HOME /NEWS /Kerala / Sabarimala| തുലാമാസ പൂജകൾക്ക് ശബരിമല നട 16ന് തുറക്കും; ദർശനത്തിനെത്തുന്നവർ ശ്രദ്ധിക്കേണ്ടത്

Sabarimala| തുലാമാസ പൂജകൾക്ക് ശബരിമല നട 16ന് തുറക്കും; ദർശനത്തിനെത്തുന്നവർ ശ്രദ്ധിക്കേണ്ടത്

ശബരിമല

ശബരിമല

ശബരിമല ദർശനത്തിനെത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • Share this:

    തുലാമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഈ മാസം 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. പിന്നീട് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറന്ന് ദീപം തെളിച്ച ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും അഗ്നി പകരും. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്യും. 16 ന് പ്രത്യേക പൂജകൾ ഉണ്ടാവില്ല.

    17 ന് ആണ് തുലാം മാസം ഒന്ന്. അന്ന് പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിർമ്മാല്യ ദർശനം. പതിവ് അഭിഷേകവും നെയ്യഭിഷേകവും നടക്കും. 5.30ന് മഹാഗണപതി ഹോമം . 7.30 ന് ഉഷപൂജ. 8 മണിക്ക് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ശബരിമല - മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുക.

    Also Read Sabarimala Pilgrimage 20-21| 'അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കണം; ഏകപക്ഷീയ തീരുമാനങ്ങൾ പുനഃപരിശോധിക്കണം': ഹിന്ദുസംഘടനകൾ

    ആദ്യം ശബരിമല മേൽശാന്തിയെ നറുക്കെടുക്കും. 9 പേരാണ് ശബരിമല മേൽശാന്തി നിയമനത്തിലെ അന്തിമ യോഗ്യതാ പട്ടികയിൽ ഉള്ളത്. തുടർന്ന് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പും നടക്കും. വരുന്ന നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനം മുതൽ ഒരു വർഷമാണ് പുതിയ മേൽശാന്തിമാരുടെ കാലാവധി. പുറപ്പെടാ ശാന്തിമാരായ ഇരുവരും നവംബർ 15 ന് ശബരിമലയിൽ ഇരുമുടി കെട്ടുമായെത്തി ചുമതല ഏറ്റെടുക്കും. വൃശ്ചികം ഒന്നായ 16ന് തിരുനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാർ ആയിരിക്കും.

    കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് 17 മുതൽ 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദിവസേന 250 പേർ എന്ന കണക്കിൽ അയ്യപ്പഭക്തർക്ക് ശബരിമലയിൽ ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് ഇല്ലെന്ന് 48 മണിക്കൂർ മുമ്പ് നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റ് ദർശനത്തിനായി എത്തുന്ന ഓരോ അയ്യപ്പഭക്തർക്കും നിർബന്ധമാണ്. നിലയ്ക്കലിൽ കോവിഡ്- 19 പരിശോധനാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. പമ്പയിൽ അയ്യപ്പഭക്തർക്ക് കുളിക്കാൻ അനുമതി ഉണ്ടാവില്ല. സ്നാനം നടത്താനായി പ്രത്യേകം ഷവറുകൾ ക്രമീകരിച്ചിട്ടുണ്ട്.

    Also Read Sabarimala Pilgrimage 20-21| 'നീക്കം ആചാരലംഘനത്തിന്'; സർക്കാർ തീരുമാനത്തിനെതിരെ ശബരിമല കർമസമിതി

    ടോയിലറ്റ്, ബാത്ത് റൂം സൗകര്യങ്ങൾ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ വിവിധ പോയിൻറുകളിൽ ക്രമീകരിച്ചിരിക്കുന്നു. സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് അയ്യപ്പഭക്തൻമാരുടെ മലകയറ്റവും മലഇറക്കവും. ഇരുമുടിയുമായി പതിനെട്ടാം പടി കയറി വരുന്ന ഭക്തർ കൊടിമരത്തിന് വലതു വശത്തുകൂടെ ദർശനത്തിനായി പോകണം. അയ്യപ്പൻമാർക്ക് കോവിഡ്- 19 മാനദണ്ഡം പാലിച്ച് ദർശനം നടത്താനായി പ്രത്യേക മാർക്കുകൾ നടപ്പന്തൽ മുതൽ രേഖപ്പെടുത്തിയിട്ടുണ്ട്.

    ശ്രീകോവിലിന് മുന്നിലൂടെയുള്ള ആദ്യത്തെയും അവസാനത്തെയും റോ വഴി ആണ് ഭക്തർ ദർശനം നടത്തി നീങ്ങേണ്ടത്. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ അവിടെയും ദർശനം നടത്തി പ്രസാദവും വാങ്ങി ഭക്തർക്ക് മലയിറങ്ങാവുന്നതാണ്. ഭക്തർ അഭിഷേകത്തിനായി കൊണ്ടുവരുന്ന നെയ്യ് പ്രത്യേക കൗണ്ടറിൽ ശേഖരിച്ച ശേഷം മറ്റൊരു കൗണ്ടറിലൂടെ അവർക്ക് ആടിയ ശിഷ്ടം നെയ്യ് നൽകും. അപ്പം, അരവണ കൗണ്ടറുകൾ പ്രവർത്തിക്കും.

    അന്നദാനം ചെറിയ തോതിൽ ഉണ്ടാകും. ഭക്തർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തർക്കായി ശബരിമലയിൽ താമസ സൗകര്യം ഉണ്ടാവില്ല. പതിവ് പൂജകൾക്ക് പുറമെ ഉദയാസ്തമന പൂജ, പടിപൂജ എന്നിവ ഉണ്ടാകും. തുലാമാസ പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. ഈ വർഷത്തെ മണ്ഡല-മകരവിളക്ക് ഉൽസവത്തിനായി നവംബർ 15ന് വൈകുന്നേരം 5 മണിക്ക് തിരുനട തുറക്കുന്നതാണ്. ഡിസംബർ 26ന് ആണ് മണ്ഡല പൂജ. മകരവിളക്ക് 2021 ജനുവരി 14 ന് നടക്കും.

    First published:

    Tags: Covid protocols, Sabarimala, Sabarimala darshan, ശബരിമല ദർശനം