കോഴിക്കോട് ബീച്ചിൽ കിടന്നുറങ്ങിയ യുവാവ് പിടിയിൽ; ഒപ്പം ഉണക്കാനിട്ട കഞ്ചാവും
- Published by:Sneha Reghu
- news18-malayalam
Last Updated:
മുൻപും കഞ്ചാവ് കൈവശം വെച്ചതിന് പിടിയിലായിട്ടുള്ള ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണ്
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കിടന്നുറങ്ങിയ യുവാവ് പൊലീസ് പിടിയിൽ. സമീപത്തായി ഉണക്കാനിട്ട കഞ്ചാവും ഉണ്ടായിരുന്നു. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് വെള്ളയിൽ പൊലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയായിരുന്നു വിചിത്രമായ ഈ സംഭവം.
ബീച്ചിലെത്തിയ പ്രഭാതസവാരിക്കാരാണ് ഒരാൾ കഞ്ചാവ് നിരത്തിയിട്ട് അതിനടുത്ത് കിടന്നുറങ്ങുന്നത് ശ്രദ്ധിച്ചത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വെള്ളയിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പിടിയിലായ മുഹമ്മദ് റാഫി നിരവധി കേസുകളിൽ പ്രതിയും സ്ഥിരം കുറ്റവാളിയുമാണെന്ന് പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
പുറത്തുവന്ന ദൃശ്യങ്ങളിൽ, കടൽതീരത്ത് പായ വിരിച്ച് സുഖമായി ഉറങ്ങുന്ന യുവാവിനെയും തൊട്ടടുത്തുള്ള കടലാസിൽ ഉണക്കാനിട്ട കഞ്ചാവും വ്യക്തമായി കാണാം. ഷൂസുകൾ അഴിച്ചുവെച്ച്, അരികിൽ ഒരു വെള്ളക്കുപ്പിയും കരുതിയാണ് ഇയാൾ വിശ്രമിച്ചിരുന്നത്. നാട്ടുകാർ പകർത്തിയ ഈ ദൃശ്യങ്ങൾ വഴിയാണ് വിവരം പുറത്തറിഞ്ഞത്.
advertisement
മുഹമ്മദ് റാഫി ലഹരി ഉപയോഗിച്ചാണോ അവിടെ കിടന്നുറങ്ങിയതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും, സ്ഥലത്തെത്തിയ ഉടൻ തന്നെ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. മുൻപും കഞ്ചാവ് കൈവശം വെച്ചതിന് പിടിയിലായിട്ടുള്ള ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണ്. സംഭവത്തിൽ റാഫിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 16, 2026 11:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് ബീച്ചിൽ കിടന്നുറങ്ങിയ യുവാവ് പിടിയിൽ; ഒപ്പം ഉണക്കാനിട്ട കഞ്ചാവും






