കൊല്ലം: കൊട്ടിയം സ്വദേശിനിയായ റംസി എന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനും ഭർത്താവിനും മുൻകൂർ ജാമ്യം അനുവദിച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ പ്രതി ഹാരിസിൻ്റെ അമ്മയ്ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്ത റംസിയെ ഗര്‍ഭഛിദ്രം നടത്താന്‍  ലക്ഷ്മി പ്രമോദ് പ്രേരിപ്പിച്ചെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ ശ്രമം നടക്കുന്നെന്ന ആരോപണവുമായി ആക്ഷൻ കൗൺസിൽ രംഗത്തെത്തിയിരുന്നു.  ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ ശ്രമം നടക്കുന്നതിന്റെ ഭാഗമായാണ് മുൻകൂർ ജാമ്യം നേടാൻ പൊലീസാ സാവകാശം നൽകുന്നതെന്നായിരുന്നു ആരോപണം.

Also Read ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ ശ്രമം; അന്വേഷണം കാര്യക്ഷമമല്ലെന്ന് ആക്ഷൻ കൗൺസിൽ

വിവാഹം ഉറപ്പിച്ചതിനു ശേഷം, വിവാഹത്തിനു മുമ്പ് ഗർഭിണിയായ റംസിയെ പ്രതിശ്രുതവരനായ ഹാരിസ് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചും. ഇതിന്  ലക്ഷ്മി പ്രമോദ് കൂട്ടുനിന്നെന്നാണ് ആരോപണം. ലക്ഷ്മി പ്രമോദ് ഉൾപ്പെടെയുള്ളവർ ഗർഭഛിദ്രം നടത്തുന്നതിനായി ഗൂഡാലോചന നടത്തിയെന്ന് റംസിയുടെ വീട്ടുകാർ നേരത്തെ  ആരോപിച്ചിരുന്നു.

സെപ്റ്റംബർ മൂന്നിന്നാണ് കൊല്ലം കൊട്ടിയം സ്വദേശിയായ റംസി ആത്മഹത്യ ചെയ്തത്. റംസിയും ഹാരിസും വർഷങ്ങളായി പ്രണയത്തിൽ ആയിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞയിടെ ഇവരുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹം ഉറപ്പിച്ചതിനു ശേഷം ഹാരിസ് റംസിയുടെ കുടുംബത്തിൽ നിന്ന് സാമ്പത്തികം ഉൾപ്പെടെയുള്ള സ്വീകരിച്ചിരുന്നു. ഇതിനിടയിൽ റംസി ഹാരിസിൽ നിന്ന് ഗർഭിണിയാകുകയും ലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ പ്രേരണയിൽ റംസി ഗർഭഛിദ്രത്തിന് വിധേയയാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഹാരിസ് റംസിയുമായുള്ള വിവാഹത്തിൽ നിന്ന് പിൻമാറുകയും മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്യുകയായിരുന്നു.