എൻഎസ്എസിന്റെ പിണക്കം മാറി; മന്നം ജയന്തി 2023 ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും
- Published by:user_57
- news18-malayalam
Last Updated:
നായർ സമുദായംഗം എന്നതിനപ്പുറം വിശ്വപൗരൻ എന്ന നിലയിലാണ് ശശി തരൂരിനെ എൻഎസ്എസ് ആസ്ഥാനത്തേക്ക് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ
ശശി തരൂർ (Shashi Tharoor) വിവാദം സംസ്ഥാനമൊട്ടാകെ കത്തിനിൽക്കുന്നതിനിടെ എൻഎസ്എസ് ആസ്ഥാനത്തേക്ക് ശശി തരൂർ. 2023 ജനുവരി 2ന് പെരുന്നയിൽ നടക്കുന്ന നായർ മഹാസമ്മേളനം ശശി തരൂർ ഉദ്ഘാടനം ചെയ്യും. നായർ സമുദായംഗം എന്നതിനപ്പുറം വിശ്വപൗരൻ എന്ന നിലയിലാണ് ശശി തരൂരിനെ എൻഎസ്എസ് ആസ്ഥാനത്തേക്ക് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. ഏറെക്കാലമായി നിന്നിരുന്ന അകലം അവസാനിപ്പിച്ചുകൊണ്ടാണ് ശശി തരൂരിനെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പെരുന്നയിലേക്ക് ക്ഷണിച്ചത്.
തിരുവനന്തപുരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ശശി തരൂർ ആദ്യമെത്തിയപ്പോൾ ഇതിനെതിരെ കടുത്ത വിമർശനങ്ങളാണ് എൻഎസ്എസ് സെക്രട്ടറി സുകുമാരൻ നായർ ഉയർത്തിയിരുന്നത്. ‘ഡൽഹി നായരാണ് ശശി തരൂർ’ എന്ന വിശേഷണമാണ് അന്ന് എൻഎസ്എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫ് നായർ ക്വാട്ടയിൽ ഉൾപ്പെടുത്തേണ്ട എന്നും ജി. സുകുമാരൻ നായർ അന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ തരൂരുമായി എൻഎസ്എസ് കടുത്ത അകലം സൂക്ഷിച്ചിരുന്നു. ഇതിനിടെയാണ് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ശശി തരൂരിനെ ക്ഷണിച്ചുകൊണ്ട് ജി. സുകുമാരൻ നായർ നിർണായക രാഷ്ട്രീയ നീക്കം നടത്തിയത്.
advertisement
സമകാലിക രാഷ്ട്രീയത്തിൽ ഇടപെടാനുള്ള എൻഎസ്എസിന്റെ നീക്കം കൂടിയാണ് ശശി തരൂരിന്റെ രംഗപ്രവേശം. മുസ്ലിംലീഗിനെ ഒപ്പം നിർത്തിയും, സഭകളുമായി അടുത്തും തരൂർ നീക്കം നടത്തുന്നതിൽ എൻഎസ്എസിന്റെ പിന്തുണയുണ്ട്.
സമീപകാലം വരെ രമേശ് ചെന്നിത്തലയായിരുന്നു എൻഎസ്എസിന്റെ പ്രിയപ്പെട്ട നേതാവ്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയതും ജി. സുകുമാരൻ നായർ പരസ്യമായി ആവശ്യപ്പെട്ടാണ്.
താക്കോൽ സ്ഥാനത്ത് നായർ വേണം എന്നായിരുന്നു സുകുമാരൻ നായർ ആവശ്യപ്പെട്ടത്.
advertisement
സംസ്ഥാന ഭരണത്തിൽ നിന്നും ഏറെക്കാലമായി അകന്നുനിൽക്കുകയാണ് കോൺഗ്രസ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിൽ കാര്യമായി ഇടപെടാൻ എൻഎസ്എസിന് കഴിയുന്നില്ല. ശബരിമല വിഷയത്തിൽ അടക്കം കടുത്ത പോര്. നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവരുടെ നിസാര കേസുകൾ പിൻവലിക്കണമെന്ന ആവശ്യത്തോടും പിണറായി സർക്കാർ മുഖം തിരിച്ചു. മുന്നോക്ക സംവരണത്തിലും തർക്കങ്ങൾ. ഇതോടെയാണ് പുതിയ രാഷ്ട്രീയ നീക്കത്തിന് എൻഎസ്എസ് കൂടി ചരട് വലിക്കുന്നത്. പെരുന്നയിലേക്ക് തരൂരിന് എൻഎസ്എസ് വേദി ഒരുക്കുന്നതും ഈ സന്ദേശമാണ് നൽകുന്നത്.
advertisement
സാമുദായിക സംഘടനകളോട് അകലം കാട്ടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് എൻഎസ്എസ് തുറന്ന പോര് പ്രകടിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിന് തൊട്ടുപിന്നാലെ, ജനുവരി രണ്ടിലെ മന്നം ജയന്തി സമ്മേളനത്തിൽ ഉദ്ഘാടകനായാണ് ശശി തരൂരിനെ എൻഎസ്എസ് എത്തിക്കുന്നത് എന്നത് സതീശനോടുള്ള എതിർപ്പ് കൊണ്ട് കൂടിയാണ്.
മന്നം ജയന്തി സമ്മേളനത്തിൽ ഉദ്ഘാടകനായി എത്താൻ കഴിയുന്നത് അഭിമാനം എന്നാണ് തരൂർ വിശേഷിപ്പിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന മുസ്ലിംലീഗ്- കേരള കോൺഗ്രസ്- എൻഎസ്എസ് അധികാര ചേരി തിരികെ കൊണ്ടുവരിക, ഇടതു സർക്കാരുമായി ഒരുതരത്തിലും ചേരാത്തവരെ ഒന്നിപ്പിച്ച് ശശി തരൂർ എന്ന പൊതുസമ്മതനെ മുന്നിൽ നിർത്തി യുഡിഎഫിന്റെ തിരിച്ചുവരവിലൂടെ അധികാരത്തിൽ നിർണായക കണ്ണിയാകുക തുടങ്ങിയ ലക്ഷ്യങ്ങളാൽ കോൺഗ്രസിന് തിരിച്ചു വരാൻ ഈ വഴി മാത്രമാണുള്ളതെന്നും എൻഎസ്എസ് വിശ്വസിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 25, 2022 4:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൻഎസ്എസിന്റെ പിണക്കം മാറി; മന്നം ജയന്തി 2023 ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും