കോഴിക്കോട്: നിർമാണഘട്ടത്തിൽ ബീം തകർന്നുവീണ കോഴിക്കോട് മാവൂരിലെ കൂളിമാട് പാലത്തിൽ (Koolimadu Bridge) പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് (PWD Vigilance) വിഭാഗം ഇന്ന് പരിശോധന നടത്തും. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന. ബീമുകൾ തകർന്ന് വീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണം എന്നാണ് കരാർ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം. ഇക്കാര്യവും വിജിലൻസ് പരിശോധിക്കും. നിർമാണത്തിൽ അപാകതയുണ്ടോ എന്നും പാലത്തിന്‍റെ ശേഷിക്കുന്ന ഭാഗത്തിന്‍റെ ക്ഷമതയും പരിശോധിക്കും.
കേരള റോഡ് ഫണ്ട് ബോർഡും സംഭവം അന്വേഷിക്കുന്നുണ്ട്. ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലത്തിന്‍റെ മലപ്പുറം ഭാഗത്തെ ബീമാണ് കഴിഞ്ഞ ദിവസം തകർന്ന് പുഴയിൽ വീണത്. യന്ത്രസഹായത്തോടെ പാലത്തിന്‍റെ തൂണിൽ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019 ലാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. പിന്നീട് പ്രളയം കാരണം നിർമാണം തടസ്സപ്പെട്ടു. എസ്റ്റിമേറ്റ് പുതുക്കി നൽകിയാണ് നിർമാണം ആരംഭിച്ചത്.
അതേസമയം, പാലം തകർന്നത് സർക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. നിർമാണത്തിൽ അഴിമതി നടന്നെന്നും വീഴ്ച്ചയിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും തുല്യപങ്കുണ്ടെന്നും മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീർ ആരോപിച്ചു. അന്വേഷണമാവശ്യപ്പെട്ട് യൂത്ത് ഇന്നലെ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. വിജിലൻസ് ഡയറക്ടർക്കും യൂത്ത് ലീഗ് പരാതി നൽകും.നിർമാണത്തിലെ അപാകത, അഴിമതി എന്നിവ പരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകുന്ന പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് യൂത്ത് ലീഗ് നീക്കം.
എന്നാൽ, ചിലർക്ക് ഇപ്പോഴും പാലാരിവട്ടം പാലത്തിന്റെ ഹാങ്ങോവർ മാറിയിട്ടില്ലെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചത്. ആരോപണം പറയേണ്ടവർക്ക് പറയാമെന്നും വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bridge, Kozhikode, PWD Kerala, Vigilance