• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാപ്പൻ കടുപ്പിച്ചതിന്‍റെ കാരണവും ലക്ഷ്യവും

കാപ്പൻ കടുപ്പിച്ചതിന്‍റെ കാരണവും ലക്ഷ്യവും

മാണി.സി.കാപ്പന്റെ പരസ്യ പ്രസ്താവനയ്ക്ക് പിന്നിലെ ലക്ഷ്യമെന്ത് ?

mani c kappan

mani c kappan

  • Share this:
    എൻസിപി എന്ന ചെറുപാർട്ടി സിപിഎമ്മിനെതിരെ ഇത്ര പരസ്യമായി രംഗത്ത് വന്നത് പെട്ടെന്ന് അമ്പരപ്പുണ്ടാക്കി എന്നതിൽ തർക്കമില്ല. ജോസ്.കെ.മാണിയെ മുന്നണിയിൽ എടുക്കുമ്പോൾ ഇല്ലാതിരുന്ന വീറും വാശിയും ശബ്ദം കടുപ്പിക്കലും എന്തുകൊണ്ട് ഇപ്പോഴുണ്ടായി. അതിന് കാരണം തദ്ദേശതിരഞ്ഞെടുപ്പ് വാർഡുകൾ മാത്രമല്ലെന്ന് പകൽ പോലെ വ്യക്തമാണ്. രണ്ട് വാർഡുകൾ മാത്രമാണ് എൻസിപിക്ക് മത്സരിക്കാൻ സിപിഎം നൽകിയത്. പാല മുൻസിപ്പാലിറ്റിയിൽ പുത്തൻപള്ളികുന്ന് 26ാം വാർഡും രാമപുരത്ത് കുറിഞ്ഞി വാർഡും.

    ജോസ്.കെ.മാണിയെ മുന്നണിയിൽ എടുക്കുമ്പോൾ തന്നെ ചില നീക്കുപോക്കുകൾ പാലയിൽ ചെയ്യേണ്ടി വരുമെന്ന് എൻസിപി നേതൃത്വത്തിന് ഉറപ്പായിരുന്നു. അത് അവർ അംഗീകരിച്ചതുമാണ്. മാത്രവുമല്ല മത്സരിക്കാൻ ലഭിച്ച സീറ്റ് ഏറ്റുവാങ്ങിയപ്പോഴോ മത്സരം നടന്നപ്പോഴോ ഇല്ലാതിരുന്ന തിരിച്ചറിവ് ഇപ്പോൾ എങ്ങനെയുണ്ടായി എന്നതാണ് ഉയരുന്ന ചോദ്യം. അതാണ് മാണി.സി.കാപ്പന്റെ ഇപ്പോഴത്തെ പരസ്യ പ്രസ്താവനയ്ക്ക് പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടോയെന്ന ചോദ്യം പ്രസക്തമാക്കുന്നത്.

    Also Read സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ LDF നീ​തി പു​ല​ര്‍​ത്തി​യി​ല്ലെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍; യുഡിഎഫിലേക്ക് ക്ഷണിച്ച്‌ എം.എം ഹസന്‍

    ലക്ഷ്യം മുന്നണി മാറ്റമോ?

    മാണി.സി.കാപ്പൻ സിപിഎമ്മിനെതിരെ തിരിഞ്ഞതിന് പിന്നാലെ തന്നെ ഉയർന്ന ചോദ്യമാണിത്. അതാണ് ലക്ഷ്യമെങ്കിൽ നേരത്തെ ആകാമായിരുന്നില്ലെ? ജോസ്.കെ.മാണിയെ ഇടത് മുന്നണിയിൽ എടുത്തപ്പോഴായിരുന്നില്ലെ അതിന് പറ്റിയ രാഷ്ട്രീയ സമയം. യുഡിഎഫ് തയ്യാറുമായിരുന്നു. ഇപ്പോൾ അപമാനിച്ച് ഇറക്കി വിടുന്നതിന് തുല്യമായി നിൽക്കുന്ന സമയത്ത് അത്തരമൊരു ചാട്ടത്തിന് എന്ത് രാഷ്ട്രീയ പ്രസക്തി. ഇനി യുഡിഎഫിൽ എത്തിയാലും എന്ത് വിലപേശൽ നടത്താനാകും. ഇതിനൊക്കെ എൻസിപി സംസ്ഥാന നേതൃത്വത്തിന് മറുപടിയുണ്ട്. ജോസ്.കെ.മാണി എൽഡിഎഫിൽ എത്തുമ്പോൾ എൻസിപിക്ക് ചില ഉറപ്പുകൾ ലഭിച്ചിരുന്നു. ഒപ്പം നിന്നവരെ അങ്ങനെയങ്ങ് തള്ളികളയില്ല. പാല സീറ്റിന്റെ കാര്യത്തിൽ ഇപ്പോൾ ഒരു ചർച്ചയുമില്ല. അത് നിയമസഭ തിര‍ഞ്ഞെടുപ്പ് സമയത്ത് തീരുമാനിക്കാം. ഈ ഉറപ്പ് കണ്ണുമടച്ച് വിശ്വസിച്ചാണ് എൻസിപി സംസ്ഥാനഘടകം ഇടത് മുന്നണിയിൽ തുടരുന്നതെന്ന് നേതൃത്വം അവകാശപ്പെടുന്നു.

    വിശ്വസിക്കാൻ പ്രയാസമുണ്ട്. ജോസ്.കെ.മാണി എൽഡിഎഫില് എത്തിയപ്പോൾ യുഡിഎഫിലേക്ക് ചേക്കേറാൻ എൻസിപിക്ക് സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നു. കോൺഗ്രസ് അടക്കം യുഡിഎഫിലെ പ്രധാന ഘടകകക്ഷികൾക്കെല്ലാം താൽപര്യം. ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ അനുമതി. ശരത് പവാറിനൊപ്പം പോയി തിരികെ കോൺഗ്രസിലെത്തിയ താരീഖ് അന്‍വറാണ് ഇപ്പോൾ കേരളത്തിന്റെ ചുമതലയുള്ള ജനറൽസെക്രട്ടറി. തദ്ദേശ തിരഞ്ഞെടുപ്പിൽ മാനം കാക്കാൻ കഴിയുന്നത്ര സീറ്റും ലഭിക്കുമായിരുന്നു. പിന്നെ എന്തുകൊണ്ട് അന്ന് വേണ്ടെന്ന് വച്ചുു

    ഉൾപാർട്ടി പ്രതിസന്ധിയും വാഗ്ദാനങ്ങളും

    പാർട്ടിയിലെ രണ്ട് എംഎൽഎമാർ രണ്ടു തട്ടിലായിരുന്നു അന്ന്. മാണി.സി.കാപ്പന് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം സ്വീകാര്യമായിരുന്നു. എന്നാൽ എ.കെ.ശശീന്ദ്രന് അങ്ങനെയായിരുന്നില്ല. പിളർന്ന് രണ്ടാകുന്നതിനെക്കാൾ നല്ലത് ഒന്നിച്ച് നിൽക്കുന്നതാണെന്ന് മാണി.സി.കാപ്പൻ കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തി. പ്രധാനമായും അങ്ങനെയാണ് അന്ന് ആ നീക്കം നടക്കാതെ പോയത്. പക്ഷെ തദ്ദേശ തിരഞ്ഞെടുപ്പ് വന്നപ്പോൾ മുമ്പ് നൽകിയ ഉറപ്പുകൾ സിപിഎം സൗകര്യപൂർവ്വം മറന്നു. അപ്പോഴും കിട്ടിയത് ലാഭമെന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു മാണി.സി.കാപ്പനും, എ.കെ.ശശീന്ദ്രനും, ടി.പി.പീതാംബരൻ മാസ്റ്ററുമുൾപ്പെടുന്ന എൻസിപി നേതൃത്വം സിപിഎമ്മിനോട് ചോദിക്കാൻ ചോദ്യങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും ചോദിച്ചില്ല.

    ഉപതിരഞ്ഞെടുപ്പിൽ പാല പിടിച്ചു. അത് മാത്രമല്ല ഒൻപത് പഞ്ചായത്തും പാല നഗരസഭയും പിടിച്ചാണ് അന്ന് വിജയിച്ചത്. എന്നിട്ടും തദ്ദേശതിരഞ്ഞെടുപ്പിൽ ലഭിച്ചത് രണ്ട് വാർഡുകൾ. ഇതേ മുന്നണിയുടെ ഭാഗമായി കഴിഞ്ഞ തവണ മത്സരിച്ചത് പതിനഞ്ചിടത്ത്. ആറിടത്ത് വിജയിച്ചു. എന്നിട്ടും ഒപ്പം നിന്നു. എൽഡിഎഫിൽ നിന്ന് യുഡിഎഫിലേക്ക് ചേക്കേറുന്നകാര്യത്തിൽ രണ്ടു തട്ടിലായിരുന്നു എംഎൽഎമാർ. ഇപ്പോഴും അതേ തട്ടുകളിൽ തന്നെയാണ്. പാർട്ടി പിളർന്നാലും വേണ്ടില്ല കാര്യങ്ങൾ തുറന്ന് പറയാൻ ഇപ്പോൾ ധൈര്യം കാണിച്ചത് എന്തുകൊണ്ടാണ്.

    കേന്ദ്ര നേതൃത്വവും കേരള തീരുമാനവും

    കേന്ദ്ര നേതൃത്വം നിലപാട് കടുപ്പിച്ചതാണ് അവർക്കൊപ്പം നിൽക്കുന്ന മാണി.സി.കാപ്പന്റെ ശബ്ദത്തിനും കടുപ്പം കൂടാൻ കാരണം. ശരത് പവാറി ൻ്റെ എൺപതാം പിറന്നാൾ ഒത്തുകൂടലിന്റെ ബാക്കിയാണ് സംസ്ഥാനത്തെ എൻസിപി പ്രതിസന്ധി. പ്രതിസന്ധിയായി വളർന്നിട്ടില്ലെങ്കിലും ദിവസങ്ങൾക്കുള്ളിൽ അത് അങ്ങനെയാകും. പുതുവർഷത്തിൽ ആദ്യ ആഴ്ചകളിൽ തന്നെ എൻസിപിയുടെ പുതിയ തീരുമാനമുണ്ടാകും. എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറും. അതിനുള്ള ദിവസം കുറിപ്പിച്ചത് ശരത് പവാർ നേരിട്ട് തന്നെയാണ്. അതിന് കാരണവുമുണ്ട്. ശരത് പവാർ യുപിഎ ചെയർമാൻ പദവി ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

    ചില കോൺഗ്രസ് നേതാക്കൾ ഈ നീക്കത്തെ ഇപ്പോൾ എതിർക്കുന്നുണ്ടെങ്കിലും ജനുവരിയിൽ സോണിയഗാന്ധി സജീവരാഷ്ട്രീയത്തിൽ നിന്ന് പിൻമാറും. കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനം കൈമാറും. അത് ആർക്കെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെങ്കിലും സോണിയ വഹിക്കുന്ന യുപിഎ ചെയർപേഴ്സൺ സ്ഥാനം കൈമാറുന്നത് ശരത് പവാറിന് തന്നെയാകും. രാഹുൽ ഗാന്ധിയെന്നല്ല കോൺഗ്രസിൽ നിന്ന് ആരുടെ പേര് നിർദ്ദേശിച്ചാലും ഘടകകക്ഷികൾ അംഗീകരിക്കില്ല. ഇതിന് തടയിടാനുള്ള അവസാന ശ്രമമെന്ന നിലയ്ക്കാണ് ചില കോൺഗ്രസ് നേതാക്കൾ തന്നെ ശരത് പവാർ യുപിഎ ചെയർമാനാകുമെന്ന വാർത്ത പ്രചരിപ്പിക്കുന്നതും. ശരത് പവാർ യുപിഎയുടെ കടിഞ്ഞാൺ ഏറ്റെടുത്ത് കഴിഞ്ഞാൽ പിന്നെ അദ്ദേഹത്തിന്റെ സംസ്ഥാനഘടകത്തിന് കേരളത്തിൽ എൽഡിഎഫിന്റെ ഭാഗമായി നിന്ന് യുഡിഎഫിനെതിരെ പോരാടാൻ സാധിക്കില്ല. അതുകൊണ്ടാണ് ശരത് പവാർ തന്നെ മുന്നണി മാറ്റത്തിനുള്ള സമയം കുറിച്ചത്. ആ നടപടി ജനുവരിക്കപ്പുറം പോകില്ല. ശരത് പവാറിന്റെ പുതിയ സ്ഥാനാരോഹണവും.
    Published by:user_49
    First published: