'വേലൂരിയെ നീക്കം ചെയ്തത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; വിജിലൻസ്, നിയമസഭാ സമിതി അന്വേഷണം വേണം': രമേശ് ചെന്നിത്തല
- Published by:Rajesh V
- news18-malayalam
Last Updated:
'നൂറുകണക്കിന് കോടി രൂപയുടെ അഴിമതിയാണ് അനർട്ടിൽ നടന്നത്. ഒരു ഉദ്യോഗസ്ഥനെ നീക്കിയതു കൊണ്ട് ഈ അഴിമതി ഇല്ലാതാകുന്നില്ല. ഇത് വിശദമായി അന്വേഷിക്കണം'
തിരുവനന്തപുരം: അനർട്ടിന്റെ സി ഇ ഒ സ്ഥാനത്തുനിന്ന് നരേന്ദ്ര നാഥ് വേലൂരിയെ നീക്കം ചെയ്തതുകൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്നും അനർട്ടിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് വിശദമായ വിജിലൻസ് അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നൂറുകണക്കിന് കോടി രൂപയുടെ അഴിമതിയാണ് അനർട്ടിൽ നടന്നത്. ഒരു ഉദ്യോഗസ്ഥനെ നീക്കിയതു കൊണ്ട് ഈ അഴിമതി ഇല്ലാതാകുന്നില്ല. ഇത് വിശദമായി അന്വേഷിക്കണം. ആരോപണ വിധേയനായ വേലൂരിയെ കാലങ്ങളായി രണ്ടു മന്ത്രിമാരും ഭരണത്തിലെ ഉന്നതരം ചേർന്ന് സംരക്ഷിച്ചുവരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഈ ഉദ്യോഗസ്ഥന്‍ വനം വകുപ്പിലായിരിക്കെ നടത്തിയ പദ്ധതികളില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ 2022 ല്‍ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ചരിത്രത്തിലില്ലാത്ത വണ്ണം ആ ഫയല്‍ 188 തവണയാണ് മന്ത്രിയും സെക്രട്ടറിയും അടക്കമുള്ള ഉദ്യോഗസ്ഥരുടെ മേശകളില്‍ മാറിമാറി സഞ്ചരിച്ചത്.
അന്നു വനം വകുപ്പിന്റെയും ഊര്‍ജവകുപ്പിന്റെ സെക്രട്ടറിയായിരുന്ന ജ്യോതിലാല്‍ ഈ ഫയല്‍ പലവട്ടം കണ്ടതാണ്. വനംമന്ത്രി ശശീന്ദ്രന്റെ അടുത്തും എത്തിയതായി ഇതു സംബന്ധിച്ച് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. അച്ചടക്ക നടപടിക്കു ശുപാര്‍ശ ചെയ്യപ്പെട്ട ഈ ഉദ്യോഗസ്ഥനെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, അനര്‍ട്ട്, ഹൈഡല്‍ ടൂറിസം പോലുള്ള പ്രധാനപ്പെട്ട പദ്ധതികളുടെ തലപ്പത്ത് നിയമിതനാവുകയാണ് ചെയ്തത്. വനംവകുപ്പിന്റെ നടപടി നേരിടുന്നതിനിടെ ജ്യോതിലാല്‍ തന്നെ സെക്രട്ടറിയായിരുന്ന ഊര്‍ജവകുപ്പിന്റെ ഉന്നതസ്ഥാനത്ത് വേലൂരി എത്തിയത് എങ്ങനെ എന്നതും അന്വേഷണ വിധേയമാക്കേണ്ടതാണ്.
advertisement
ഇതും വായിക്കുക: ‘അധികം കളിക്കരുത്, കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; ബിജെപിക്കും സിപിഎമ്മിനും മുന്നറിയിപ്പുമായി വി ഡി സതീശൻ
വൈദ്യുത വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടിയുടെ വിശ്വസ്തനായി മാറിയ വേലൂരിക്കെതിരെ അനര്‍ട്ടില്‍ നടന്ന ക്രമക്കേടുകളുടെ പേരില്‍ ഇതുവരെ വൈദ്യുത വകുപ്പ് അന്വേഷണമൊന്നും ആരംഭിച്ചിട്ടില്ല. ഈ മന്ത്രിയുടെ അടുത്ത ബന്ധു സെക്രട്ടറിയായിരിക്കുന്ന പൊതുഭരണവകുപ്പിലാണ് ഈ അച്ചടക്കനടപടി ശുപാര്‍ശയുടെ ഫയല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കിടന്നു കറങ്ങുന്നത് എന്നും ശ്രദ്ധേയമാണ്.
നിലവില്‍ മൂന്നു വര്‍ഷം കൊണ്ട് 188 ഫയല്‍മൂവ്‌മെന്റ് നടക്കുകയും മന്ത്രിയടക്കമുള്ളവര്‍ തീരുമാനമെടുക്കാതെ മാറ്റി വിടുകയും ചെയ്ത ഈ അച്ചടക്കനടപടിയുടെ വിശദാംശങ്ങള്‍ ചോദിച്ച വിവരാവകാശ രേഖയ്ക്ക് സ്വകാര്യതാ വിഷയം ചൂണ്ടിക്കാട്ടി സർക്കാർ മറുപടി നല്‍കാൻ വിസമ്മതിക്കുകയും ചെയ്തു.
advertisement
ഈ സർക്കാർ സംരക്ഷണം അവസാനിപ്പിച്ച് അച്ചടക്കട നടപടികൾ സ്വീകരിക്കണം. അഴിമതികളെക്കുറിച്ച് വിശദമായ വിജിലൻസ് അന്വേഷണം നടത്തണം. മന്ത്രിമാരുടെ പങ്കിനെക്കുറിച്ച് നിയമസഭാസമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം - രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 26, 2025 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വേലൂരിയെ നീക്കം ചെയ്തത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; വിജിലൻസ്, നിയമസഭാ സമിതി അന്വേഷണം വേണം': രമേശ് ചെന്നിത്തല