അച്ചടക്ക ലംഘനം; മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നേരത്തെ ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് കെ സുധാകരനും മമ്പറം ദിവാകരനും നേര്‍ക്ക് നേര്‍ രംഗത്തെത്തിയിരുന്നു
കണ്ണൂര്‍: മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെയുള്ള പാനലില്‍ മത്സരിക്കുകയാണ് നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍.
ഇത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് പാര്‍ട്ടി വിലയിരുത്തി. തുടര്‍ന്നാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. മമ്പറം മണ്ഡലം കോണ്‍ഗസ് കമ്മിറ്റി പ്രസിഡണ്ട് കെ.കെ.പ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കി. മമ്പറം ദിവാകരന് വേണ്ടി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടി. ഡിസിസി ജനറല്‍ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന് താല്‍ക്കാലിക ചുമതല നല്‍കി.
നേരത്തെ ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് കെ സുധാകരനും മമ്പറം ദിവാകരനും നേര്‍ക്ക് നേര്‍ രംഗത്തെത്തിയിരുന്നു. കെ സുധാകരന്‍ പക്വത കാണിക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷനായ ശേഷം ബ്രണ്ണന്‍ വിവാദങ്ങളുയര്‍ത്തിയതില്‍ മമ്പറം ദിവാകരന്റെ പ്രതികരണം.
advertisement
കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമ്പറം ദിവാകരന്‍ കോണ്‍ഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു. സുധാകരനെതിരെ മമ്പറം ദിവാകരന്‍ നടത്തിയ ചില പ്രസ്താവനകള്‍ എതിര്‍കക്ഷികളും ആയുധമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2021 3:07 PM IST