Sabarimala Verdict: ശബരിമല വിധിയും നമ്മൾ കേട്ടതും
Last Updated:
വിധിയുടെ പ്രസക്തഭാഗങ്ങൾ ലളിതമായി വിശദീകരിക്കുകയാണ് ഇവിടെ....
പ്രതീക്ഷിച്ചതിലും സങ്കീർണ്ണമായ വിധിയാണ് ശബരിമല യുവതീ പ്രവേശന കാര്യത്തിൽ ഉണ്ടായത്. വിധിയുടെ പ്രസക്ത ഭാഗങ്ങൾ ലളിതമായി വിശദീകരിയ്ക്കുകയാണ് ഇവിടെ.
എന്തായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ള പ്രധാന ഹർജികൾ?
ഹിന്ദു ആരാധനാ സ്ഥല ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് അനുസരിച്ചു ശബരിമലയിലുള്ള യുവതീ വിലക്ക് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വർഷം റദ്ദാക്കിയിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന 56 ഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിൽ പ്രധാനമായി ഉണ്ടായിരുന്നത്. ഈ ഹർജികൾ സ്വീകരിക്കണമോ എന്നതിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്.
എന്താണ് ഇന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്?
വിവിധ മതാചാരങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാമെന്ന് സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിശോധിക്കും. അതുവരെ ശബരിമല പുനഃപരിശോധനാ ഹർജികൾ മാറ്റിവെച്ചു. യുവതീ പ്രവേശനം അനുവദിയ്ക്കുന്ന നിലവിലെ വിധിക്ക് സ്റ്റേ ഇല്ല.
advertisement
ഇന്നത്തെ വിധി ഏകകണ്ഠമാണോ?
അല്ല. പുനഃപരിശോധനാ ഹർജികൾ തള്ളണമെന്ന് വിയോജന വിധിയിൽ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിങ്ടൻ നരിമാനും ചൂണ്ടിക്കാട്ടി.
എന്താണ് ഇന്നത്തെ വിധിയിൽ കോടതി പറഞ്ഞ പ്രധാന കാര്യം?
ഒരു മതത്തിലെ എല്ലാ വിഭാഗങ്ങൾക്കും ലിംഗ വ്യത്യാസമില്ലാതെ ആചാരങ്ങളിൽ തുല്യാവകാശം ഉണ്ടോയെന്നത് ശബരിമലയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല. ഒരു മതത്തിലെ നിർബന്ധിത ആചാരം തീരുമാനിക്കേണ്ടത് ആ മതത്തിന്റെ മേധാവി മാത്രമാണോ എന്നതടക്കം നിരവധി ഭരണഘടനാ പ്രശ്നങ്ങൾ നിലവിലുണ്ട്. ഈ കാര്യങ്ങൾ വിശാല ബെഞ്ച് പരിഗണിക്കും. അതുവരെ ശബരിമല പുനഃപരിശോധനാ ഹർജികൾ മാറ്റിവെച്ചു.
advertisement
വിശാല ബെഞ്ച് മറ്റു മതങ്ങളിലെ സമാന വിഷയങ്ങളും പരിഗണിക്കുമോ?
പരിഗണിക്കും. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറാ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കർമം, അന്യസമുദായക്കാരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകൾക്കുള്ള വിലക്ക് എന്നിവയെല്ലാം ശബരിമലയുമായി സാമ്യമുള്ള പ്രശ്നങ്ങളാണ്. ഇതെല്ലം സുപ്രീംകോടതിയുടെ മുന്നിൽ വിവിധ കേസുകളിലായി ഉണ്ട്. ഒരു മതത്തിന്റെ ആചാരം അനിവാര്യമാണോ, ആണെങ്കിൽ അനിവാര്യത ആരാണ് തീരുമാനിക്കേണ്ടത്, അനിവാര്യമായ ആചാരത്തിൽ കോടതിക്ക് ഇടപെടാമോ തുടങ്ങിയ പ്രശ്നങ്ങൾ ഈ വിഷയങ്ങളിൽ എല്ലാമുണ്ട്. അതെല്ലാം വിശാല ബെഞ്ച് പരിഗണിക്കും.
advertisement
ഈ വിഷയങ്ങളിൽ തീർപ്പായ ശേഷം മാത്രമാണോ ഇനി ശബരിമലയിൽ തീർപ്പ് ഉണ്ടാവുക?
അതെ. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കുന്ന നിലവിലെ വിധി കോടതി സ്റ്റേ ചെയ്‌തിട്ടിട്ടില്ല. ( സ്റ്റേയെ പറ്റി വിധിയിൽ ഒന്നും പറയുന്നില്ല). പുനഃപരിശോധനാ ഹർജികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടില്ല. മതാചാരങ്ങളിൽ കോടതിക്ക് എത്ര ഇടപെടാമെന്നതിൽ വിശാല ബെഞ്ചിന്റെ വിധി വരും വരെ ശബരിമല പുനഃപരിശോധനാ ഹർജികൾ നീട്ടിവെക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്.
വിശാല ബെഞ്ച് തീരുമാനിക്കേണ്ട വിഷയങ്ങൾ എന്തൊക്കെ?
ആചാരത്തിൽ കോടതി ഇടപെടൽ ആകാമോ എന്നതടക്കം ഏഴു വിഷയങ്ങളാണ് വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. അവ ഇങ്ങനെയാണ്: ഭരണഘടന ഉറപ്പുനൽകുന്ന മത സ്വാതന്ത്ര്യവും ലിംഗ സമത്വവും തമ്മിൽ ഭിന്നത ഉണ്ടായാൽ എന്ത് നിലപാട് വേണം? ഭരണഘടനാ ധാർമികതയുടെ നിർവചനം എന്താണ്? ഭരണഘടനാ ധാർമികത മത വിശ്വാസങ്ങൾക്ക് വിരുദ്ധമായാൽ എന്ത് നിലപാട് എടുക്കണം? അവശ്യ മതാചാരമെന്ന് ഒരു വിഭാഗം പറയുന്ന വിശ്വാസത്തിൽ കോടതിക്ക് ഇടപെടാമോ? ഒരു വിശ്വാസ വിഭാഗത്തിന്റെ അവശ്യ മതാചാരം തീരുമാനിക്കേണ്ടത് മതാധികാരി മാത്രമാണോ? 'ഹിന്ദു വിഭാഗങ്ങൾ' എന്നതിൽ ആരൊക്കെ ഉൾപ്പെടും? ഒരു മതവിഭാഗത്തിന്റെയോ ഉപ വിഭാഗത്തിന്റെയോ അവശ്യ മതാചാരങ്ങൾക്ക് ഭരണഘടനയുടെ സംരക്ഷണം ഉണ്ടോ? ഒരു പ്രത്യേക മത വിഭാഗത്തിന് പുറത്തുള്ളവര്‍ ആ മത വിഭാഗവുമായി ബന്ധപ്പെട്ട് നല്‍കുന്ന പൊതുതാല്പര്യ ഹര്‍ജികള്‍ സ്വീകരിക്കേണ്ടതുണ്ടോ?
advertisement
ഇന്നത്തെ വിധിയിൽ ഏതെങ്കിലും ജഡ്ജിമാർ മുൻ നിലപാട് മാറ്റിയോ?
മാറ്റി. കഴിഞ്ഞ തവണ യുവതി പ്രവേശനത്തെ അനുകൂലിച്ച ജസ്റ്റിസ് എ എം ഖാൻവിൽക്കർ ഇത്തവണ നിലപാട് മാറ്റി വിഷയം വിശാല ബെഞ്ച് പരിഗണിക്കട്ടെ എന്നഭിപ്രായപ്പെട്ടു. ആദ്യ വിധിയിൽ യുവതീ പ്രവേശനം ആകാമെന്ന അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിയോട് പൂർണ്ണമായി യോജിക്കുകയായിരുന്നു ഖാൻവിൽക്കർ. ഒരു വർഷത്തിനിപ്പുറം പുനഃപരിശോധനാ ഹർജികൾ വന്നപ്പോൾ ഖാൻവിൽക്കർ നിലപാട് മാറ്റി ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിന് ഒപ്പം ചേർന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ആദ്യ വിധിയിൽ യുവതീ പ്രവേശനത്തെ എതിർത്ത ഇന്ദു മൽഹോത്ര എന്നിവരാണ് ഹർജികൾ വിശാല ബെഞ്ചിന് വിടാൻ തീരുമാനിച്ച മറ്റു രണ്ടു പേർ.
advertisement
മൂന്ന് പേരുടെ വിധിയോട് വിയോജിച്ച രണ്ട് ജസ്റ്റിസുമാർ പറഞ്ഞത് എന്ത്?
ശബരിമല പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിടാനുള്ള തീരുമാനത്തോട് രണ്ടു ജഡ്ജിമാർ വിയോജിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും റോഹിങ്ടൻ നരിമാനും തങ്ങളുടെ വേറിട്ട നിലപാട് പ്രത്യേക വിധിയായി എഴുതി. ഇവരുടെ വിയോജന വിധിയിലെ വിമർശനങ്ങൾ ഇങ്ങനെ:
ഇപ്പോൾ ഈ ബെഞ്ചിന്റെ മുന്നിലുള്ളത് ശബരിമലയിലെ യുവതീ പ്രവേശനമാണ്. ബെഞ്ചിന്റെ മുന്നിൽ ഇല്ലാത്ത മുസ്‌ലിം, പാർസി സ്ത്രീകളുടെ വിഷയങ്ങളുമായി ഇതിനെ കൂട്ടിക്കെട്ടരുത്. ജീവശാസ്ത്രപരമായ കാരണത്താൽ ഒരു സ്ത്രീയെ ക്ഷേത്രത്തിൽ നിന്ന് തടയാമോ എന്ന പ്രശ്നത്തിൽ നിലവിലുള്ള വിധി പൂർണ്ണമായും ശരിയാണ്. അതിനാൽ പുനഃപരിശോധനാ ഹർജികൾ തള്ളണം.
advertisement
കേരളത്തെക്കുറിച്ചു വിയോജന വിധിയിൽ പറഞ്ഞത് എന്ത്?
ശബരിമല വിധിക്ക് ശേഷം കേരളത്തിൽ ഉണ്ടായ അക്രമങ്ങൾ അനുവദിക്കാൻ പാടില്ലാത്തതാണെന്ന് വിയോജന വിധിയിൽ ജസ്റ്റിസ് നരിമാൻ അഭിപ്രായപ്പെട്ടു. കോടതി വിധികൾക്കു നേരെ ആരോഗ്യകരമായ വിമർശനം ആകാം. എന്നാൽ സംഘടിതമായി വിധിയെ അട്ടിമറിക്കാൻ അനുവദിക്കരുത്. വിധി അട്ടിമറിക്കാൻ ശ്രമം ഉണ്ടായാൽ കേരള സർക്കാർ ശക്തമായി നേരിടണം. ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചു സർക്കാർ ബോധവത്കരണം നടത്തണം. മനുഷ്യന്റെ അന്തസ്സാണ് പരമ പ്രധാനം. ഇന്ത്യയിൽ ഭരണഘടനയേക്കാൾ വലിയ വിശുദ്ധ ഗ്രന്ഥം ഇല്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 14, 2019 3:42 PM IST