ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് രണ്ടര വർഷം മുമ്പ് മരിച്ചയാളുടെ പേരിൽ എംവിഡി നോട്ടീസ്
- Published by:Anuraj GR
- news18-malayalam
Last Updated:
ആലപ്പുഴ തലവടി പഞ്ചായത്തിലെ നീരേറ്റുപുറം ചിറമേല്‍ സി വി കുര്യന്റെ പേരിലാണ് നോട്ടീസെത്തിയത്
കൊല്ലം: ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് രണ്ടര വർഷം മുമ്പ് മരിച്ചയാളുടെ പേരിൽ ഫൈൻ അടയ്ക്കാൻ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചു. ആലപ്പുഴ തലവടി പഞ്ചായത്തിലെ നീരേറ്റുപുറം ചിറമേല്‍ സി വി കുര്യന്റെ പേരിലാണ് നോട്ടീസെത്തിയത്. 3,500 രൂപ പെറ്റിയടക്കാനാണ് നോട്ടീസിൽ പറയുന്നത്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍വച്ച് ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്‌തെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ എന്തെങ്കിലും വിശദീകരണം നല്‍കാനുണ്ടെങ്കില്‍ പതിനഞ്ച് ദിവസത്തിനകം കൊല്ലം മിനി സിവില്‍ സ്റ്റേഷനിലുള്ള എം വി ഡി ഓഫീസില്‍ എത്തണമെന്നാണ് നോട്ടീസിൽ പറയുന്നത്.
ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തിരുന്ന കുര്യന് മുമ്പ് ഇരുചക്ര വാഹനമുണ്ടായിരുന്നു. വണ്ടി ഓടിക്കാൻ സാധിക്കാതെ വന്നതോടെ പതിനഞ്ച് വർഷം മുമ്പ് ഇത് ആർക്കോ കൈമാറിയെന്നാണ് വീട്ടുകാർ പറയുന്നത്.
അടുത്തിടെ പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന് മലപ്പുറത്ത് ഹെൽമെറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് പിഴ വന്നത് വാർത്തയായിരുന്നു. പതിനഞ്ച് വർഷം പിന്നിട്ട മോപ്പഡ് രജിസ്ട്രേഷൻ പുതുക്കാനായി ആർടിഒ ഓഫീസിൽ ബന്ധപ്പെട്ടപ്പോഴാണ് ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് പിഴയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇതോടെ മോപ്പഡിന്‍റെ ഉടമയായ പുതുശ്ശേരി കല്ലിങ്കൽ വീട്ടിൽ കെ പ്രേമകുമാറിനെയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടിയിൽ വെട്ടിലാകുകയായിരുന്നു. പാലക്കാട് നഗരത്തിന് അപ്പുറത്തേക്ക് ഇതുവരെ ഈ വാഹനം ഓടിച്ച് പോയിട്ടില്ലെന്നാണ് 65കാരനായ പ്രേമകുമാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
February 05, 2024 8:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് രണ്ടര വർഷം മുമ്പ് മരിച്ചയാളുടെ പേരിൽ എംവിഡി നോട്ടീസ്