Koolimadu Bridge| കൂളിമാട് പാലം തകർന്ന സംഭവത്തിൽ യൂത്ത് ലീഗ് പ്രതിഷേധം; പ്രധാന പ്രതി മുഖ്യമന്ത്രിയെന്ന് എം കെ മുനീർ
- Published by:Rajesh V
- news18-malayalam
Last Updated:
പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ഇടത് സർക്കാർ സ്വീകരിച്ച നിലപാട് പിന്തുടരുകയാണെങ്കിൽ PWD മന്ത്രിക്കെതിരെ കേസെടുക്കേണ്ടതല്ലേ എന്നും എം കെ മുനീർ
കോഴിക്കോട്: മാവൂരിലെ കൂളിമാട് പാലം (Koolimadu Bridge) തകർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിന് മുന്നിൽ യൂത്ത് ലീഗിന്റെ (Muslim Youth League) ധർണ. പാലം തകർന്ന സംഭവത്തിൽ പ്രധാനപ്രതി മുഖ്യമന്ത്രിയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീർ (MK Muneer) ആരോപിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഇതിൽ പങ്കുണ്ട്. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ഇടത് സർക്കാർ സ്വീകരിച്ച നിലപാട് പിന്തുടരുകയാണെങ്കിൽ മന്ത്രിക്കെതിരെ കേസെടുക്കേണ്ടതല്ലേ എന്നും എം കെ മുനീർ ചോദിച്ചു.
ശ്രദ്ധാപൂർവം ചെയ്യേണ്ട പ്രവൃത്തി ആയിരുന്നു ബീം ഉറപ്പിക്കൽ. ഇത് ഒരു പരിചയവും ഇല്ലാത്ത തൊഴിലാളികളെ കൊണ്ട് ചെയ്യിച്ചതാണ് അപകടം ഉണ്ടാക്കിയത്. സംസ്ഥാനത്ത് പൊളിഞ്ഞുവീഴുന്ന പാലങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം വേണമെന്നും മുൻ മന്ത്രി ആവശ്യപ്പെട്ടു.
പാലാരിവട്ടം പാലം സുരക്ഷിതമായിരുന്നു എന്നുതന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്ന് എം കെ മുനീർ പറഞ്ഞു. പാലത്തിന്റെ കോൺക്രീറ്റ് മാത്രമാണ് അടർന്നത്. മുൻമന്ത്രിക്ക് എതിരായ രാഷ്ട്രീയ വിരോധമാണ് കേസുകൾക്ക് പിന്നിലെന്നും മുനീർ ആരോപിച്ചു. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ സ്വീകരിച്ച മാതൃക ഇവിടെയും സർക്കാർ കാണിക്കുമോ എന്നും എം കെ മുനീർ ചോദിച്ചു. പാലം തകർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകാനാണ് യൂത്ത് ലീഗിന്റെ നീക്കം.
advertisement
കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മാവൂർ കൂളിമാട് പാലത്തിന്റെ ബീമുകൾ ഇന്നലെ രാവിലെ 9 മണിയോടെയാണ് തകർന്നത്. ബീമിനെ താങ്ങി നിർത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാറാണ് അപകടമുണ്ടാക്കിയതെന്ന് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റി വിശദീകരിച്ചിരുന്നു. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. പി ഡബ്ല്യു ഡി വിജിലൻസ് വിഭാഗത്തോട് പരിശോധന നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. 25 കോടി ചെലവിട്ട് നിർമിക്കുന്ന പാലം, നിർമാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
advertisement
അതേസമയം പാലത്തിന്റെ തകർച്ച രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്. പാലാരിവട്ടം പാലം ഉന്നയിച്ച് തങ്ങളെ പ്രതിരോധത്തിലാക്കിയ ഇടതുപക്ഷത്തെ അതേ നാണയത്തിൽ നേരിടാൻ തന്നെയാണ് മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നീക്കം. കോൺഗ്രസ് സംഘടനകളും ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 17, 2022 1:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Koolimadu Bridge| കൂളിമാട് പാലം തകർന്ന സംഭവത്തിൽ യൂത്ത് ലീഗ് പ്രതിഷേധം; പ്രധാന പ്രതി മുഖ്യമന്ത്രിയെന്ന് എം കെ മുനീർ