News18 Impact| ഉദ്യോഗസ്ഥരുടെ വാഹനദുരുപയോഗം നിരീക്ഷിക്കാൻ സമിതി; കടുത്ത നടപടിയുമായി ലാൻഡ് റവന്യൂ കമ്മീഷണർ
- Published by:Rajesh V
- news18-malayalam
Last Updated:
വാഹനങ്ങളുടെ ദുരുപയോഗം പരിശോധിക്കാൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും റവന്യൂ വകുപ്പ് തീരുമാനിച്ചു. ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് കേന്ദ്രീകരിച്ച് ഒരു പ്രത്യേക സമിതി ഇതിനായി രൂപീകരിക്കും
കോട്ടയം എഡിഎം ജിനു പുന്നൂസിന്റെ അനധികൃത യാത്രകൾ തെളിവ് സഹിതം ഈ മാസം നാലിനാണ് ന്യൂസ് 18 പുറത്തുകൊണ്ടുവന്നത്. ചങ്ങനാശ്ശേരിയിൽ നിന്നും കോട്ടയത്തേക്ക് സർക്കാർ വാഹനം ദുരുപയോഗം ചെയ്ത് ജിനു പുന്നൂസ് ദിവസവും രാവിലെയും വൈകിട്ടും നടത്തുന്ന യാത്രകൾ രണ്ടുമാസത്തോളം ചിത്രീകരിച്ചാണ് ന്യൂസ് 18 വാർത്തയാക്കിയത്. ഇതിന് പിന്നാലെയാണ് റവന്യൂ വകുപ്പ്, ഉദ്യോഗസ്ഥരുടെ അനധികൃത യാത്രകൾ തടയാൻ പുതിയ സർക്കുലർ പുറത്തിറക്കിയത്. ലാൻഡ് റവന്യൂ കമ്മീഷണർ കെ ബിജു ഐ എ എസ് ആണ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സർക്കുലർ അയച്ചത്.
ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ അനധികൃത യാത്രകൾക്ക് പ്രേരിപ്പിച്ചാൽ ഡ്രൈവർമാർക്ക് പരാതി നൽകാം എന്നാണ് പുതിയ സർക്കുലറിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട നിർദ്ദേശം. താൽക്കാലിക ഡ്രൈവർമാർ ആണെങ്കിലും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാമെന്ന് സർക്കുലറിൽ പറയുന്നു. ഡ്രൈവർമാർ ഉൾപ്പെടെ നൽകുന്ന പരാതികൾ രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സർക്കുലർ ഉറപ്പു നൽകുന്നുണ്ട്. രേഖാമൂലമോ വാക്കാലോ പരാതി നൽകാം. ബന്ധപ്പെട്ട പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് തുടർനടപടി ഉറപ്പുവരുത്തും എന്നാണ് റവന്യൂ വകുപ്പ് സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.
Also Read- ശബരിമല തീർഥാടകർക്ക് വിമാനത്തിൽ നാളികേരം ക്യാബിൻ ബാഗിൽ കൊണ്ടുപോകാം; വ്യോമയാന സുരക്ഷ ബ്യൂറോ അനുമതി
advertisement
വാഹനങ്ങളുടെ ദുരുപയോഗം പരിശോധിക്കാൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും റവന്യൂ വകുപ്പ് തീരുമാനിച്ചു. ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് കേന്ദ്രീകരിച്ച് ഒരു പ്രത്യേക സമിതി ഇതിനായി രൂപീകരിക്കും. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ, സീനിയർ ഫിനാൻസ് ഓഫീസർ, അസിസ്റ്റന്റ് കമ്മീഷണർ എന്നിവർ അടങ്ങുന്നതാണ് ആ മേൽനോട്ടസമിതി. ഇതു കൂടാതെ ജില്ലകളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
ജില്ലകളിൽ ഉള്ള സംവിധാനത്തിന് ഡെപ്യൂട്ടി കളക്ടർ (ജനറൽ) ആണ് നേതൃത്വം നൽകുന്നത്. ഫിനാൻസ് ഓഫീസർ, ശിരസ്താർ എന്നിവർ അടങ്ങിയ മൂന്നംഗ സമിതി രൂപീകരിക്കണം. വാഹനങ്ങളുള്ള റവന്യൂ വകുപ്പിന്റെ മുഴുവൻ ഓഫീസുകളിലും ഓഫീസ് മേധാവി അധ്യക്ഷൻ ആയി മൂന്നംഗ സമിതി വേണമെന്നും സർക്കുലർ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ സർക്കാർ പുറത്തിറക്കിയ സർക്കുലറിലെ വ്യവസ്ഥകളും കർശനമായി പാലിക്കേണ്ടതാണെന്ന് റവന്യൂ വകുപ്പ് നിർദ്ദേശിക്കുന്നു.
advertisement
സ്വകാര്യ ആവശ്യത്തിന് സർക്കാർ വാഹനം ഒരു കാരണവശാലും ഉപയോഗിക്കരുത് എന്നാണ് സർക്കുലർ പ്രധാനമായും നിർദ്ദേശിക്കുന്നത്. താമസസ്ഥലത്തുനിന്ന് ഓഫീസിലേക്ക് വരുന്നതിനും തിരിച്ചു പോകുന്നതിനും സർക്കാർ വാഹനം ഉപയോഗിക്കാൻ പാടില്ല. ഷോപ്പിംഗ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, സിനിമ, മാർക്കറ്റ്, ആരാധനാലയങ്ങൾ,വിവാഹം എന്നിവയ്ക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനം ഉപയോഗിക്കാൻ പാടില്ല.
advertisement
Also Read- 'ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്' ക്രൈംബ്രാഞ്ചിനോട് കേസെടുക്കാൻ DGP; നടപടി 18 ദിവസത്തിനുശേഷം
ഔദ്യോഗിക യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ലോഗ് ബുക്കിൽ കൃത്യമായി ഒപ്പിടണം എന്ന് സർക്കുലർ നിർദ്ദേശിക്കുന്നു. വാഹനത്തിന്റെ ലോഗ് ബുക്ക് വാഹനത്തിൽ തന്നെ സൂക്ഷിക്കണം. പരിശോധന വേളകളിൽ ഇത് നൽകണം. ഇന്ധന തട്ടിപ്പ് ഒഴിവാക്കാൻ വാഹനത്തിന്റെ ഇന്ധനക്ഷമത ടെസ്റ്റ് എല്ലാവർഷവും കൃത്യം സമയത്ത് നടത്തണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നുണ്ട്. മുഴുവൻ നിർദ്ദേശങ്ങളും നടപ്പിലാക്കി അടിയന്തരമായി എല്ലാ ഓഫീസുകളും ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ വിവരമറിയിക്കണം എന്നും സർക്കുലർ ആവശ്യപ്പെടുന്നു. നടപടികൾ ഉറപ്പുവരുത്തുന്നു എന്നതിന് സാക്ഷ്യപത്രവും സ്ഥാപനമേധാവിമാർ നൽകണം. നടപടി ഉണ്ടായാൽ 15 ദിവസത്തിനകം ഇത് സംസ്ഥാനതല സമിതിയെ അറിയിക്കണം. മുഴുവൻ ഡ്രൈവർമാർക്കും ഈ സർക്കുലർ കൈമാറണമെന്നും ലാൻഡ് റവന്യൂ കമ്മീഷണർ കെ ബിജു ഐ എ എസ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 22, 2022 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
News18 Impact| ഉദ്യോഗസ്ഥരുടെ വാഹനദുരുപയോഗം നിരീക്ഷിക്കാൻ സമിതി; കടുത്ത നടപടിയുമായി ലാൻഡ് റവന്യൂ കമ്മീഷണർ