കോഴിക്കോട്: നിപ ഭീതിയുടെ മറവിൽ വവ്വാലുകളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വവ്വാലുകളുടെ ആവാസ വ്യവസ്ഥയ്ക്കുനേരെയുള്ള ആക്രമണങ്ങള്‍ പ്രകൃതിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു മന്ത്രി പറഞ്ഞു.
രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനു വവ്വാലുകളെ പരിശോധിക്കാന്‍ പ്രത്യേക ദൗത്യസംഘം കോഴിക്കോട് ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയില്‍ രണ്ടാമത്തെ തവണ രോഗബാധ വന്ന സ്ഥിതിക്ക് കൂടുതല്‍ പരിശോധന നടത്തും. പൊതു ജാഗ്രത അനിവാര്യമാണ്. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രതയും ആവശ്യമാണ്.
ഫീല്‍ഡ് സര്‍വയലന്‍സും ഫീവര്‍ സര്‍വയലന്‍സും തുടങ്ങിക്കഴിഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും 25 വീടുകളില്‍ രണ്ട് വോളന്റിയർമാർ എന്ന നിലയില്‍ ഹൗസ് സര്‍വയലന്‍സ് ആരംഭിച്ചു.
അടുത്ത സമ്പര്‍ക്കമുള്ള 122 പേര്‍ ഹൈ റിസ്‌ക്ക് പട്ടികയിലാണ്. ഇതോടെ സമ്പര്‍ക്കപട്ടികയിലുള്ളവരുടെ എണ്ണം 257 ആയി. 3307 വീടുകളിലെ 12,695 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ വലയത്തിലാണ്. കോഴിക്കോട് കൂടാതെ മറ്റ് ഏഴു ജില്ലകളിലെ 35 പേരും സമ്പര്‍ക്കപട്ടികയിലുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.
അതേസമയം കേന്ദ്രസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാന മൃഗസംരക്ഷണവകുപ്പിലെ തിരുവനന്തപുരത്ത് നിന്നുള്ള സംഘം ഇന്ന് ചാത്തമംഗലത്ത് സന്ദര്‍ശനം നടത്തും. നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഊര്‍ജ്ജിതമായി തുടരുന്നുണ്ടന്ന് ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. വവ്വാലുകള്‍ മാത്രമല്ല പന്നികളിലൂടെ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധസംഘം അടുത്തദിവസം ചാത്തമംഗലത്തെത്തും.
നിപ ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്കായി പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിയുടെ വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു. 11 വീടുകളിൽ നിന്നായി 23 ആടുകളുടെ രക്തം ശേഖരിച്ചു. ചത്ത നിലയിൽ ഒരു വവ്വാലിനെ മീഞ്ചന്ത ബൈപാസിൽ നിന്നും അവശനിലയിലുള്ള ഒന്നിനെ മണാശ്ശേരിയിൽ നിന്നും സംഘത്തിന് ലഭിച്ചു. ഇവയെ പ്രത്യേക ബാഗിലാക്കി ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക് പരിശോധനക്ക് അയച്ചു.
മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.കെ.ബേബി, ആനിമൽ ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ.കെ.ജെ.വർഗ്ഗീസ്, ആനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് എപിഡമോളജിസ്റ്റ് ഡോ.നിഷ അബ്രഹാം തുടങ്ങിയവർ സാമ്പിൾ ശേഖരണത്തിന് നേതൃത്വം നൽകി.
വിദഗ്ധ നിരീക്ഷണത്തിനായി ജന്തുരോഗ നിയന്ത്രണ വിഭാഗം ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. മിനി ജോസ്, ഡോ. സ്വപ്ന അബ്രഹാം, ഡോ.എസ്.നന്ദകുമാർ എന്നിവർ ജില്ലയിലെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.