പി.എസ്.സിയെ വിമർശിച്ച ഉദ്യോഗാര്‍ഥികൾക്കെതിരെ നടപടിയില്ല; നിലപാട് തിരുത്തി PSC
- Published by:user_49
- news18-malayalam
Last Updated:
കടുത്ത വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിലപാട് തിരുത്താൻ പി.എസ്.സി തയ്യാറായത്
തിരുവനന്തപുരം: പി.എസ്.സിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഉദ്യോഗാര്‍ഥികളെ വിലക്കാനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനുമുള്ള നീക്കത്തില്‍നിന്ന് പിന്മാറി പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍. സംസ്ഥാനമൊട്ടാകെ പ്രതിപക്ഷ പാർട്ടികളും ഉദ്യോഗാർഥികളും കടുത്ത വിമര്‍ശനം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് നിലപാട് തിരുത്താൻ പി.എസ്.സി തയ്യാറായത്.
കാസര്‍കോട്ട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ്, ആയുര്‍വേദ കോളേജിലെ ഫിസിയോ തെറാപ്പിസ്റ്റ്, ആരോഗ്യ വകുപ്പിലെ ജനറല്‍ ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലെ ഉദ്യോഗാര്‍ഥികള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നാണ് പി.എസ്.സി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും പി.എസ്.സിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് കാരണം ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവും പി.എസ്.സി പുറത്തിറക്കിയിരുന്നു.
advertisement
എന്നാൽ ഇത് വിവാദമാവുകയും കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് പി.എസ്.സി നിലപാട് തിരുത്തിയിട്ടുള്ളത്. ഇവര്‍ക്കെതിരെ നേരിട്ട് ശിക്ഷാ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് പി.എസ്.സി വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അവര്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തും. വിജിലന്‍സിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കും. അതിനുശേഷം മാത്രമേ മറ്റുനടപടികളിലേക്ക് കടക്കൂവെന്നാണ് പി.എസ്.സി വ്യക്തമാക്കുന്നത്.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടംനേടിയിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലും പി.എസ്.സി വിശദീകരണം നല്‍കിയിട്ടുണ്ട്. അനുവിന്റെ ആത്മഹത്യ ഖേദകരമാണ്. 50 പേര്‍ക്ക് നിയമനം നല്‍കിയിരുന്നു. 75 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിരുന്നു. 76-ാം റാങ്കുകാരന്‍ ആയതിനാല്‍ അനു അതില്‍ ഉള്‍പ്പെട്ടില്ലെന്നാണ് പി.എസ്.സി വിശദീകരിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 30, 2020 10:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.എസ്.സിയെ വിമർശിച്ച ഉദ്യോഗാര്‍ഥികൾക്കെതിരെ നടപടിയില്ല; നിലപാട് തിരുത്തി PSC