MSC Elsa 3 കപ്പൽ അപകടം; നാല് ജില്ലകളിലെ ബാധിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപയും 6 കിലോ അരിയും താത്കാലികാശ്വാസമായി നൽകും
- Published by:Nandu Krishnan
- news18-malayalam
Last Updated:
പാരിസ്ഥിതിക ഭീഷണികൾ കണക്കിലെടുത്ത് കപ്പൽ അപകടത്തെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്
എംഎസ്‌സി എൽസ 3 കപ്പൽ അപകടവുമായി ബന്ധപ്പെട്ട് നാല് ജില്ലകളിലെ പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളികൾക്ക് 1000 രൂപയും 6 കിലോ അരിയും താത്കാലികാശ്വാസമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികൾക്കാണ് താത്കാലികാശ്വാസമായി 1000 രൂപയും 6 കിലോ അരിയും വിതരണംചെയ്യുക.
മത്സ്യത്തൊഴിലാളികൾ 20 നോട്ടിക്കൽ മൈൽ ഒഴിവാക്കി മത്സ്യ ബന്ധനം നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. പാരിസ്ഥിതിക ഭീഷണികൾ കണക്കിലെടുത്ത് കപ്പൽ അപകടത്തെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങുമായി ചര്‍ച്ചചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
കപ്പലിൽ 643 കണ്ടെയ്‌നറുകളാണുണ്ടായിരുന്നത്. ഇതിൽ 73 എണ്ണം ശൂന്യമായ കണ്ടെയ്നറുകളായിരുന്നു.13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡാണുണ്ടായിരുന്നത്. ഹൈഡ്രാസിൻ എന്ന പ്ലാസ്റ്റിക് ഘടകങ്ങളാണ് 43 കണ്ടെയ്നറുകളിലുണ്ടായിരുന്നത്.തടി, പഴങ്ങള്‍, തുണി എന്നിവയും കണ്ടെയ്‌നറുകളിലുണ്ട്. നൂറോളം കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് അനുമാനം. 54 കണ്ടെയ്നർ തീരത്തടുത്തു.തിരുവനന്തപുരം തീരത്ത് ചെറിയ പ്ലാസ്റ്റിക് തരികൾ അടിഞ്ഞു കൂടിയിട്ടുണ്ട്. ഇത് മാറ്റാനുള്ള പ്രവർത്തനം ആരംഭിച്ചു. പരിസ്ഥിതി ആഘാതം ടൂറിസം നഷ്ടം എന്നിവയുടെ ചെലവ് കണക്കാക്കേണ്ടതുണ്ട്. 26-ന് അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ഉദ്യോഗസ്ഥര്‍ അന്നുതന്നെ അന്താരാഷ്ട്രവിദഗ്ധരുമായി ചര്‍ച്ചനടത്തിയെന്നു മുഖ്യമന്ത്രി പറഞ്ഞു.
advertisement
ശനിയാഴ്ചയാണ് വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറം കടലിൽ മുങ്ങിയത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് കപ്പലിൽ നിന്ന് വീണ് ഒഴുകിനീങ്ങിയ കണ്ടെയ്നവറുകൾ അടിഞ്ഞത്. മുങ്ങിത്താഴ്ന്ന കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ ബുധനാഴ്ച വൈകീട്ട് വരെ കരക്കടിഞ്ഞത് 54 എണ്ണമാണ്.ഇവ തിരിച്ചെടുത്തു. അവയിൽ അപകടകാരിയായ രാസവസ്തുക്കളില്ല.
കൊല്ലം ജില്ലയിലാണ് കൂടുതൽ കണ്ടെയ്നറുകൾ തീരത്തടിഞ്ഞത്.മിക്ക കണ്ടെയ്നറുകളും തകർന്ന നിലയിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 29, 2025 8:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
MSC Elsa 3 കപ്പൽ അപകടം; നാല് ജില്ലകളിലെ ബാധിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപയും 6 കിലോ അരിയും താത്കാലികാശ്വാസമായി നൽകും







