• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബംഗാളിനെ രക്ഷിക്കണം'; വിജയ് ദിനത്തിലെ ഒ രാജഗോപാലിന്റെ ദീപം

'ബംഗാളിനെ രക്ഷിക്കണം'; വിജയ് ദിനത്തിലെ ഒ രാജഗോപാലിന്റെ ദീപം

ബംഗാള്‍ വയലന്‍സ്, സേവ് ബംഗാള്‍ എന്നിങ്ങനെ രണ്ട് ഹാഷ് ടാഗുകള്‍ നല്‍കിയാണ് ദീപം തെളിയിച്ച ചിത്രം രാജഗോപാല്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഒ രാജഗോപാൽ

ഒ രാജഗോപാൽ

  • Share this:
തിരുവനന്തപുരം: എൽഡിഎഫിന്റെ 'വിജയ’ദിനത്തില്‍ ദീപം തെളിയിച്ച് മുന്‍ നേമം എംഎല്‍എയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍. അതേസമയം എല്‍ഡിഎഫ് വിജയത്തിന്റെ ഭാഗമായിട്ടല്ല രാജഗോപാലിന്റെ ദീപം തെളിയിക്കല്‍. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധ സൂചകമായിട്ടാണ് ദീപം തെളിയിക്കല്‍. ബംഗാള്‍ വയലന്‍സ്, സേവ് ബംഗാള്‍ എന്നിങ്ങനെ രണ്ട് ഹാഷ് ടാഗുകള്‍ നല്‍കിയാണ് ദീപം തെളിയിച്ച ചിത്രം രാജഗോപാല്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന സന്ദീപ് വാചസ്പതിയും കുടുംബസമേതം ദീപം തെളിച്ചു. ബംഗാളില്‍ കലാപത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്.

ബംഗാള്‍ കലാപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം അവലംബിക്കുന്നത് ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ബംഗാളില്‍ സിപിഎമ്മിന്റെ അതേ പാതയില്‍ അക്രമത്തിന്റെ വഴിയേ തന്നെയാണ് മമതയും പോകുന്നത്. പിണറായിയെ പോലെ ജിഹാദികളാണ് മമതയുടേയും ശക്തി. സമാന സ്വാഭാവമുള്ളത് കൊണ്ടാവും പിണറായി മമതയെ പിന്തുണയ്ക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

കെ.സുരേന്ദ്രന്റെ വാക്കുകൾ

''ബംഗാളിലെ മനുഷ്യക്കുരുതി വിഭജനകാലത്തെ ഓര്‍മ്മിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ബംഗാളില്‍ സിപിഎമ്മിന്റെ അതേ പാതയില്‍ അക്രമത്തിന്റെ വഴിയേ തന്നെയാണ് മമതയും പോകുന്നത്. പിണറായിയെ പോലെ ജിഹാദികളാണ് മമതയുടേയും ശക്തി. സമാന സ്വാഭാവമുള്ളതു കൊണ്ടാവും പിണറായി മമതയെ പിന്തുണയ്ക്കുന്നത്. ബംഗാളില്‍ നിന്നും ആയിരങ്ങളാണ് അസമിലേക്ക് പാലായനം ചെയ്യുന്നത്.''

Also Read- 'വിജയ ദിനം': വീടുകളിലും ഓഫീസുകളിലും ദീപം തെളിയിച്ച് വിജയമാഘോഷിച്ച് എൽഡിഎഫ്

''തെരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ച ആക്രമണം ഇപ്പോഴും തുടരുകയാണ്. ആളുകളെ കൊന്ന് മരത്തില്‍ കെട്ടിതൂക്കുക, സ്ത്രീകളെ പീഡിപ്പിക്കുക, കൊച്ചുകുട്ടികളെയും വൃദ്ധന്‍മാരെയും ആക്രമിക്കുക തുടങ്ങിയ കിരാത സംഭവങ്ങളാണ് അവിടെ നടക്കുന്നത്. സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ പോയ കേന്ദ്രമന്ത്രിയെ വരെ അക്രമിക്കുകയാണ് തൃണമൂല്‍ ഭീകരര്‍. ഇത്രയും വലിയ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമുണ്ടായിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ബംഗാളിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കൊല്ലപ്പെടുന്നവര്‍ സംഘപരിവാറുകരാണെന്നും അവര്‍ കൊല്ലപ്പെടേണ്ടവരാണെന്നുമാണ് ചില മാധ്യമപ്രവര്‍ത്തകര്‍ പരസ്യമായി പറയുന്നത്. പിണറായിയുടെ രണ്ടാം വരവോടെ മാധ്യമങ്ങളെല്ലാം പൂര്‍ണമായും അടിയറവ് പറഞ്ഞു.”

വിജയദിനം ആഘോഷിച്ച് എൽഡിഎഫ്

ചരിത്രം തിരുത്തി കുറിച്ച ഉജ്വല വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതു ജനാധിപത്യ മുന്നണി. തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തിനൊപ്പം കൃത്യം ഏഴു മണിക്ക് ക്ലിഫ് ഹൗസിൽ മെഴുകുതിരി കൊളുത്തി. തിരുവനന്തപുരം എ കെ ജി സെന്ററിലും ദീപം തെളിയിച്ചു. എകെജി സെന്ററിൽ ആഘോഷത്തിന് മാറ്റ് കൂട്ടി വെടിക്കെട്ടും ഉണ്ടായിരുന്നു. എൽഡിഎഫ് കൺവീനർ എ വിജയരാഘവനും കോടിയേരി ബാലകൃഷ്ണനും കുടുംബസമേതം ദീപം തെളിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെയാണ് ഇടതുപ്രവർത്തകരും കുടുംബങ്ങളും വിജയം ആഘോഷിച്ചത്. പൂത്തിരിയും മൺ ചിരാതുകളും മെഴുകുതിരികളും കത്തിച്ചുകൊണ്ടായിരുന്നു വ്യത്യസ്തമായ വിജയാഘോഷം.
Published by:Rajesh V
First published: