Exclusive: 'എതിരെ പ്രവർത്തിക്കുന്നത് ഐഎഎസ്-ഐപിഎസ് അഴിമതി ശൃംഖല'; പദവി കിട്ടാത്തതില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കില്ലെന്ന് ജേക്കബ് തോമസ്

Last Updated:

ചുമതലയേറ്റ് ഒരാഴ്ച കഴിഞ്ഞിട്ടും ഔദ്യോഗിക സംവിധാനങ്ങള്‍ ഒന്നും ലഭ്യമാക്കിയിട്ടില്ല. വാഹനമോ, താമസ സൗകര്യമോ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിന്റെ കാരണങ്ങളെക്കുറിച്ച് ന്യൂസ് 18നോട് തുറന്ന് പറയുകയാണ് ജേക്കബ് തോമസ്...

പാലക്കാട്: ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി നിയമിതനായ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് കടുത്ത അവഗണനയാണ് നേരിടേണ്ടി വരുന്നത്. ചുമതലയേറ്റ് ഒരാഴ്ച കഴിഞ്ഞിട്ടും ഔദ്യോഗിക സംവിധാനങ്ങള്‍ ഒന്നും ലഭ്യമാക്കിയിട്ടില്ല. വാഹനമോ, താമസ സൗകര്യമോ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിന്റെ കാരണങ്ങളെക്കുറിച്ച് ന്യൂസ് 18നോട് തുറന്ന് പറയുകയാണ് ജേക്കബ് തോമസ്...
ഈ സര്‍ക്കാര്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് താങ്കള്‍. പിന്നീട് മുഖ്യമന്ത്രിയുമായി വഴിപിരിഞ്ഞു പോവാന്‍ എന്താണ് സംഭവിച്ചത്?
ഈ സര്‍ക്കാര്‍ വന്നപ്പോള്‍, കേരളം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച സര്‍ക്കാര്‍ ആയിരിയ്ക്കണം എന്ന് ആഗ്രഹിച്ച് അതിന് വേണ്ടി മുഖ്യമന്ത്രിയോടൊപ്പം പണിയെടുത്ത ആളാണ് ഞാന്‍. അത് ഇന്നും ചെയ്യാനുള്ള മനഃസ്ഥിതിയില്‍, ഈ മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ വന്നിട്ടും കേരളത്തിലെ ഏറ്റവും നല്ല സര്‍ക്കാര്‍ ഇതായിരിയ്ക്കണം എന്ന ആഗ്രഹത്തോടെ ഇന്നും ജോലി ചെയ്യുന്നു. മുഖ്യമന്ത്രിയുമായിട്ട് ഇതുവരെ പ്രശ്‌നം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്നെ ചിലർ ബെഞ്ച് ഫുള്ളായിട്ട് അല്ലെങ്കില്‍ വൈരാഗ്യ നിയമനം എന്നൊക്കെ ചിലര് പറയുന്നുണ്ട്. ബന്ധു നിയമനം പോലെ തന്നെ വൈരാഗ്യനിയമനം എന്നു പറയുന്നു. ഇതിന്റെയൊക്കെ പിന്നില്‍ IASലും IPSലുമുള്ള ചിലരാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം അവരുടെ അഴിമതി, അവരുടെ ചില കേസേരകള്‍ എന്നുള്ളതൊക്കെ ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ പുറത്ത് നില്‌ക്കേണ്ടത് പലരുടെയും ആവശ്യമാണ്. അല്ലാതെ അതില്‍ പൊളിറ്റിക്കല്‍ ലെവലില്‍ ഉള്ള ഒരു കാര്യമല്ല.
advertisement
പൊളിറ്റിക്കല്‍ ലെവലില്‍ ഒരു ഫയല്‍ വരുമ്പോള്‍ ഇങ്ങനെ കടുംകെട്ട് ഇട്ട് ഒരു ഫയല്‍ കൊണ്ടു കൊടുത്തു കഴിഞ്ഞാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. കടുംകെട്ട് ഇടാനറിയാവുന്ന ആള്‍ക്കാര്‍ ഉണ്ട്. ഞാന്‍ പൊലീസിലായത് കൊണ്ട് എന്നെ കുറിച്ച് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് റിമാര്‍ക്‌സ് ചോദിച്ചാല്‍ അവിടുന്ന് കുരുക്കിട്ട് അങ്ങ് കൊടുത്ത് കഴിഞ്ഞാല്‍ അതിനപ്പുറത്തേയ്ക്കുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ട്.
ഇത് IASലും IPSലുമുള്ള ചിലരാണ് എന്നെ ഇങ്ങനെ ഒരു വൈരാഗ്യമനോഭാവത്തോടു കൂടി എനിയ്‌ക്കെതിരെ നീങ്ങിക്കൊണ്ടിരിയ്ക്കുന്നത്.
അതായത് രാഷ്ട്രീയ പകപോക്കലല്ല, lAS - IPS സംഘത്തിന്റെ ഇരയാണ് താങ്കള്‍ എന്നാണോ പറയുന്നത്?
തീര്‍ച്ചയായും. രാഷ്ട്രീയ നേതൃത്വം പലപ്പോഴും പറയാറുണ്ടല്ലോ. അവര്‍ക്ക് സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന്. ഞാനത് ഉള്‍ക്കൊള്ളുന്നു. അവര്‍ അങ്ങനെ തന്നെയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവര്‍ ഏതെങ്കിലും ഒരു സാഹചര്യത്തില്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടാവാം. പറഞ്ഞിട്ടുണ്ടാവാം. അത് കഴിയുമ്പോള്‍ അടുത്തതിലേയ്ക്ക് അവര്‍ പോവും. പക്ഷേ ഉദ്യോഗസ്ഥര്‍ അങ്ങനെയല്ല. അവരിങ്ങനെ വളരെ താഴ്ന്ന ലെവലില്‍ ചിന്തിച്ച് അങ്ങനെ പെരുമാറുന്ന ഒരു കാറ്റഗറിയായിട്ടാണ് എനിയ്ക്ക് തോന്നുന്നത്. കഴിഞ്ഞ ദിവസം ഇ ശ്രീധരന്‍ പറഞ്ഞില്ലേ, ഇന്ത്യ വികസിക്കാത്തതിന്റെ പ്രധാന കാരണം ഇവിടുത്തെ ഉദ്യോഗസ്ഥരാണ്, അവരുടെ മനോഭാവം മാറാത്തത് കൊണ്ടാണെന്ന്. വളരെ കറക്ടാണത്. അല്ലാതെ രാഷ്ട്രീയക്കാരുടെ കുഴപ്പമല്ല.
advertisement
താങ്കള്‍ക്കെതിരെ IAS - IPS ലോബിയുണ്ടെന്ന് പറയുന്നു. എന്നാല്‍ മറികടക്കാന്‍ മന്ത്രിസഭയ്ക്ക് കഴിയേണ്ടതല്ലേ. എന്തുകൊണ്ടാണ് അതിനെ തരണം ചെയ്യാന്‍ കഴിയാത്തത്?
ഒരു ഉദാഹരണം പറയാം. ഞാന്‍ വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ പാഴായി പോയ കോടികള്‍ എന്ന ഒരു scheme നടപ്പിലാക്കാന്‍ വേണ്ടി എല്ലാ ജില്ലകളിലും ഒരു പഠനം നടത്തി. പാലാരിവട്ടം പാലം അതില്‍ ഒരുദാഹരണമാണ്. അതുപോലെ പല പദ്ധതികളും കേരളത്തില്‍ അങ്ങോളമിങ്ങോളം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുണ്ട്. അപ്പോള്‍ ഈ പാഴായി പോയ കോടികളുടെ തുടക്കം ഒന്നുകില്‍ ഒരുദ്യോഗസ്ഥനോ, അല്ലെങ്കില്‍ രാഷ്ട്രീയ നേതാവോ ആണ്. അവരാണ് പദ്ധതി തുടങ്ങുന്നത്. പക്ഷേ തുടങ്ങി കഴിഞ്ഞാല്‍ അതില്‍ ഭാഗഭാക്കാവുന്നത് തുടങ്ങിയവര്‍ മാത്രമല്ല. കുറേയധികം ആളുകളുണ്ടാവും. ഞാനതിനെ അഴിമതി ശൃംഖലയെന്ന് പറയും. ഈ അഴിമതി ശൃംഖല വളരെ ശക്തമാണ്. അതിനകത്ത് പൊളിറ്റിക്കല്‍ ലെവലില്‍ ഉള്ള ആളുകളുണ്ടാവും, ഉദ്യോഗസ്ഥതലത്തിലുള്ളവരാണ് വളരെയധികം. പിന്നെ ബിസിനസ് കോണ്‍ട്രാക്ടേഴ്‌സ് അങ്ങനെ പല ആളുകളുണ്ട്. ഈ അഴിമതി ശൃംഖലയാണ് കേരളത്തിലെ ശക്തമായ ഒരു പവര്‍ സെന്റര്‍.
advertisement
അതിനെ മറികടക്കാനുള്ള കരുത്ത് ഈ സര്‍ക്കാരിനുണ്ടായപ്പോള്‍, ഇപ്പോഴത്തെ മുഖ്യമന്ത്രിയും ഞാന്‍ വിജിലന്‍സിലും കൂടി വന്നപ്പോഴേയ്ക്ക് ഞങ്ങള് ശ്രമിച്ചു. പത്തു മാസം നന്നായി ശ്രമിച്ചു. പക്ഷേ ഈ അഴിമതി ശൃംഖല എന്നു പറയുന്ന ഈ ഐഎഎസുകാര് ഞങ്ങള് സമരം ചെയ്യും എന്ന് പറഞ്ഞ് നിസഹകരണം എന്നു പറയുന്ന ലെവല് വരെയെത്തി. എനിയ്‌ക്കെതിരെ IAS അസോസിയേഷന്‍ സമരം നടത്തി. അന്നത്തെ IAS അസോസിയേഷന്‍ പ്രസിഡണ്ടായ ഇന്നത്തെ ചീഫ് സെക്രട്ടറിയക്കെതിരെ രണ്ടു അഴിമതി കേസെടുത്തതിനാണ്. അതുപോലെ കിഫ് ബിയിലിരിയ്ക്കുന്ന ഇന്നത്തെ ആളുടെ വീട്ടില്‍ പോയി അന്വേഷണം നടത്തി. ഇതൊക്കെ വിജിലന്‍സിന്റെ കോടതിയില്‍ നിന്നും വന്നതാണ്. അപ്പോള്‍ നിസഹകരണം എന്നു പറഞ്ഞ് വരുമ്പോള്‍ വീണ്ടും പ്രശ്‌നമാണ്. അതിനെ മറികടക്കുക എന്ന് പറഞ്ഞാല്‍... ഇപ്പോള്‍ തന്നെ കണ്ടില്ലേ സെക്രട്ടറിയേറ്റില്‍ പഞ്ചിംഗ് മെഷീന്‍ കൊണ്ടു വെക്കാന്‍ നോക്കിയപ്പോള്‍ എതിര്‍പ്പുകളുണ്ടായി.
advertisement
അപ്പോള്‍ ഈ അഴിമതി ശൃംഖല വളരെ വളരെ ശക്തമാണ്. അതിനെ പൊട്ടിച്ചെറിയണമെങ്കില്‍ ജനങ്ങളും ഒരുമിച്ച് നില്‍ക്കണം. അതിന് സാംസ്‌ക്കാരിക വിപ്ലവം എന്നൊക്കെ പറയില്ലേ അതുപോലെ ഒരു വിപ്ലവം ഉണ്ടായാലേ പറ്റൂ. അല്ലാതെ ഒരു മുഖ്യമന്ത്രിയോ, ഒരുദ്യോഗസ്ഥനോ അല്ലെങ്കില്‍ നാല് മന്ത്രിമാരും നാലുദ്യോഗസ്ഥരും കൂടി വിചാരിച്ചാല്‍ സാധിയ്ക്കുന്നതല്ല. ഒരു സാംസ്‌ക്കാരിക വിപ്ലവം എന്ന രീതിയില്‍ പോയാലേ അഴിമതിമുക്ത കേരളം ഉണ്ടാവൂ.
താങ്കള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നത് ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയാണോ?
ചീഫ് സെക്രട്ടറി മാത്രമല്ല, ഞാന്‍ പറഞ്ഞില്ലേ ഒരു അഴിമതി ശൃംഖലയുണ്ട്. അതില്‍ ഒരാള് മാത്രമല്ല. IASലും IPSലുമുള്ള ആളുകളുണ്ട്.
advertisement
അപ്പോള്‍ പിണറായി വിജയന് ഇതിലൊന്നും ഒരു പങ്കുമില്ലെന്നാണോ താങ്കള്‍ പറയുന്നത്?
അതെ. അങ്ങനെ തന്നെയാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്. മുഖ്യമന്ത്രിയാവുമ്പോള്‍ നല്ല ഭരണം ഉണ്ടാവണം എന്നല്ലേ അദ്ദേഹം ആഗ്രഹിയ്ക്കുക. അതിന് വേണ്ടി അദ്ദേഹം ഉത്സാഹിയ്ക്കും. പക്ഷേ ഈ ഉദ്യോഗസ്ഥ തലത്തില്‍ ഉള്ളവര്‍ അവരുടെ ഈ താല്പര്യങ്ങളുമൊക്കെ വെച്ചിട്ട് പല കാര്യങ്ങളും ചെയ്ത് കഴിയുമ്പോള്‍ പിന്നെ മുഖ്യമന്ത്രിയ്ക്ക് ബുദ്ധിമുട്ട് വരും. അപ്പോള്‍ ഈ അഴിമതി ശൃംഖലയെ പൊട്ടിച്ചെറിയണം.
ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയും ഞാന്‍ വിജിലന്‍സില്‍ നിന്നും അതിന് ശ്രമിച്ചു. അത് കൊണ്ടാണ് നല്ല ഭരണം ആ സമയത്ത് ഉണ്ട് എന്ന് പറയുന്നത്. അതിനെ വിജിലന്‍സ് രാജ് എന്ന് വരെ പേരിട്ട് പൊട്ടിയ്ക്കാന്‍ ഇവിടുള്ളവര്‍ ശ്രമിച്ചു. വിജിലന്‍സ് രാജ് എന്ന് പറഞ്ഞ് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ വഷളാക്കാന്‍ നോക്കി. അതിന് പിറകില്‍ പുറത്തുള്ള അഴിമതി ശൃംഖലയാണ്.
advertisement
അത് ആരൊക്കെയാണ്?
അതില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല, എല്ലാവരുമുണ്ട്. അതിപ്പോള്‍ പറഞ്ഞാല്‍ കോടതി അലക്ഷ്യമാവും.
പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന് കരുതുന്നുണ്ടോ?
അഴിമതി അന്വേഷണങ്ങളുടെ ഒരു പ്രത്യേകത അതില്‍ ചെറിയ മീനുകളാണ് എങ്കില്‍ അന്വേഷണം കാര്യക്ഷമമായി പോവും. മീനുകളുടെ വലിപ്പം കൂടുന്നതനുസരിച്ച് വല പൊട്ടിച്ചു പോവാനുള്ള കരുത്ത് ആ മീനിന് ഉണ്ടാവാം. അപ്പോള്‍ രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഏത് അഴിമതിയും എത്തുമ്പോള്‍, രാഷ്ട്രീയ നേതൃത്വത്തില്‍ അഴിമതി ഇല്ലായെന്നല്ല. അവര്‍ വരുന്തോറും വല പൊട്ടി പോവാനുള്ള സാധ്യത കൂടും. അത് സാമാന്യമായിട്ട് നടക്കുന്ന കാര്യമാണ്. പാലാരിവട്ടം അഴിമതിയിലും അഴിമതി അന്വേഷണത്തിലും അത് തന്നെ നടക്കാനുള്ള സാധ്യതയുണ്ട്.
ഒരു ബന്ധു നിയമനമാണെങ്കില്‍, അതില്‍ താഴത്തേ ആളാണെങ്കില്‍ ചാര്‍ജ് ഷീറ്റൊക്കെ കൊടുത്ത് ട്രയല്‍ നടക്കും. അതേസമയം മുകളിലുള്ള ഒരാള്‍ അതിലേയ്ക്ക് വന്ന് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ആ കേസന്വേഷണം മരവിപ്പിയ്ക്കുകയോ വൈറ്റ് വാഷ് ചെയ്യുന്ന ശ്രമങ്ങള്‍ വരികയും അതില്ലാതായി പോവുകയും ചെയ്യും.
പക്ഷേ ടി. ഒ സൂരജ്, അത്ര ചെറിയ മീനല്ലല്ലോ?
സൂരജ് ഇപ്പോള്‍ റിട്ടയേര്‍ഡ് ചെയ്ത ഒരുദ്യോഗസ്ഥനാണ്. ഞാന്‍ വിജിലന്‍സില്‍ ADGPയായിരുന്ന 2014ലാണ്, അന്ന് PWD സെക്രട്ടറിയായിരുന്നു സൂരജ്. അദ്ദേഹത്തിന്റെ ഓഫീസ് റെയ്ഡ് നടത്തുകയും ആദ്യമായി കേസെടുക്കുകയും ചെയ്തത്. അന്ന് കേസെടുക്കുന്നതിന് എത്രയോ പ്രതിബന്ധങ്ങളുണ്ടായി. പല പല വിധത്തില്‍ അന്നുമെന്നെ ഉപദ്രവിക്കാന്‍ വേണ്ടി ഒരു രാഷ്ട്രീയ നേതൃത്വം വരെ എനിയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. അപ്പോള്‍ അത്രമേല്‍ ബുദ്ധിമുട്ടാണ് അദ്ദേഹം IASല്‍ ഇരുന്നപ്പോള്‍ ഒരു കേസന്വേഷിക്കാന്‍. പക്ഷേ ഇന്നദ്ദേഹം IAS ല്‍ നിന്നും റിട്ടയേര്‍ഡ് ചെയ്ത് പുറത്ത് നില്‍ക്കുന്ന ആളാണ്. പിന്നെ ആദ്യമെടുത്ത കേസ് ഉള്ളത് കൊണ്ട് ഇദ്ദേഹത്തിന് ഒരു ഇമേജ് ഇഷ്യു ഉണ്ട്. അപ്പോള്‍ വീണ്ടും അടുത്ത കേസ് അന്വേഷിയ്ക്കാന്‍ അത്ര ബുദ്ധിമുട്ടില്ല. അതേസമയം IASന്റെ ഉള്ളില്‍ ആയിരുന്നുവെങ്കില്‍ ഇങ്ങനല്ല, തടസ്സങ്ങള്‍ കൂടുതല്‍ വന്നേനെ.
അപ്പോള്‍ പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിലേക്ക് പോവുമോ?
അന്വേഷണം ഇതിന്റെ മുകളിലേയ്ക്ക് പോവാനുള്ള സാധ്യത കുറവാണ് എന്നാണ് എന്റെ വിലയിരുത്തല്‍. അന്വേഷണങ്ങള്‍ മുകളിലേക്ക് പോവുന്തോറും തടസ്സങ്ങള്‍ കൂടി വരും. കേരളത്തിന്റെ അനുഭവം അങ്ങനെയാണ്. ഞാന്‍ വിജിലന്‍സില്‍ ADGPയായും ഡയറക്ടറായും ജോലി ചെയ്തു. നിരവധി അന്വേഷണങ്ങള്‍ നടത്തിയതാണ്. സിവില്‍ സപ്ലൈസില്‍ ഇരുന്നപ്പോള്‍ ഒരന്വേഷണം നടത്തിയപ്പോള്‍ ഒരു വലിയ രാഷ്ട്രീയ നേതാവായിരുന്നു അന്നത്തെ King pin. അദ്ദേഹത്തിലേക്ക് അന്വേഷണം വന്നപ്പോഴേയ്ക്കും എല്ലാ രാഷ്ട്രീയ പാര്‍ടികളും ഉദ്യോഗസ്ഥരുമെല്ലാം തടസ്സങ്ങള്‍ സൃഷ്ടിയ്ക്കുകയാണ്. ഒരു കേസെടുക്കാന്‍ പോലും പറ്റാത്ത അവസ്ഥ. അപ്പോള്‍ സ്രാവ് വലുതാവുന്തോറും തടസ്സം അല്ലെങ്കില്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വിഴുങ്ങുക, അയാളെ സ്ഥലം മാറ്റുക എന്നിവയാണ് കേരളത്തില്‍ കണ്ടുവരുന്ന രീതി. കേരളത്തില്‍ മാത്രമല്ല മറ്റിടങ്ങളിലും ഇതാണ് സംഭവിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Exclusive: 'എതിരെ പ്രവർത്തിക്കുന്നത് ഐഎഎസ്-ഐപിഎസ് അഴിമതി ശൃംഖല'; പദവി കിട്ടാത്തതില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കില്ലെന്ന് ജേക്കബ് തോമസ്
Next Article
advertisement
ശബരിമല സ്വർണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദേവസ്വം ബോർഡിന് ബന്ധമില്ലെന്ന് പി എസ് പ്രശാന്ത്
ശബരിമല സ്വർണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദേവസ്വം ബോർഡിന് ബന്ധമില്ലെന്ന് പി എസ് പ്രശാന്ത്
  • ശബരിമല സ്വർണമോഷണത്തിൽ ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടി ഉണ്ടാകും.

  • ദേവസ്വം ബോർഡിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ല; എല്ലാ രേഖകളും തങ്ങളുടെ പക്കലുണ്ടെന്ന് പി എസ് പ്രശാന്ത്.

  • മണ്ഡലകാലം സുഗമമായി നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.

View All
advertisement