ഗൾഫിൽ വിറ്റ കാറിൻ്റെ പകുതി പണം തിരികെ കിട്ടാഞ്ഞതിന് യുവാവിന്റെ വീടിനും കാറിനും തീയിട്ട പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
സംഭവത്തിൽ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറും സ്കൂട്ടറും വീടിൻ്റെ ഒരു ഭാഗവും പൂർണമായി കത്തി നശിച്ചു
പാലക്കാട്: ഗൾഫിൽ വിറ്റ കാറിൻ്റെ ബാക്കി പണം പൂർണ്ണമായും ലഭിക്കാത്തതിനെ തുടർന്ന് കാർ വാങ്ങിയ ആളുടെ നാട്ടിലെ വീടിന് തീയിട്ട് പ്രതികാരം. മുതുതല സ്വദേശി ഇബ്രാഹിമിൻ്റെ വീടാണ് എറണാകുളം പറവൂർ സ്വദേശിയായ പ്രേംദാസ് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചത്. വീടിന് തീയിട്ട ശേഷം അകത്ത് ജീവനൊടുക്കാൻ ശ്രമിച്ച പ്രേംദാസിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ നിന്ന് ബാക്കി പണം ഉടൻ തിരികെ നൽകണമെന്ന് ആവശ്യപ്പെടുന്ന ഒരു മുന്നറിയിപ്പ് നോട്ടീസും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മുതുതല പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഇബ്രാഹിമിൻ്റെ വീട്ടിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഉഗ്രശബ്ദത്തിലുള്ള പൊട്ടിത്തെറിയുമുണ്ടായി. നാട്ടുകാർ ഓടിക്കൂടുന്നതിന് മുമ്പ് തന്നെ വീടിന് തീ പടർന്നിരുന്നു. തീ അണയ്ക്കുന്നതിനിടെയാണ് കയ്യിൽ ലൈറ്ററും കത്തിയുമായി രക്തത്തിൽ കുളിച്ച നിലയിൽ മധ്യവയസ്കനെ കണ്ടത്. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ ഉടൻ തന്നെ ആംബുലൻസിലേക്ക് മാറ്റി. അതിക്രമിച്ചെത്തിയ പ്രേംദാസ് വീടിന് തീവെച്ച സമയത്ത് ഇബ്രാഹിമിൻ്റെ ഭാര്യയും രണ്ട് മക്കളും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറും സ്കൂട്ടറും വീടിൻ്റെ ഒരു ഭാഗവും പൂർണമായി കത്തി നശിച്ചു.
advertisement
വീടിനകത്തുനിന്നും ലഭിച്ച നോട്ടീസാണ് സംഭവത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്. രണ്ടര വർഷം മുമ്പ് സൗദിയിൽ വെച്ചാണ് രണ്ട് ലക്ഷം രൂപയ്ക്ക് പ്രേംദാസിൻ്റെ കാർ ഇബ്രാഹിമിന് വിറ്റിരുന്നു. എന്നാൽ ഇതിൽ പകുതി തുക കൈമാറിയ ശേഷം വാഹനം കൊണ്ടുപോയെന്നും ബാക്കി ഒരു ലക്ഷം രൂപ പിന്നീട് ഇബ്രാഹിം നൽകിയില്ലെന്നുമാണ് പ്രേംദാസ് ആരോപിക്കുന്നത്. ഫോണിൽ വിളിച്ചിട്ടും നേരിട്ട് വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഈ കടുംകൈ ചെയ്തതെന്നും പണം ഉടൻ തിരികെ വേണമെന്നും നോട്ടീസിൽ പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ തന്നെയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കൂടുതൽ വ്യക്തതക്കായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രേംദാസിൻ്റെയും വിദേശത്തുള്ള ഇബ്രാഹിമിൻ്റെയും മൊഴിയെടുക്കേണ്ടതുണ്ട്. സംഭവത്തിൽ കൊപ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
October 29, 2025 11:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗൾഫിൽ വിറ്റ കാറിൻ്റെ പകുതി പണം തിരികെ കിട്ടാഞ്ഞതിന് യുവാവിന്റെ വീടിനും കാറിനും തീയിട്ട പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു


