചേരി മേഖലാ കണ്‍വീനറുമാണ്. സഹോദരങ്ങള്‍: ഹിദായത്തുള്ള, കിഫായത്തുള്ള, ഇനായത്തുള്ള.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
February 25, 2025 6:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം സ്വദേശികളായ പിതാവും മകനും തമിഴ്നാട്ടിൽ കാർ ലോറിയിലിടിച്ച് കയറി മരിച്ചു