കോഴിക്കോട്: പാലക്കാട് ജില്ലയില്‍ പോലിസിന്റെ ഭാഗത്തുനിന്നുള്ള ഭീകരത അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാലക്കാട് സംഭവത്തിന്റെ മറവില്‍ നിരപരാധികളെ വേട്ടയാടുകയാണ് പോലിസ്. ഏകപക്ഷീയമായി മുസ്ലിംകളെ വ്യാപകമായി പീഡിപ്പിക്കുകയാണ് പോലിസ് ചെയ്യുന്നത്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉത്തരമേഖലാ ഐജി അശോക് യാദവിന്റെ നേതൃത്വത്തിലാണ് പോലിസിന്റെ ഭീകരത തുടരുന്നത്.
പ്രാദേശിക സംഭവത്തിന്റെ പേരില്‍ പാലക്കാട് ജില്ലയിലെ മുസ്ലിം യുവാക്കളെ ഒന്നടങ്കം വേട്ടയാടാനാണ് ശ്രമം. നിരപരാധികളായ നിരവധി യുവാക്കള്‍ പോലിസിന്റെ കസ്റ്റഡിയിലാണ്. രാപ്പകല്‍ ഭേദമില്ലാതെ സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളില്‍ പോലും പോലിസ് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പരിശുദ്ധമായ റമദാന് മാസത്തില്‍ വ്രതത്തില്‍ മുഴുകിയിരിക്കുന്ന വിശ്വാസികളെ വേട്ടയാടുന്ന സമീപനം പോലിസ് അവസാനിപ്പിക്കണം. പാലക്കാട് തന്നെ വീണ്ടും ആക്രമണം നടത്താന്‍ ആര്‍എസ്എസ് പദ്ധതിയിട്ട വിവരം പോലിസ് തന്നെ പറയുന്നുണ്ട്. എന്നിട്ടും അത് അന്വേഷിക്കാനോ ആര്‍എസ്എസ് ക്രിമിനലുകളെ കസ്റ്റഡിയില്‍ എടുക്കാനോ തയ്യാറായിട്ടില്ല.
സമാനമായ രീതിയില്‍ ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ കഴിഞ്ഞ ദിവസം ആയുധങ്ങളുമായി ആര്‍എസ്എസ് ക്രിമിനലുകളെ ആയുധങ്ങളുമായി പിടികൂടിയിരുന്നു. സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസ് ഉദ്ദേശിക്കുന്നില്ല എന്നതിന്റെ തെളിവുകളാണിത്. അതേസമയം ഈ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിക്കുന്നത്. ഇത് ആത്യന്തികമായി നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കും. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധത കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
വിശുദ്ധ റമദാന് മാസത്തില്‍ പോലും മുസ്ലിംകളെ പീഡിപ്പിക്കാന്‍ പോലിസിനെ കയറൂരി വിടുന്നത് ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെയാണ് എന്നാണ് പോലിസ് തന്നെ പറയുന്നത്. കേസന്വേഷണം നിഷ്പക്ഷമായി മുന്നോട്ടു കൊണ്ടുപോവുന്നതിന് പകരം വൈരാഗ്യബുദ്ധിയോടെയുള്ള സമീപനമാണ് പോലിസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. പോലിസിന്റെ ഈ സമീപനത്തില്‍ പ്രതിഷേധിച്ച് ഈമാസം 30 ശനിയാഴ്ച കോഴിക്കോട് ഐജി ഓഫീസിലേക്ക് പോപുലര്‍ ഫ്രണ്ട് മാര്‍ച്ച് നടത്തും.
പാലക്കാട് സുബൈര്‍ വധക്കേസില്‍ പോലിസിന്റെ അന്വേഷണം കാര്യക്ഷമമല്ല. മറ്റാരുടെയോ താല്പര്യത്തിന് വഴങ്ങി കേസന്വേഷണം മൂന്ന് പേരില്‍ ഒതുക്കാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്. എഡിജിപി വിജയ് സാഖറെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് കെട്ടുകഥയാണ്. ആര്‍എസ്എസുമായി നടത്തിയിട്ടുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് മൂന്നുപേരില്‍ അന്വേഷണം ഒതുക്കാനുള്ള ശ്രമം നടക്കുന്നത്. കേസില്‍ പോലിസ് ഭാഷ്യം പരിഹാസ്യമാണ്. മൂന്നുമാസം മുമ്പുതന്നെ സുബൈറിനെ വധിക്കാന്‍ ഗുഢാലോചന നടന്നുവെന്ന വിവരം പുറത്തുവന്നിട്ടും പോലിസ് അത്തരത്തിലുള്ള അന്വേഷണം നടത്തുന്നില്ല. മൂന്നു പ്രതികള്‍, രണ്ട് കാര്‍, നാല് വാളുകള്‍ എന്ന പോലിസിന്റെ വാദം എങ്ങനെയാണ് വിശ്വസനീയമാവുക.
സുബൈര്‍ പള്ളിയില്‍ നിന്നും ഇറങ്ങിവരുന്നതായി കൊലയാളികള്‍ക്ക് വിവരം നല്‍കിയത് ആരാണ്. കൊലപാതകം നടന്ന സ്ഥലത്തിനുള്ള സമീപമുള്ള സിസിടിവി തകര്‍ത്തത് ആരാണ്. കാറിന് ഡ്രൈവര്‍ വേണമെന്നിരിക്കെ നാല് വാള് ഉപയോഗിച്ചത് ആരാണ്. സഞ്ജിത്തിന്റെ കാര്‍ കുടുംബത്തിന്റെ അനുമതിയില്ലാതെ കൊലയാളികള്‍ക്ക് ലഭിക്കുന്നതെങ്ങനെ. സഞ്ജിത്തിന്റെ ആയുധങ്ങള്‍ വീട്ടില്‍ നിന്നും എടുത്തുനല്‍കിയത് ആരാണ്. ഗുഢാലോചനയില്‍ സഞ്ജിത്തിന്റെ കുടുംബത്തിന്റെ പങ്കാളിത്തം ഉറപ്പായിട്ടും അവരെ ചോദ്യം ചെയ്യുകയോ, അന്വേഷണ പരിധിയില്‍ കൊണ്ടുവരികയോ ചെയ്യാത്തതെന്താണ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഗുഢാലോചനയില്‍ പങ്കാളിയാണെന്ന് ഭരണകക്ഷിയുടെ ജില്ലാ സെക്രട്ടറി തന്നെ ചൂണ്ടിക്കാട്ടിയിട്ടും പോലിസ് മൗനം തുടരുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ്. സുബൈറിന്റെ കൊലപാതകം നടന്ന ദിവസം ജില്ലയിലെ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ നാട്ടില്‍നിന്നും മാറിനിന്നത് ആരു നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. കൊലപാതകത്തിന് ശേഷം മൂന്നാമതൊരു വാഹനം അരീക്കോട് വഴി പോയതായി പോലിസ് വ്യക്തമാക്കിയിരുന്നു. ആ വാഹനത്തെ കുറിച്ച് പിന്നിട്ടും മൗനം തുടര്‍ന്നത് ആരെ രക്ഷിക്കാനാണ്.
Fish Auction Video | ഒന്നര ലക്ഷം, രണ്ടു ലക്ഷം, രണ്ടേകാൽ ലക്ഷം; മൂന്ന് മീനിന് ഇത്രയും വില കിട്ടിയത് ഇങ്ങനെ
കഞ്ചിക്കോട് നിന്നും പ്രതികള്‍ക്ക് വാഹനവും ഒളിവില്‍ കഴിയാനുള്ള സാഹചര്യവും ഒരുക്കി നല്‍കിയത് ആരാണ്. ഇങ്ങനെ നിരവധിയായ സംശയങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മൂന്നുപേരില്‍ അന്വേഷണം ഒതുക്കി ആര്‍എസ്എസിന് പാദസേവ നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പണിപ്പെടുന്നത്. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ്, മലപ്പുറം സോണല്‍ പ്രസിഡന്റ് സി അബ്ദുല്‍നാസര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.