HOME /NEWS /Kerala / Sabarimala Pilgrimage 20-21| 'നീക്കം ആചാരലംഘനത്തിന്'; സർക്കാർ തീരുമാനത്തിനെതിരെ ശബരിമല കർമസമിതി

Sabarimala Pilgrimage 20-21| 'നീക്കം ആചാരലംഘനത്തിന്'; സർക്കാർ തീരുമാനത്തിനെതിരെ ശബരിമല കർമസമിതി

News18 Malayalam

News18 Malayalam

സർക്കാർ ഏകപക്ഷീയമായി ഇപ്പോൾ എടുത്ത തീരുമാനങ്ങൾ നടപ്പാക്കിയാൽ തീർത്ഥാടനത്തിന്റെ പവിത്രതയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും കർമസമിതി

  • Share this:

    ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സർക്കാർ ഏകപക്ഷീയമായെടുത്ത തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് ശബരിമല കർമസമിതി. സർക്കാർ ഏകപക്ഷീയമായി ഇപ്പോൾ എടുത്ത തീരുമാനങ്ങൾ നടപ്പാക്കിയാൽ തീർത്ഥാടനത്തിന്റെ പവിത്രതയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും കർമസമിതി കുറ്റപ്പെടുത്തി. തീർത്ഥാടനവുമായി ബന്ധപ്പെട്ട് ചില  നിർദേശങ്ങളും കർമസമിതി സർക്കാരിന് മുന്നിൽവെച്ചു. സന്ന്യാസി ശ്രേഷ്ഠന്മാർ, പന്തളം കൊട്ടാര പ്രതിനിധികൾ, ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട വിവിധ സംഘങ്ങൾ, ഗുരുസ്വാമിമാർ, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവരുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിർദേശങ്ങൾ തയാറാക്കിയതെന്ന് ശബരിമല കർമസമിതി എസ്.ജെ.ആർ. കുമാർ അറിയിച്ചു.

    ശബരിമല കർമസമിതി സർക്കാരിന് മുന്നിൽവയ്ക്കുന്ന ആവശ്യങ്ങൾ

    1. ശബരിമലയുടെയും തീർത്ഥാടകരുടെയും പൂജാരിമാരുടെയും ദേവസ്വം ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷയും ആരോഗ്യവും വേണ്ടവണ്ണം ഉറപ്പാക്കിക്കൊണ്ടായിരിക്കണം മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനുള്ള തയാറെടുപ്പുകൾ നടത്തേണ്ടത്.

    Also Read- 'അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കണം; ഏകപക്ഷീയ തീരുമാനങ്ങൾ പുനഃപരിശോധിക്കണം': ഹിന്ദുസംഘടനകൾ

    2. കോവിഡ് 19 മഹാമാരിയുടെ ഭീതിദമായ വ്യാപനം അനുദിനം ശക്തിപ്പെട്ടുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, പ്രത്യേകിച്ചും സാമൂഹ്യ വ്യാപനം നിയന്ത്രിക്കാൻ കേരളത്തിൽ 144 പോലും പ്രഖ്യാപിക്കേണ്ടിവന്ന പശ്ചാത്തലത്തിൽ, തീർത്ഥയാത്രയ്ക്കും ദർശനത്തിനും സ്വാഭാവികമായും ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ അയ്യപ്പന്മാരുടെ സുരക്ഷയെ വളരെയേറെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല. സമകാലീന സംഭവങ്ങൾ ശബരിമലയുടെയും അയ്യപ്പന്മാരുടെയും സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാകയാൽ ദേവസ്വം ബോർഡും സർക്കാരും അടുത്തുവരുന്ന ശബരിമല തീർത്ഥാടനം സംബന്ധിച്ചു കൈക്കൊണ്ടിട്ടുള്ള എല്ലാവിധ തീരുമാനങ്ങളും പുനഃപരിശോധിക്കേണ്ടതാണ്.

    3. ഹൈന്ദവ ക്ഷേത്രമായ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ക്ഷേത്രം തന്ത്രിയുമായോ, പന്തളം രാജപ്രതിനിധിയുമായോ, ഹൈന്ദവ സംഘടനകളുമായോ ഭക്തജന സംഘടനകളുമായോ ഒരുമിച്ചിരുന്ന് ചർച്ചചെയ്യാതെ മന്ത്രിമാരും ഗവണ്മെന്റ് സെക്രട്ടറിമാരും കൂടി തീരുമാനമെടുത്തു നടപ്പാക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഏതെങ്കിലും വിഷയത്തിൽ കൃത്യമായ ഒരു ഉപദേശം ലഭ്യമാക്കാൻ വിദഗ്ദ്ധസമിതികളെ രൂപീകരിക്കുന്നത് സാധാരണ സർക്കാരുകൾ ചെയ്യാറുള്ളതാണ്. എന്നാൽ അത്തരത്തിൽ രൂപീകരിക്കുന്ന സമിതിയിൽ ആ വിഷയത്തിലെ വിദഗ്ധന്മാരെയാണ് ഉൾപ്പെടുത്തുക എങ്കിൽ ഇപ്പോൾ ശബരിമല വിഷയത്തിൽ സർക്കാർ നിയോഗിച്ച ഗവണ്മെന്റ് സെക്രട്ടറിമാർക്ക് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്ത് യോഗ്യതയാണ് ഉള്ളത്.

    4. 1949 മെയ് 27 ന് കേന്ദ്ര സർക്കാരും തിരുവിതാംകൂർ മഹാരാജാവുമായി ഒപ്പുവെച്ച കരാർ പ്രകാരവും പിന്നീട് ഭരണഘടന വഴി നിയമസാധുതയും ലഭിച്ച കവനന്റ് പ്രകാരം സ്ഥാപിതമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന് സ്വതന്ത്രമായി ഭരണം നടത്താൻ അവകാശപ്പെട്ട ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങളിൽ കേരള സർക്കാരും മന്ത്രിമാർ പ്രത്യേകിച്ചും അനാവശ്യമായി കൈകടത്തുന്നതും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതും തികച്ചും നിയമ വിരുദ്ധമായ നടപടിയാണ്.

    Also Read- ശബരിമല: തിരുപ്പതി മോഡൽ ഓൺലൈൻ ദർശനത്തിന് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറിയുടെ സമിതി

    5. മറ്റ് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആ വിഭാഗത്തിൽപ്പെട്ട പ്രമുഖന്മാരുമായും നേതാക്കന്മാരുമായും ചർച്ച നടത്തുകയും അവരുടെ ആരാധനാലയങ്ങളുടെ കാര്യങ്ങളിൽ സർക്കാർ ഇടപെടലുകൾ ഒഴിവാക്കി അവർക്ക് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യം നൽകുകയുമാണ് ചെയ്യുന്നത്. എന്നാൽ ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും ആരുമായും കൂടി ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന നടപടി ഭരണഘടനയുടെ അടിസ്ഥാനത്തിൽ രൂപീകൃതമായ ഒരു മതനിരപേക്ഷ സർക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടായിട്ട് മാത്രമെ കാണാൻ സാധിക്കൂ. ഇതിനൊരു മാറ്റം ഉണ്ടായേ മതിയാകൂ.

    6. പരമ വിശിഷ്ഠമായ നെയ്യഭിഷേകവും പമ്പാ സ്നാനവും അതുപോലെ മറ്റ് ആചാരാനുഷ്ഠാനങ്ങളും ലംഘിച്ചു കൊണ്ട് സാമ്പത്തിക സമാഹരണം മാത്രം ലക്ഷ്യമിട്ട് നടത്തുന്ന തീർത്ഥാടനത്തിന് ഭക്ത ജനങ്ങളെ ശബരിമലയിൽ എത്തിക്കാനുള്ള കേരള സർക്കാരിന്റെയും ദേവസം ബോർഡിന്റെയും ശ്രമം മുമ്പ് സുപ്രീം കോടതി വിധിയുടെ പേരിൽ നടത്താൻ ശ്രമിച്ച ആചാര ലംഘനം ഇപ്പോൾ കോവിഡ് 19ന്റെ മറവിൽ നടപ്പിലാക്കാനുളള ഒരു ശ്രമം കൂടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    Also Read- ശബരിമല തീർത്ഥാടനം; ഉന്നതതല യോഗമെടുത്ത 18 തീരുമാനങ്ങൾ

    7. മഹാമാരിയുടെ സമൂഹവ്യാപനം ശക്തവും നിയന്ത്രണാതീതവും ആയിക്കൊണ്ടിരിക്കുമ്പോൾ വീണ്ടുവിചാരമില്ലാതെയും പ്രോട്ടോക്കോൾ വേണ്ടവണ്ണം പാലിക്കാതെയും ആളുകളെ മല കയറ്റിവിടാൻ അധികൃതർ നടത്തുന്ന ശ്രമങ്ങൾ ആപൽക്കരമായ സ്ഥിതിവിശേഷമാവും ക്ഷണിച്ചുവരുത്തുക. ആയിരക്കണക്കിന് അയ്യപ്പന്മാരുടെയും ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നൂറുകണക്കിന് മറ്റു പ്രവർത്തകരുടെയും ആരോഗ്യത്തെയും ജീവനെയും പന്താടുന്ന ഗൗരവമേറിയ ഇത്തരം തീരുമാനങ്ങളുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായും അധികൃതർ ചർച്ച നടത്തണം.

    8. സർക്കാർ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ വെച്ചുകൊണ്ട് പരമ്പരാഗതമായി നിലനിൽക്കുന്ന ആചാരങ്ങൾ അനുസരിച്ച് ഭക്തജനങ്ങൾക്ക് ശബരിമല തീർത്ഥാടനം നടത്താൻ സാധ്യമല്ല. സർക്കാർ ഏകപക്ഷീയമായി ഇപ്പോൾ എടുത്ത തീരുമാനങ്ങൾ നടപ്പാക്കിയാൽ തീർത്ഥാടനത്തിന്റെ പവിത്രതയെ തന്നെ പ്രതികൂലമായി ബാധിക്കും. ഭക്തജനങ്ങളെ സംബന്ധിച്ച് സാധാരണ ഒരു ക്ഷേത്ര ദർശനത്തിനുള്ള യാത്ര പോലെയല്ല ശബരിമല തീർത്ഥയാത്ര. അയ്യപ്പമുദ്രയുള്ള മാല ധരിച്ച് വ്രതശുദ്ധിയോടെ പരമ്പരാഗതമായി കൈക്കൊണ്ടുവരുന്ന ചില ചിട്ടവട്ടങ്ങളോടുകൂടി അയ്യപ്പന് അഭിഷേകം ചെയ്യാനുള്ള നെയ്യ് നിറച്ച നെയ്ത്തേങ്ങ ഉൾപ്പെടുന്ന ഇരുമുടിക്കെട്ടുമായി ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ഒരുമിച്ചുള്ള ഒരു തീർത്ഥയാത്രയാണ് അയ്യപ്പന്മാർ നടത്തുന്നത്. പമ്പാ സ്റ്റാനവും ബലിതർപ്പണവും നടത്തി മല കയറി പതിനെട്ടാംപടി ചവുട്ടി അയ്യപ്പനെ ദർശിക്കുന്ന ഭക്തനെ സംബന്ധിച്ച് ഇരുമുടിക്കെട്ടിലുള്ള നെയ്യ് വിഗഹത്തിൽ അഭിഷേകം ചെയ്ത് അത് ഒരു പ്രസാദമായി തിരികെ സ്വീകരിക്കുക എന്നുള്ളതാണ് തീർത്ഥാടനത്തിന്റെ മുഖ്യ വഴിപാട്. പരമപ്രധാനമായ ഈ വഴിപാട് നടത്താതെയുള്ള ശബരിമല തീർത്ഥാടനം അപൂർണ്ണമാകും. ഇത് ഒരു ഭക്തനെ സംബന്ധിച്ച് ഉൾക്കൊള്ളാൻ പറ്റുന്നതല്ല.

    9. ബഹുഭൂരിപക്ഷം ഗുരുസ്വാമിമാരും കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവേശനത്തിന് അനുവദിക്കപ്പെട്ട ഉയർന്ന പ്രായപരിധിക്ക് മുകളിലുളളവരാണ്. അതുകൊണ്ടുതന്നെ ഗുരുസ്വാമിമാരോടൊപ്പം തീർത്ഥാടനം നടത്തുന്ന പല അയ്യപ്പന്മാർക്കും ഇത് തീർത്ഥയാത്രയ്ക്കുള്ള പ്രതിബന്ധമാകും. അത്തരത്തിൽ ഗുരുസ്വാമിമാരുടെ നേതൃത്വത്തിലല്ലാതെയുള്ള യാത്ര അപൂർണ്ണവും ഒരു സാധാരണ ക്ഷേത്രത്തിലേക്കുള്ള യാത്രപോലെയായി മാറുകയും ചെയ്യും.

    Also Read- ശബരിമല ദർശനത്തിന് ഒരുദിവസം 1000 പേർ ; കാനനപാത ഇല്ല; വിദഗ്ധ സമിതി നിർദേശം ഇങ്ങനെ

    10. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി മാസ്ക് ധരിച്ചുകൊണ്ട് മല കയറുന്നത് ഏതൊരു അയ്യപ്പനെ സംബന്ധിച്ചും കടുത്ത ആരോഗ്യ പ്രശ്നം സൃഷ്ടിക്കാവുന്ന ഒന്നാണ്. മാസ്ക് ധരിച്ചുകൊണ്ട് മല കയറുവാൻ സാധിക്കുമോ എന്നുതന്നെ സംശയമാണ്.

    11. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മല കയറുന്നതും ഇറങ്ങുന്നതും പതിനെട്ടാംപടി കയറുന്നതും സോപാനത്ത് ദർശനം നടത്തുന്നതുമെല്ലാം എത്രത്തോളം പ്രായോഗികമാണെന്ന് ചിന്തിക്കേണ്ട വിഷയമാണ്.

    12. ആയിരക്കണക്കിന് ഭക്തജനങ്ങൾ ദർശനത്തിന് എത്തുന്ന സാഹചര്യത്തിൽ തന്ത്രിക്കും, പുറപ്പെടാശാന്തിമാരായ മേൽശാന്തിമാർക്കും, മറ്റ് പൂജാരിമാർക്കും, ജീവനക്കാർക്കും രോഗം പിടിപെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പരിമിതമായ തോതിൽ മാത്രം ഭക്തജനങ്ങൾ എത്തുന്ന തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിമാരായ നമ്പിമാർക്കുണ്ടായ അനുഭവം നമ്മുടെ മുന്നിലുണ്ട്. പക്ഷേ ശബരിമല ക്ഷേത്രത്തിൽ അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടായാൽ നട അടച്ചിടുന്ന തലത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേർന്നേക്കാം. ഹൈന്ദവ ദേവാലയങ്ങളിൽ ദർശനത്തേക്കാൾ പ്രാധാന്യം പൂജയ്ക്കാണ് എന്ന കാര്യവും ഇവിടെ പ്രസക്തമാണ്.

    Also Read- ഓൺലൈൻ ദർശനം ആചാരങ്ങൾക്ക് യോജിച്ചതല്ലെന്ന് ശബരിമല തന്ത്രി; ആചാരലംഘനം അനുവദിക്കില്ലെന്ന് ഹിന്ദുഐക്യവേദി

    13. ബഹുദൂരം വാഹനങ്ങളിലും നടന്നും പമ്പയിലെത്തി അവിടെനിന്നും ആയാസകരമായ മലകയറ്റവും കഴിഞ്ഞ് സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാരെ വിരി വെക്കുവാൻ പോലും അനുവദിക്കാതെ ഉടൻ തന്നെ മടക്കി അയയ്ക്കുന്ന നടപടി ക്രൂരവും അയ്യപ്പന്മാരുടെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ ഒരു പ്രശ്നവുമാണ്.

    14. ആചാര്യശ്രേഷ്ഠർ, തന്ത്രിമുഖ്യർ, പന്തളം കൊട്ടാരം, ആചാരങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രസ്ഥാനങ്ങൾ, അയ്യപ്പഭക്തസംഘടനകൾ, ഹൈന്ദവ സംഘടനകൾ തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യാതെ, ഏകപക്ഷീയമായി ദേവസ്വം ബോർഡും സർക്കാരും ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ശബരിമലയുടെ താല്പര്യങ്ങൾക്ക് ഗുണകരമല്ല.

    15. പോലീസിന്റെയും വനംവകുപ്പിന്റെയും കണ്ണ് വെട്ടിച്ച് രണ്ടു പേർ ശബരിമല നടപ്പന്തൽ വരെ നിഷ്പ്രയാസം എത്തിയത് ഭക്തജനങ്ങളിൽ വളരെയേറെ ഉത്കണ്ഠ ഉണ്ടാക്കിയിട്ടുണ്ട്. തീവ്രവാദ ഭീഷണികൾ നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇത് വളരെ ഗൗരവത്തോടുകൂടി കാണേണ്ട വിഷയമാണ്. ശബരിമലയുടെ സുരക്ഷിതത്വത്തിന് ശക്തമായ സംവിധാനം ഉടനടി ഏർപ്പെടുത്തണം.

    16. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ന് നിലനിൽക്കുന്ന ആരോഗ്യ-സുരക്ഷാ പ്രവർത്തകരുടെ ദൗർലഭ്യം കണക്കിലെടുക്കുമ്പോൾ ഈ വിഭാഗത്തിലുള്ള എത്രപേരെ ശബരിമലയിലേക്ക് നിയോഗിക്കാൻ സാധിക്കുമെന്നതും ചിന്തിക്കേണ്ട വിഷയമാണ്. അത്തരത്തിൽ നിയോഗിക്കപ്പെടുന്നതുമൂലം സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവാർത്തനങ്ങളെ അത് എങ്ങനെ ബാധിക്കുമെന്നതും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ KGMOA സർക്കാർ തീരുമാനത്തിനെതിരെ പ്രതികരിച്ചതും തീർച്ചയായും പരിഗണിക്കപ്പെടേണ്ടതുണ്ട്.

    17. ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശബരിമലയിലേക്ക് എത്താറുള്ള തീർത്ഥാടന പ്രവാഹം കണക്കിലെടുക്കുമ്പോൾ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധ നടപടികളും എത്രത്തോളം പ്രായോഗികമാണെന്ന് ചിന്തിക്കേണ്ടതുണ്ട്. അത്തരത്തിൽ ഉണ്ടാകുന്ന ഏതൊരു വീഴ്ച്ചയും ശബരിമല ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങളെ വരെ ബാധിക്കാൻ സാധ്യതയുണ്ട്.

    18. മഹാമാരിയുടെ സമൂഹവ്യാപനം ഭീതിദമാം വിധം വർധിച്ചു വരുന്ന സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ അയ്യപ്പന്മാർ എത്തുന്നത് നിരുത്സാഹപ്പെടുത്തണം. ആയിരക്കണക്കിന് അയ്യപ്പന്മാരെ ഈ ഘട്ടത്തിൽ പ്രവേശിപ്പിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനും ദേവസ്വം ബോർഡിനും മാത്രമായിരിക്കുമെന്ന് ഓർമ്മപ്പെടുത്തുന്നു. തീർത്ഥാടന കാലത്ത് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കാത്ത സാഹചര്യത്തിലും ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ട് ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെയും അനുബന്ധ ക്ഷേത്രങ്ങളുടെയും പൂജാദി കർമ്മങ്ങളും അനുഷ്ഠാനങ്ങളും, തിരുവാഭരണ ഘോഷയാത്ര, പേട്ടതുള്ളൽ തുടങ്ങിയ ചടങ്ങുകൾ പാരമ്പര്യ സമ്പ്രദായങ്ങൾക്ക് ഭംഗം കൂടാതെ, എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നിറവേറ്റുന്നതിനുള്ള നടപടികൾ കൂടി ദേവസ്വംബോർഡ് സ്വീകരിക്കണം. വ്യത്യസ്തമായ ഒരു അഭിപ്രായമാണ് ദേവസ്വം ബോർഡിനോ സർക്കാരിനോ ഈ വിഷയത്തിൽ ഉള്ളത് എങ്കിൽ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട മേൽ പറഞ്ഞ എല്ലാ കക്ഷികളുമായി ചർച്ച നടത്തണം.

    സ്വാമി ചിദാനന്ദപുരി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി ജ്ഞാനാമൃതാനന്ദ പുരി, സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ, സ്വാമി നിത്യാനന്ദ, സ്വാമി അയ്യപ്പദാസ്, ശ്രീമൂലംതിരുനാൾ പി.ആർ. ശശികുമാരവർമ്മ, സർവ്വശ്രീ രാജേഷ് കളരിയിൽ, ആലങ്ങാട്ടു യോഗം, ഹരി, അമ്പലപ്പുഴ യോഗം, എസ്. സേതുമാധവൻ, കുമ്മനം രാജശേഖരൻ, എ.ആർ.മോഹനൻ, വി.കെ.വിശ്വനാഥൻ, എസ്.ജെ.ആർ. കുമാർ, ഈറോഡ് രാജൻ, അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, ഇ.എസ്. ബിജു, വി.ആർ. രാജശേഖരൻ, എം.കെ. അരവിന്ദാക്ഷൻ ടി.യു. മോഹനൻ. ടി. കെ. കുട്ടൻ, എസ്. വിനോദ്‌കുമാർ, അഡ്വ. സന്ദീപ്, അയ്യപ്പദാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

    First published:

    Tags: Hindu organisations, Sabarimala, Sabarimala karmasamithi, Sabarimala pilgrimage, Travancore devaswom board