കോഴിക്കോട്: വഖഫ് ബോര്‍ഡ്, ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് വിഷയങ്ങളില്‍ കേരളീയ മുസ്ലിം പരിസരം വര്‍ഗ്ഗീയ വിഷം ചീറ്റി മലീമസമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി കെ.ടി ജലീല്‍ എം.എല്‍.എ (KT Jaleel). ചില മുസ്ലിം (Muslim) തീവ്രമനോഭാവക്കാരാണ് ഇതിന് പിന്നില്‍. കഴിഞ്ഞ സര്‍ക്കാറുകളുടെ തെറ്റ് തിരുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും കെ.ടി ജലീല്‍ പറഞ്ഞു.
കെ.എം സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയയും മതേതരവല്‍കരിച്ച കേരളീയ മുസ്ലിം പരിസരം വര്‍ഗീയ വിഷം ചീറ്റി മലീമസമാക്കുന്ന ജോലി എത്ര സമര്‍ത്ഥമായാണ് ചില മുസ്ലിം തീവ്ര മനോഭാവക്കാര്‍ നിര്‍വ്വഹിക്കുന്നതെന്ന് അവരുടെ എഴുത്തും പ്രചരണവും ശ്രദ്ധിച്ചാല്‍ മതി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വഖഫ് ബോര്‍ഡ് നിയമനവുമായും ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ ചെയര്മാന് പദവിയുമായും ബന്ധപ്പെട്ട് നടത്തുന്ന ദുഷ്പ്രചരണങ്ങള്‍- കെ.ടി ജലീല്‍ വ്യക്തമാക്കി.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതില്‍ ഒരാളും ആശങ്കപ്പെടേണ്ട കാര്യമില്ല. കേരളത്തിലെ മുസ്ലിം സമുദായത്തിലെ എല്ലാ അവാന്തര വിഭാഗങ്ങളിലും പെടുന്ന മിടുക്കരായ യുവതീ-യുവാക്കള്‍ക്ക് ഇതിലൂടെ വഖഫ് ബോര്‍ഡില്‍ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. ഒരു നേതാവിന്റെയും ശുപാര്‍ശയില്ലാതെയും ആരുടെയും കയ്യും കാലും പിടിക്കാതെയും ഇനിമേലില്‍ വഖഫ് ബോര്‍ഡില്‍ സാധാരണക്കാരായ മുസ്ലിങ്ങള്‍ക്ക് ജോലി കിട്ടാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത് എങ്ങിനെയാണാവോ സമുദായ വിരുദ്ധമാവുക? സഹോദര സമുദായങ്ങളില്‍ പെടുന്നവര്‍ ഒരു സാഹചര്യത്തിലും വഖഫ് ബോര്‍ഡില്‍ ജീവനക്കാരായി വരില്ല. പുതിയ നിയമത്തിന്റെ മൂന്നാം വകുപ്പ് വായിച്ചാല്‍ അത് ബോദ്ധ്യമാകും. ദേവസ്വം ബോര്‍ഡില്‍ ജോലിക്കാരായി ഹൈന്ദവേതരര്‍ക്ക് വരാന്‍ കഴിയാത്ത പോലെത്തന്നെയാണ് വഖഫ് ബോര്‍ഡില്‍ മുസ്ലിമേതരര്‍ക്ക് വരാന്‍ സാധിക്കില്ലെന്നതും.
ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ ചെയര്മാന് സ്ഥാനം ക്രൈസ്തവ ന്യൂനപക്ഷത്തിന് നല്‍കിയതില്‍ ഒരു തെറ്റുമില്ല. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് ഒരു കമ്മീഷനും ഒരു ബോര്‍ഡുമാണ് പൊതുവായി നിലവിലുള്ളത്. അതില്‍ മൂന്നംഗ ന്യൂനപക്ഷ കമ്മീഷന്റെ ചെയര്മാന് സ്ഥാനം അലങ്കരിക്കുന്നത് റിട്ടയേഡ് ജഡ്ജ് ഹനീഫയും ഒരംഗം അഡ്വ: ഫൈസലുമാണ്. മൂന്നാമത്തെ അംഗം ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള ഒരു വനിതയുമാണ്. കമ്മീഷന് കഴിഞ്ഞാല്‍ മൈനോറിറ്റി വകുപ്പിന് കീഴില്‍ മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ക്കുമായുള്ള രണ്ടാമത്തെ സംവിധാനം ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനാണ്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 26% മുസ്ലിങ്ങളാണെങ്കില്‍ 18% ക്രൈസ്തവരാണ്. ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് സ്ഥാനം മുസ്ലിം സമുദായത്തിന് നല്കുമ്പോള് രണ്ടാമത്തെ ബോഡിയായ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ ചെയര്മാന് സ്ഥാനം ക്രൈസ്തവ സമുദായത്തിന് അനുവദിക്കുന്നത് അനീതിയല്ല നീതിയാണ്. എന്നെങ്കിലുമൊരു കാലത്ത് യു.ഡി.എഫ് കേരളത്തില്‍ അധികാരത്തില്‍ വന്നാലും രണ്ടിലൊന്ന് ക്രൈസ്തവ ന്യൂനപക്ഷത്തിന് നല്‍കേണ്ടിവരും, തീര്‍ച്ച.
അര്‍ഹമായത് വിവേചന രഹിതമായി എല്ലാവര്ക്കും ലഭ്യമാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതില്‍ മുസ്ലിം വിരുദ്ധത കാണാന്‍ ശ്രമിക്കുന്നത് മൂക്കറ്റം വര്‍ഗീയത കുടിച്ച് മത്തായവരാണ്. വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ ക്രൈസ്തവ-മുസ്ലിം ജനവിഭാഗങ്ങളെ കൂടുതല്‍ അകറ്റാനേ സഹായിക്കൂ. യു.ഡി.എഫ് ഭരിച്ചപ്പോഴും എല്‍.ഡി.എഫ് ഭരിച്ചപ്പോഴും സംഭവിച്ച പിശക് മുഖ്യമന്ത്രി പിണറായി വിജയന് തിരുത്തുമ്പോള്‍ അതിനെ അഭിനന്ദിക്കുകയാണ് നാട്ടില്‍ സൗഹൃദം ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. 'മുസ്ലിം സമുദായത്തിന്റെ ഒരു മുടിനാരിഴ അവകാശം ആര്‍ക്കും ഞങ്ങള്‍ വിട്ടുകൊടുക്കില്ല. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഒരു തലനാരിഴ പോലും ഞങ്ങള്‍ തട്ടിയെടുക്കുകയുമില്ല'എന്ന സി.എച്ചിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുകമാത്രമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ചെയ്തത്.- കെ.ടി ജലീല്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.