• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിൽ വൻ തീപിടുത്തം

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിൽ വൻ തീപിടുത്തം

110 ഏക്കർ സ്ഥലത്ത് 25 ഏക്കർ പ്രദേശത്താണ് തീ പടർന്നത്

തീപിടുത്തത്തിന്റെ ദൃശ്യം

തീപിടുത്തത്തിന്റെ ദൃശ്യം

  • Last Updated :
  • Share this:
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടുത്തം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മാലിന്യ കൂമ്പാരത്തിൽ തീ പടർന്നത്. ഏഴ് മാലിന്യക്കൂമ്പാരങ്ങളിൽ തീ പടർന്നിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫിസർ എ.എസ്. ജോജി  ന്യൂസ് 18നോട് പറഞ്ഞു. പത്ത് യൂണിറ്റുകളും ഹൈ പ്രഷർ പമ്പുകളും ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

110 ഏക്കർ സ്ഥലത്ത് 25 ഏക്കർ പ്രദേശത്താണ് തീ പടർന്നത്. മണ്ണുമാന്തി ഉപയോഗിച്ച് തീ പിടിച്ച ഭാഗം വേർതിരിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കാറ്റ് ദിശ മാറി മാറി വീശുന്നത് തീ അണക്കാൻ പ്രയാസമാക്കുന്നുണ്ടെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. മാലിന്യത്തിൽ നിന്ന് പുറപ്പെടുന്ന ഈഥെയ്ൻ, മീഥെയ്ൻ പോലെയുള്ള വാതകങ്ങളും തീപിടുത്തത്തിന് ആക്കം കൂട്ടുന്നുണ്ട്.

2019 ൽ മാലിന്യക്കൂമ്പാരത്തിൽ ദിവസങ്ങൾ നീണ്ടുനിന്ന തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് ലക്ഷങ്ങൾ മുടക്കി പമ്പുസെറ്റുകളും ക്യാമറകളും ബ്രഹ്മപുരത്ത് സ്ഥാപിച്ചത്. എന്നാൽ മുൻവർഷങ്ങളിലേതുപോലെ 2020 ലും ഇത്തവണയും വേനലിന്റെ തുടക്കത്തിൽ തന്നെ ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യകൂമ്പാരത്തിൽ തീപടർന്നു.

പതിവു പോലെ തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. സുരക്ഷയുടെ ഭാഗമായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നുവെങ്കിലും അതിന്റെ പരിധിക്കപ്പുറത്ത് നിന്നാണ് തീ പടർന്നത്. തീ പിടുത്തത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് മേയർ എം. അനിൽകുമാർ ആവശ്യപ്പെട്ടു.

ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന്  ഉയർന്ന തീ കാറ്റ് ശക്തമായതിനാൽ നിമിഷക്കൾക്കകം ഏക്കറ് കണക്കിന് സ്ഥലത്തേക്ക് ആളിപടർന്നിരുന്നു. അഗ്നിശമന സേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലും തീ പൂർണ്ണമായി നിയന്ത്രണ വിധേയമായിട്ടില്ല. ബ്രഹ്മപുരത്തും പരിസര പ്രദേശത്തും അന്തരീക്ഷത്തിൽ പുക തങ്ങി നിൽക്കുന്നുണ്ട്.

പുകപടലങ്ങൾ ഏറ്റവുമധികം ദുരിതം വിതയ്ക്കുന്നത് തൃപ്പൂണിത്തുറ, ഇരുമ്പനം പ്രദേശങ്ങളിലാണ്. ദിവസങ്ങളോളം ഈ പുക തങ്ങിനിൽക്കും. രോഗികളായവർക്കും കുട്ടികൾക്കും വലിയ ആരോഗ്യ പ്രശ്നങ്ങളും പുക ഉണ്ടാക്കുന്നുണ്ട്. ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്തതാണ് എല്ലാ വർഷവും ഇവിടെ നിക്ഷേപിക്കുന്ന ചവറുകളിൽ തീപിടുത്തമുണ്ടാകാൻ കാരണം. 2019ലെ തീപിടുത്തത്തിന് കാരണമെന്ന  സംശയവും ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ലക്ഷങ്ങൾ മുടക്കി സിസി ടിവി സംവിധാനവും തീ അണയ്ക്കൽ സംവിധാനവും സ്ഥാപിച്ചത്.എന്നാൽ ഇത്തവണ അതൊന്നും വേണ്ടവിധത്തിൽ ഉപകാരപ്പെട്ടില്ല.

പുക രോഗകാരണമാകും

ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഒരു ഗുരുതര രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബസ്ട്രക്റ്റീവ് പൾമണറി ഡിസീസ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 65 ദശലക്ഷം ആളുകൾ സി.ഒ.പി.ഡി. രോഗബാധിതരാണ്. ലോകത്തും കേരളത്തിലും മരണ കാരണങ്ങളിൽ മൂന്നാം സ്ഥാനത്താണ് സി.ഒ.പി.ഡി.

കേരളത്തിൽ ഒരു വർഷം 25,000ലധികം പേർ ഈ രോഗം മൂലം മരണപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സി.ഒ.പി.ഡി. ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. പുകവലി, അന്തരീക്ഷ മലിനീകരണം, തൊഴിലിടങ്ങളിലും വീടുകളിലും നിന്നുമുള്ള പുക, വിഷവാതകങ്ങൾ, പൊടി പടലങ്ങൾ, രാസവസ്തുക്കൾ, കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകൾ, പാരമ്പര്യ ഘടകങ്ങൾ എന്നിവയൊക്കെയാണ് സി.ഒ.പി.ഡി. രോഗത്തിന് കാരണം.

Summary: About 25 acre space in the sprawling 110 acres of Brahmapuram garbage disposal plant catches fire
Published by:user_57
First published: