ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിൽ മരണം ആറായി; മരിച്ചത് എടത്വ സ്വദേശി ആൽവിൻ
- Published by:Rajesh V
- news18-malayalam
Last Updated:
അപകടത്തിൽ തലച്ചോറിനും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റ ആൽവിനെ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു
ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരണം ആറായി. ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥി എടത്വ സ്വദേശി ആല്‍വിൻ ആണ് മരിച്ചത്. അപകടത്തിൽ തലച്ചോറിനും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റ ആൽവിനെ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. വണ്ടിയോടിച്ചിരുന്ന ഗൗരീശങ്കറിനൊപ്പം മുന്നിൽ ഇരുന്നിരുന്ന ആളാണ് ആൽവിൻ.
തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് നേരത്തെ അപകടത്തിൽ മരിച്ചത്.
ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹ്‌സിനും ചികിത്സയിൽ തുടരുകയാണ്. പരിക്കേറ്റില്ലെങ്കിലും കടുത്ത മാനസികാഘാതം നേരിട്ട തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്‌ൻ ഡെൻസ്റ്റൺ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. തിങ്കളാഴ്‌ച രാത്രി അപകടത്തിൽപ്പെട്ട വാഹനത്തിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായ 11പേരാണ് ഉണ്ടായിരുന്നത്.
advertisement
അതേസമയം,വാഹനം ഓടിച്ച വിദ്യാർത്ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്. വിദ്യാർത്ഥിയുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടികളിലേക്കും ആർടിഒ കടക്കും. എന്നാൽ വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്ത് പിന്നീടായിരിക്കും നടപടി.
അപകടത്തിന് തൊട്ടുമുമ്പ് കെഎസ്‌ആർടിസി ബസിനെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്‌ച മറഞ്ഞിരിക്കാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം. അപകടമുണ്ടായത് തൊട്ടുപിന്നിലെ വാഹനത്തെ മറികടക്കുന്നതിനിടെ ആണെന്ന് ഗൗരീശങ്കർ മൊഴി നൽകിയിരുന്നു. മുമ്പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിർവശത്ത് നിന്ന് കെഎസ്‌ആർടിസി ബസ് വരുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടി. വാഹനം നിയന്ത്രണംവിട്ട് വലതുവശത്തേക്ക് തെന്നിമാറിയാണ് ബസിൽ ഇടിച്ചുകയറിയതെന്നും തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര സ്വദേശി ഗൗരീശങ്കർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
December 05, 2024 5:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിൽ മരണം ആറായി; മരിച്ചത് എടത്വ സ്വദേശി ആൽവിൻ