കൊല്ലം: പഞ്ചായത്ത് ഓഫീസിൽ ഉദ്യോഗസ്ഥർ വൈകിയെത്തുന്നത് പതിവായതോടെ ഓഫീസിന്റെ ഗേറ്റ് പൂട്ടി ജനപ്രതിനിധിയുടെ വേറിട്ട പ്രതിഷേധം. കൊല്ലം അഞ്ചൽ പഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധം നടന്നത്. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് രാവിലെ പത്ത് മണിക്ക് ശേഷം ഓഫീസിലെത്തിയ മുഴുവൻ ഉദ്യോഗസ്ഥരെയും ഗേറ്റു പൂട്ടി തടഞ്ഞത്.
ഓഫീസിൽ ഉദ്യോഗസ്ഥർ വൈകിയെത്തുന്നതായി ജനങ്ങള്‍ക്കിടയിൽ നിന്ന് തന്നെ പരാതി ഉയർന്നിരുന്നു. പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ജീവനക്കാർ എത്തിയത് പത്തു മണിക്ക് ശേഷമായിരുന്നു. ഗേറ്റ് പൂട്ടിയതിനാൽ വൈകിയെത്തിയവരെല്ലാം ഓഫീസിന് പുറത്ത് തന്നെ നിൽക്കേണ്ടിവന്നു. കഴിഞ്ഞദിവസമായിരുന്നു പഞ്ചായത്ത് ഓഫീസിലെ ഗേറ്റ് പൂട്ടി പ്രതിഷേധം നടന്നത്.
വൈകിയെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പ്രതിഷേധത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് പിന്തുണയുമായി ജനങ്ങളും കൂടെചേർന്നു. തുടർന്ന് ഇനി മുതല്‍ കൃത്യസമയത്ത് ജോലിക്ക് എത്താമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നൽകിയതിന് ശേഷമാണ് ഗേറ്റ് തുറന്ന് എല്ലാവരേയും അകത്തുകയറ്റിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.