യുഡിഎഫ് അനുവദിച്ചാൽ പിണറായിക്കെതിരെ മത്സരിക്കും: പി വി അൻവർ
- Published by:Rajesh V
- news18-malayalam
Last Updated:
'ഉറച്ച കോട്ടകളൊക്കെ പണ്ടായിരുന്നു . ഇളക്കം തട്ടില്ല, തൊടാന്‍ പറ്റില്ല എന്നുപറയുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോഴുള്ളതെല്ലാം ഇളകിയ കോട്ടകളാണ്'
യുഡിഎഫ് അനുവദിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് പി വി അന്‍വര്‍. ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിലും പിണറായി മത്സരിച്ചിരിക്കും. അദ്ദേഹം എവിടെ മത്സരിക്കുന്നുവോ അവിടെ മത്സരിക്കാന്‍ തയ്യാറാണെന്നും അൻവർ പറഞ്ഞു.
ഉറച്ച കോട്ടകളൊക്കെ പണ്ടായിരുന്നു . ഇളക്കം തട്ടില്ല, തൊടാന്‍ പറ്റില്ല എന്നുപറയുന്ന കാലമൊക്കെ കഴിഞ്ഞെന്നും അൻവർ പറഞ്ഞു. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായിക്കഴിഞ്ഞു. ഇപ്പോഴുള്ളതെല്ലാം ഇളകിയ കോട്ടകളാണ്. അടിത്തറ ഇളകിയ കോട്ടകള്‍. പിണറായിയെ താഴെയിറക്കാനുള്ള പോരാട്ടത്തിനാണ് യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെതന്നെ തുടരും. എനിക്ക് എത്ര സീറ്റുവേണം ആ സീറ്റുവേണം എന്നൊക്കെ പറയാന്‍ കഴിയുമോ? അതൊക്കെ അവരാണ് മാന്യമായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
"ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. പാർലമെന്ററി രാഷ്ട്രീയ രംഗത്തുനിന്ന് പിൻമാറിയെന്നോ ജീവിതത്തിൽ ഇനിയൊരിക്കലും മത്സരിക്കില്ലെന്നോ ഒന്നും പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല, അതിന് സാധ്യവുമല്ല. എന്റെ രാജികൊണ്ട് ഒരു തിരഞ്ഞെടുപ്പാണ് വന്നിരിക്കുന്നത്. എന്നാൽ അതിനുമുൻപ് കൂടുതൽ രാജി വന്നേക്കാം. അവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് വരാൻ സാധ്യതയുണ്ട്. അവിടെയും യുഡിഎഫിന് നിരുപാധിക പിന്തുണ തന്നെയായിരിക്കും. തൃണമൂൽ കോൺഗ്രസിനെ യുിഡിഎഫിലെടുക്കാൻ മാത്രം ഒരു ചർച്ചയും നടന്നിട്ടില്ല.
advertisement
നിലമ്പൂരിൽ ഇനി മത്സരിക്കേണ്ട കാര്യമില്ല. കൂടുതൽ പേർ തൃണമൂലിലേക്ക് വരും. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ നൂറുശതമാനം പിന്തുണയ്ക്കും. വി എസ് ജോയ് മത്സരിച്ചാൽ 30,000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷമുണ്ടാവും. എന്നാൽ ഈ ഭൂരിപക്ഷം ഷൗക്കത്തിന്റെ കാര്യത്തിൽ ഏൽക്കാൻ സാധ്യതയില്ല. ജോയിക്ക് എങ്ങനെ പണിയെടുക്കുന്നോ അതുപോലെ ഷൗക്കത്തിനായും പണിയെടുക്കും. വോട്ട് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് വോട്ടർമാരാണ്. ഷൗക്കത്തുമായി ഒരു പ്രശ്നവുമില്ല. അദ്ദേഹം അടുത്ത സുഹൃത്തും ബന്ധുവുമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണിയാണ് അടിക്കാൻപോകുന്നത്- അൻവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
January 13, 2025 10:11 PM IST