ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ ജനവാസമേഖലകളിൽ ഭീതി പരത്തിയ അരിക്കൊമ്പനെ നീണ്ട നേരത്തെ കഠിന പരിശ്രമത്തിനുള്ളില്‍ വനംവകുപ്പിന്റെ ലോറിയില്‍ കയറ്റി. 5 തവണ മയക്കുവെടിയേറ്റിട്ടും അവസാന നിമിഷം ചെറുത്തുനില്‍പ്പ് നടത്തിയാണ് കൊമ്പന് ചിന്നക്കനാലിനോട് വിടപറയുന്നത്. അവസാന നിമിഷം പെയ്ത മഴ ദൗത്യത്തിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കുംകിയാനകള്‍ അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. പിടിലായ ആനയെ എവിടേക്കാണ് മാറ്റുന്നതെന്ന് വ്യക്തമായിട്ടില്ല.
ആനയെ പിടികൂടാനുള്ള ശ്രമത്തിന്റെ രണ്ടാം ദിവസം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വനംകുപ്പിന്റെ ദൗത്യസംഘത്തിന് വെടിവയ്ക്കാനായത്. ഉച്ചയ്ക്ക് 11.55ന് ആദ്യ മയക്കുവെടി വച്ചു. തുടര്‍ന്നു ബൂസ്റ്റര്‍ ഡോസും നല്കിയ ശേഷമാണ് അരിക്കൊമ്പന് മയങ്ങിയത്. കുന്നിന് മുകളില്‍നിന്ന ആനസമതലപ്രദേശമായ സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തുന്നതുവരെ കാത്തുനിന്ന ശേഷമാണ് സംഘം വെടിവച്ചത്.
മയക്കുവെടിയുടെ ആലസ്യത്തില്‍ ആയ കൊമ്പന്റെ കാലുകളില്‍ വടം ബന്ധിച്ചു നിയന്ത്രിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം വിജയം കണ്ടിരുന്നു. എന്നാല്‍ കറുത്ത തുണികൊണ്ട് മുഖം മറയ്ക്കാനുള്ള ശ്രമം കൊമ്പന് വിഫലമാക്കി. തുടര്‍ന്ന് ഇരുവശങ്ങളില്‍ നിന്നും ആനയെ ലോറിയിലേക്ക് തള്ളിക്കയറ്റാനായി കുംകിയാനകള്‍ പലവട്ടം ശ്രമിച്ചിട്ടും അരിക്കൊമ്പന് വഴങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.