ശബരിമല സ്വർണപ്പാളി വിവാദം: സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് ദേവസ്വം ബോർഡ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
കൃത്യമായും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് 2025ൽ സ്വർണ്ണം പൂശിയ പാളികൾ അറ്റകുറ്റ പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം ബോർഡ്
വ്യവസായി വിജയ് മല്യ ശ്രീകോവിൽ സ്വർണ്ണം പൂശിയ 1998 മുതൽ ഇക്കാലം വരെ സ്വർണ്ണത്തിന്റെ തൂക്കത്തിൽ ഉണ്ടായ കുറവിനെ കുറിച്ചും, സ്പോൺസർ എന്ന പേരിൽ ശബരിമലയെ ദുരുപയോഗം ചെയ്ത വ്യക്തികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് തിരുവിതാം കൂർ ദേവസ്വം ബോർഡ്. ഏത് അന്വേഷണമാണ് ഇക്കാര്യത്തിൽ വേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ശബരിമല എന്ന മഹത്തായ ക്ഷേത്രത്തിന്റെ വിശ്വാസ്വതയ്ക്ക് മങ്ങലേൽക്കാനോ കളങ്കം വരാനോ പാടില്ല. അതുകൊണ്ടാണ് ഈ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. പി.എസ് പ്രശാന്ത് അംഗങ്ങളായ അഡ്വ . എ. അജികുമാർ അഡ്വ. പി.ഡി. സന്തോഷ് കുമാർ എന്നിവർ വാർത്താക്കുറുപ്പിൽ അറിയിച്ചു.
കൃത്യമായും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് 2025ൽ സ്വർണ്ണം പൂശിയ പാളികൾ അറ്റകുറ്റ പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തിൽ ദേവസ്വം വിജിലൻസ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റ് ഓഫീസർ, ദേവസ്വം സ്മിത്ത് എന്നിവരുടെ സാന്നിധ്യത്തിൽ മഹസർ തയ്യാറാക്കി സീൽ ചെയ്ത് നടപടിക്രമങ്ങളുടെ വീഡിയോ ചിത്രീകരണം നടത്തിയാണ് സുരക്ഷിത വാഹനത്തിൽ പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഈ വാഹനത്തിൽ തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തിൽ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു. സ്പോൺസറുടെ കൈവശം കൊടുത്തുവിടുകയല്ല ചെയ്തത്. മഹസർ പ്രകാരം ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികളുടെ ആകെ ഭാരം 38 കിലോഗ്രാമാണ്. 14 പാളികളാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ 397 ഗ്രാം സ്വർണ്ണമാണ്. കേടുപാടുകൾ ഇല്ലാത്ത രണ്ട് പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയില്ല. ചെന്നൈയിലേക്ക് കൊണ്ടുപോയ 12 പാളികളുടെ ആകെ ഭാരം 22 കിലോഗ്രാം ആണ്. അതിൽ 281 ഗ്രാം ആയിരുന്നു സ്വർണ്ണത്തിന്റെ ഭാരം. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ നടന്ന അറ്റകുറ്റ പണികളുടെ ഭാഗമായി 10 ഗ്രാം സ്വർണ്ണമാണ് പുതുതായി പൂശിയത്. ശേഷം ഹൈക്കോടതി അനുമതിയോടെ തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തിൽ സന്നിധാനത്ത് തിരികെ എത്തിച്ചു മഹസർ തയ്യാറാക്കിയപ്പോൾ 12 പാളികളിലെ സ്വർണ്ണത്തിന്റെ ഭാരം 291 ഗ്രാമായി വർദ്ധിച്ചു . ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ 14 പാളികളുടെ ആകെ ഭാരം 38 കിലോഗ്രമാണ് ഇതിൽ സ്വർണ്ണത്തിന്റെ ഭാരം 397 ഗ്രാമിൽ നിന്ന് ഇപ്പോൾ 4O7 ഗ്രാമായും വർദ്ധിച്ചു.
advertisement
ഹൈക്കോടതി അനുമതിയോടെ സന്നിധാനത്ത് തിരികെ എത്തിച്ച പാളികൾ സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കയാണ്. ഇത് പുനസ്ഥാപിക്കാനുള്ള അനുമതി ഹൈക്കോടതിയിൽ നിന്ന് ലഭ്യമായ സാഹചര്യത്തിൽ തുലാമാസ പൂജയ്ക്കായി നടതുറക്കുന്ന ഒക്ടോബർ 17 ന് തന്ത്രിയുടെ സാന്നിധ്യത്തിൽ പാളികൾ പുനസ്ഥാപിക്കും. 2019 ലെ അറ്റകുറ്റപ്പണികൾക്ക് ശേഷം 40 വർഷത്തെ വാറന്റി ഈ പാളികൾക്ക് ഉണ്ടെന്നാണ് സ്മാർട്ട് ക്രിയേഷൻസും സ്പോൺസറും അറിയിച്ചിരുന്നത്. വാറന്റി അന്നത്തെ സ്പോൺസറുടെ പേരിൽ ആയത് കൊണ്ട് മാത്രമാണ് 2025ൽ പാളികളുടെ അറ്റകുറ്റപ്പണികൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസ്തുത സ്പോൺസറോട് ആവശ്യപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇക്കാര്യത്തിൽ ഒളിക്കുവാനോ മറക്കുവാനോ യാതൊന്നുമില്ല. അതുകൊണ്ടാണ് വിഷയത്തിൽ സമഗ്ര അന്വേഷണത്തിന് ദേവസ്വം ബോർഡ് കോടതിയോട് ആവശ്യപ്പെടുന്നതെന്നും വാർത്താ കുറിപ്പിൽ പറയുന്നു.
advertisement
ആഗോള അയ്യപ്പ സംഗമത്തിന് തൊട്ടുമുൻപ് ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ വ്യാജ ആരോപണങ്ങളെ ഏറ്റെടുത്തുകൊണ്ട് നാല് കിലോ സ്വർണം ദേവസ്വം ബോർഡ് അപഹരിച്ചു എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ്, പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധു വീട്ടിൽ നിന്നു തന്നെ കണ്ടെടുത്തപ്പോൾ ഉണ്ടായ ജാള്യത മറക്കാനാണ് ദേവസ്വം ബോർഡിനെതിരെ തുടരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ചരിത്ര വിജയത്തിൽ അസ്വസ്ഥരായ ചില കേന്ദ്രങ്ങൾ സ്വർണ്ണം പൂശിയ പാളി വിഷയത്തെ ഒരു സുവർണ്ണാവസരമായി കണ്ട് ദേവസ്വം ബോർഡിനെ ആകെ അപകീർത്തിപെടുത്താൻ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
advertisement
തിരുവാതാംകൂർ ദേവസ്വം ബോർഡ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസം മുമ്പാണ് 467 കിലോഗ്രാം സ്വർണ്ണം കോടതി നിർദ്ദേശാനുസരണം സ്റ്റേറ്റ് ഓഡിറ്റിനു വിധേയമാക്കി റിസർവ് ബാങ്കിന് കൈമാറിയത്. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡിന് കീഴിലുള്ള 18 സ്ട്രോങ്ങ് റൂമുകളിൽ എ കാറ്റഗറി (പൗരാണികം) ബി കാറ്റഗറി (നിത്യ നിദാന ഉത്സവാദികൾ) സി കാറ്റഗറി (ഇതിലൊന്നും പെടാത്ത സ്വർണ്ണ ശകലങ്ങൾ) എന്നിങ്ങനെ കൃത്യമായി വേർതിരിച്ച് തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തിൽ രേഖയാക്കി സൂക്ഷിച്ചിട്ടുണ്ട്. ഇത് കൃത്യമായി കോടതിയുടെ ശ്രദ്ധയിൽ പെടുത്തും. ദേവസ്വം ബോർഡിന്റെ സമ്പൂർണ്ണ ഡിജിറ്റൈസേഷന്റെ ഭാഗമായി എൻ ഐ സി ചെന്നൈയുമായി സഹകരിച്ച് സമഗ്രമായ ഒരു സോഫ്റ്റ്‌വെയർ വികസിപ്പിച്ചിട്ടുണ്ട്. ഈ സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്നതോടെ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ അടക്കമുള്ള വിലപിടിച്ച വസ്തുക്കളുടെ വിവരങ്ങൾ സമ്പൂർണ്ണമായി ക്ലൗഡ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തും. ഈ വിവരവും കോടതിയെ അറിയിക്കും.
advertisement
ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷേ ആയതിന്റെ പേരിൽ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനേയും ശബരിമല ക്ഷേത്രത്തിന്റെ പരിപാവനതയെയും ആക്രമിക്കുന്നത് കേവല സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മാത്രമാണെന്നെന്നും വാർത്താ കുറിപ്പിൽ ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 04, 2025 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വർണപ്പാളി വിവാദം: സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് ദേവസ്വം ബോർഡ്