കാവ്യയുടെ അമ്മ പോലും നിഷേധിക്കാത്ത ബന്ധം; എല്ലാം കണ്ടെത്തിയ മഞ്ജു; മഞ്ജു വാര്യരുടെ മൊഴിയിൽ നിർണായക വിവരങ്ങൾ
- Published by:meera_57
- news18-malayalam
Last Updated:
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ കോടതിയിൽ നൽകിയ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ (Manju Warrier) കോടതിയിൽ നൽകിയ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്. കാവ്യയുമായി ദിലീപിനുള്ള ബന്ധം നടിയിൽ നിന്നും മഞ്ജു വാര്യർ അറിയാനിടയായ സാഹചര്യം മനസിലാക്കിയ ദിലീപ്, അവരോടു പക സൂക്ഷിച്ചിരുന്നു ഇന്നയിന്ന മഞ്ജുവിന്റെ പക്ഷം. നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനാ വാദം ആദ്യമായി മുന്നോട്ടു വച്ചതും മഞ്ജു വാര്യരായിരുന്നു. ദിലീപുമായുള്ള വിവാഹബന്ധം വേർപെടുത്താനുണ്ടായ സാഹചര്യത്തിൽ കാരണമായി വർത്തിച്ചത് ആക്രമിക്കപ്പെട്ട നടി എന്ന് ദിലീപിന് മനസിലായി എന്നും നടിയോട് നടന് വൈരാഗ്യമുണ്ടായി എന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു
advertisement
മഞ്ജു വാര്യരുടെ മൊഴിയാണ് ഇതിന് ആധികാരികമായി എടുത്തുപറയപ്പെട്ടത്. 1998 ഒക്ടോബർ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. 2015ൽ മ്യൂച്വൽ പെറ്റീഷനിലേക്ക് എത്തിച്ച് വിവാഹമോചനം നടത്തിയത് മഞ്ജുവാണ്. വിവാഹമോചനത്തിന് ആദ്യ ഹർജി നൽകിയത് ദിലീപും. ദിലീപിന് കാവ്യയുമായുള്ള ബന്ധം തെളിയിക്കുന്ന ചില പോയിന്റുകൾ ഉൾപ്പെടുത്തി അത് കോടതിയിൽ തെളിയിക്കാൻ മഞ്ജുവിന് കഴിയുമോ എന്ന സംശയമാണ് മ്യൂച്വൽ ഡിവോഴ്‌സിലേക്ക് എത്തിച്ചത് എന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ അവതരിപ്പിച്ചിരുന്നു. മ്യൂച്വൽ ഡിവോഴ്‌സിലേക്ക് എത്തിക്കാനായി, തനിക്ക് അക്കാര്യങ്ങൾ ഓർക്കാനാവുന്നില്ല എന്നാണ് മഞ്ജു നൽകിയ മറുപടി (തുടർന്ന് വായിക്കുക)
advertisement
12-02-2012 ലാണ് ദിലീപും മഞ്ജുവും തമ്മിലെ ബന്ധം വഷളാവുന്ന തരത്തിലേക്ക് കാര്യങ്ങൾ വഴിമാറുന്നത്. ദിലീപ് ഷൂട്ടിങ്ങിനു പോയ സമയം, ദിലീപിന്റെ പഴയ ഫോണിൽ ചില സന്ദേശങ്ങൾ മഞ്ജു വാര്യർ കാണാനിടയായി. ആ സന്ദേശങ്ങൾ അയച്ചത് കാവ്യാ മാധവനും. ഇവരുടെ ബന്ധം വ്യക്തമാക്കുന്ന ചില സൂചനകൾ ആ സന്ദേശങ്ങളിൽ അടങ്ങിയിരുന്നു. താനുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്ന കാവ്യക്ക് ഭർത്താവുമായി ഇങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നത് മഞ്ജുവിന് വിശ്വസിക്കാനായില്ല
advertisement
ദിലീപിനെ വിളിച്ചപ്പോൾ ഷൂട്ടിങ്ങിൽ എന്ന മറുപടി നൽകി ഒഴിഞ്ഞു മാറി. ശേഷം കാവ്യാ മാധവനെ ഫോണിൽ ബന്ധപ്പെട്ടു. കാവ്യയും ഒഴിഞ്ഞുമാറി. ശേഷം കാവ്യയുടെ അമ്മയുമായുള്ള മഞ്ജുവിന്റെ സംഭാഷണത്തിൽ കാവ്യയും ദിലീപുമായുള്ള ബന്ധത്തിൽ ചില ആശങ്കകൾ ഉണ്ടായിരുന്നതായി സൂചന നൽകി. അവരും അതിൽ അസ്വസ്ഥരായിരുന്നു. ഇത് മഞ്ജുവിന്റെ മൊഴിയിൽ പറയുന്നു. 2009ൽ വിവാഹം കഴിഞ്ഞ കാവ്യ, മഞ്ജു ഫോൺ ചെയ്യുന്ന സമയം ഭർത്താവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് അവരുടെ വീട്ടിലുണ്ടായിരുന്നു. ദിലീപും കാവ്യയുമായി അടുപ്പമുണ്ടെന്ന് കാവ്യയുടെ അമ്മയും സംസാരിച്ചു
advertisement
ആക്രമിക്കപ്പെട്ട നടിക്കും ഗായിക റിമി ടോമിക്കും ഈ വിഷയം അറിയാമെന്നു കാവ്യയുടെ അമ്മ വിരൽചൂണ്ടിയതായും മൊഴിയിൽ പറയുന്നു. തനിക്കുണ്ടായ മനോവിഷമം മഞ്ജു സുഹൃത്തുക്കളായ ഗീതു മോഹൻദാസിനും സംയുക്ത വർമയ്‌ക്കും ഒപ്പം പങ്കിടുന്നു. 04-02-2012 ൽ ഇവർ നടിയെ നേരിട്ട് കാണാൻ തീരുമാനിക്കുന്നു. ഗീതുവിനൊപ്പം സംയുക്തയുടെ വീട്ടിലെത്തിയ മഞ്ജു, അവിടെ നിന്നും അവർക്കൊപ്പം നടിയുടെ വീട്ടിലേക്ക്. തുടക്കത്തിൽ വൈകാരികമായി പ്രതികരിച്ച നടി തനിക്ക് കാര്യങ്ങൾ അറിയാമെന്നും, എന്നാലത് തുറന്നു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി
advertisement
എന്നാൽ വീട്ടിൽ അന്നേരം ഉണ്ടായിരുന്ന പിതാവിന്റെ നിർബന്ധപ്രകാരം നടി കാര്യങ്ങളുടെ സത്യാവസ്ഥ മഞ്ജുവിനും കൂട്ടുകാരികൾക്കുമൊപ്പം പങ്കിടുന്നു. അതേദിവസം വൈകിട്ട് വരെ സംയുക്തയുടെ വീട്ടിൽ ചിലവഴിച്ച മഞ്ജു വാര്യർ അവിടെ നിന്നും കാവ്യയുടെ അമ്മയെ വിളിക്കുകയും, അറിഞ്ഞ കാര്യങ്ങൾ വിശദമാക്കുകയും ചെയ്യുന്നു. ഇനി ബന്ധം തുടരില്ല എന്ന് കാവ്യ തനിക്ക് ചില ഉറപ്പുകൾ നൽകിയതായി അമ്മ ശ്യാമള മഞ്ജുവിനോട് പറയുന്നു. ശേഷം കാവ്യ ഭർത്താവിന്റെ അടുത്തേക്ക് മടങ്ങി
advertisement
വീട്ടിലെത്തിയ മഞ്ജു ദിലീപിന്റെ സഹോദരങ്ങളെയും ബന്ധുക്കളെയും വിളിച്ചു വരുത്തി ഇക്കാര്യങ്ങൾ വ്യക്തമാക്കി. രണ്ടു ദിവസങ്ങൾക്ക് ശേഷം ദിലീപ് വീട്ടിലെത്തി. മഞ്ജുവിന്റെ ചോദ്യത്തിന് മുന്നിൽ 'തനിക്ക് ഇക്കാര്യങ്ങൾ വ്യക്തമായി ഓർമയില്ല' എന്ന് ദിലീപ്. കാവ്യ കുട്ടിത്തമുള്ള സ്വഭാവക്കാരിയെന്നും, അവൾ പറയുന്നത് കാര്യമായി എടുക്കേണ്ട എന്നുമായിരുന്നു ദിലീപിന്റെ ഒഴുക്കൻ മട്ടിലെ പ്രതികരണം. നടിയിൽ നിന്നും മഞ്ജു വിവരങ്ങൾ അറിഞ്ഞതായി ദിലീപ് മനസിലാക്കിയിരുന്നു. അവിടെ നിന്നും വിവാഹമോചനത്തിലേക്ക് കടക്കുകയായിരുന്നു. കാവ്യയും ബന്ധമൊഴിഞ്ഞിരുന്നു
advertisement
വിവാഹമോചനത്തിന് മുൻപ് ദിലീപിന്റെ വീട്ടിൽ നിന്നും താലിമാല ഉപേക്ഷിച്ചിറങ്ങിയ മഞ്ജു വാര്യർ, നടി ഗീതു മോഹൻദാസിന്റെ മുംബൈ വസതിയിൽ ഏറെക്കാലം താമസിച്ചിരുന്നു എന്ന് വിസ്താരത്തിൽ വ്യക്തമായിരുന്നു. ദിലീപ്, കാവ്യ ബന്ധം മനസിലാക്കിയ വിവരവും മറ്റും കോടതിയിൽ പറഞ്ഞു എങ്കിലും അക്കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ ബോധിപ്പിക്കാൻ മഞ്ജുവിന് സാധിച്ചില്ല. ഈ വൈരുധ്യം മഞ്ജു വാര്യരുടെ വാദം കോടതി അവിശ്വസിക്കാൻ കാരണമായി മാറുകയും ചെയ്തു









