'സന്ദീപ് വാര്യരോട് സഹതാപം മാത്രം, ജനാധിപത്യ മര്യാദയും അന്തസ്സും നശിപ്പിക്കരുത്'; പത്മജ വേണുഗോപാൽ
- Published by:ASHLI
- news18-malayalam
Last Updated:
ഈ തരത്തിൽ യു ടേൺ അടിയ്ക്കുമ്പോൾ ഉളുപ്പ് തോന്നുന്നില്ലേ എന്ന് മാത്രമേ ചോദിയ്ക്കാനുള്ളുവെന്നും പത്മജ
സന്ദീപ് വാര്യർക്കെതിരെ തുറന്ന കത്തുമായി പത്മജ വേണുഗോപാൽ. 20 വർഷക്കാലത്തോളം ബി ജെ പി എന്ന പ്രസ്ഥാനത്തോടൊപ്പം നിന്ന് നരേന്ദ്ര മോദിയെയും അമിത്ഷായെയും ബി ജെ പിയെയും മരുന്ന് കഴിയ്ക്കും പോലെ പുകഴ്ത്തി കൊണ്ടിരുന്ന താങ്കൾക്ക് ഇപ്പോൾ നിലപാട് മാറ്റേണ്ടിവരുന്നത് കോൺഗ്രസ് പക്ഷത്തു നിൽക്കുന്നതുകൊണ്ടാണെന്ന് പത്മജ വേണുഗോപാൽ. നിങ്ങളെ കോൺഗ്രസിലെ റീൽസ് , ഷോ നേതാക്കൾ തോളിൽ കൈയിട്ട് കൊണ്ട് നടക്കുന്നത് സന്ദീപ് വാര്യരുടെ രാഷ്ട്രീയ ഭാവി ഉയർത്താനോ ഉന്നമനത്തിനോ ഒന്നും അല്ല. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഇങ്ങനെ തോളിൽ കൈയിട്ട് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കറിവേപ്പില പോലെ എടുത്ത് പുറത്ത് കളയും. രാഷ്ട്രീയ പ്രവർത്തനത്തിലെ ജനാധിപത്യ മര്യാദയും അന്തസ്സും ആണ് നിങ്ങൾ വാക്കുകൾ കൊണ്ട് നശിപ്പിക്കുന്നതെന്നും പത്മജ വേണുഗോപാൽ തുറന്നടിച്ചു. ഈ തരത്തിൽ യു ടേൺ അടിയ്ക്കുമ്പോൾ ഉളുപ്പ് തോന്നുന്നില്ലേ എന്ന് മാത്രമേ ചോദിയ്ക്കാനുള്ളുവെന്നും പത്മജ. തന്റെ ഫേസ്ബുക്കിലാണ് പത്മജ വേണുഗോപാൽ കുറിപ്പ് പങ്കുവെച്ചത്.
പത്മജ വേണുഗോപാൽ പങ്കുവെച്ച കുറിപ്പ്
പ്രിയപ്പെട്ട സന്ദീപ് വാര്യർക്ക്,
20 വർഷക്കാലത്തോളം ബി ജെ പി എന്ന പ്രസ്ഥാനത്തോടൊപ്പം നിന്ന് നരേന്ദ്ര മോദിയെയും അമിത്ഷായെയും ബി ജെ പിയെയും മരുന്ന് കഴിയ്ക്കും പോലെ പുകഴ്ത്തി കൊണ്ടിരുന്ന താങ്കൾക്ക് ഇപ്പോൾ നിലപാട് മാറ്റേണ്ടി വരും, കാരണം താങ്കൾ ഇപ്പോൾ നിൽക്കുന്നത് കോൺഗ്രസ് പാളയത്തിലാണ്. പക്ഷെ തീർത്തും അന്തസ്സോ നിലവാരമോ ഇല്ലാത്ത പ്രസ്താവനകൾ നടത്താൻ താങ്കൾക്ക് ഇപ്പോൾ കഴിയുന്നത് കോൺഗ്രസ് കൂടാരത്തിൽ ആയത് കൊണ്ട് മാത്രമാകും. നിങ്ങളെ കോൺഗ്രസിലെ റീൽസ് , ഷോ നേതാക്കൾ തോളിൽ കൈയിട്ട് കൊണ്ട് നടക്കുന്നത് സന്ദീപ് വാര്യരുടെ രാഷ്ട്രീയ ഭാവി ഉയർത്താനോ ഉന്നമനത്തിനോ ഒന്നും അല്ല. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഇങ്ങനെ തോളിൽ കൈയിട്ട് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കറിവേപ്പില പോലെ എടുത്ത് പുറത്ത് കളയും. ഒരു സഹോദരനോട് പറയുന്ന വാക്കുകൾ ആയി താങ്കൾ ഇത് കരുതിയാൽ മതി. രാഷ്ട്രീയ പ്രവർത്തനത്തിലെ ജനാധിപത്യ മര്യാദയും അന്തസ്സും ആണ് നിങ്ങൾ വാക്കുകൾ കൊണ്ട് നശിപ്പിക്കുന്നത്. കോൺഗ്രസ് താങ്കളെ കൊണ്ട് ചുടു ചോറ് വാരിക്കുകയാണ്. നിലവിലെ ഷോ നേതാക്കളുടെ കരുനീക്കങ്ങൾക്ക് ബലിയാടാകുന്ന സന്ദീപ് വാര്യരോട് എനിയ്ക്ക് സഹതാപം മാത്രമാണ് ഉള്ളത് . ബി ജെ പിയിൽ നിന്ന് കൊണ്ട് എല്ലാ ആനുകൂല്യങ്ങളും സ്വന്തമാക്കി അതിരൂക്ഷമായി രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ച് കൊണ്ടിരുന്ന ഒരാൾക്ക് ഈ തരത്തിൽ യു ടേൺ അടിയ്ക്കുമ്പോൾ ഉളുപ്പ് തോന്നുന്നില്ലേ എന്ന് മാത്രമേ ചോദിയ്ക്കാനുള്ളു.പിന്നെ എന്റെ കാര്യം പറഞ്ഞാൽ , ഞാൻ ജനിച്ച് വീണത് തന്നെ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിലാണ്. ഈ പാർട്ടിയിലെ ഒട്ടു മിക്ക ആളുകളുടെയും തനിനിറം നല്ലത് പോലെ മനസ്സിലാക്കിയിട്ടുള്ള ഞാൻ ആ പാർട്ടി വിട്ട് പുറത്ത് വന്നതിന് ശേഷവും വിമർശനങ്ങളിൽ മാന്യത കാണിച്ചിട്ടുണ്ട്. ഒരാൾക്കെതിരെയും വ്യക്തിഹത്യ നടത്താൻ ബി ജെ പി എന്ന പ്രസ്ഥാനം എന്നെ നിർബന്ധിച്ചിട്ടില്ല. പലരെയും കുറിച്ച് പലതും പറയാനുണ്ട്, പക്ഷെ ഞാൻ കാണിയ്ക്കുന്ന സംയമനത്തെ എന്റെ ദൗർബല്യം ആയി ആരും കാണരുത്. കോൺഗ്രസിൽ വെളുക്കെ ചിരിച്ച് നടക്കുന്ന പല നേതാക്കന്മാരുടെയും മുഖംമൂടി വലിച്ച് കീറാൻ പാകത്തിനുള്ള തെളിവുകൾ ഉണ്ട് എന്റെ പക്കൽ. പക്ഷെ പൊതുമണ്ഡലത്തിൽ നിൽക്കുന്ന എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എനിയ്ക്ക് ബോധ്യമുണ്ട് , സന്ദീപിന് പക്ഷെ അതില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 12, 2025 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സന്ദീപ് വാര്യരോട് സഹതാപം മാത്രം, ജനാധിപത്യ മര്യാദയും അന്തസ്സും നശിപ്പിക്കരുത്'; പത്മജ വേണുഗോപാൽ