തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിക്കെത്തിയ വനിതാ കണ്ടക്ടർ അഖില എസ്. നായർക്കെതിരെയുള്ള നടപടി റദ്ദാക്കി. അഖിലയെ വൈക്കം ഡിപ്പോയിൽ നിന്ന് പാലയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്. സിഎംഡിയുടെ ഉത്തരവ് പരിഗണിച്ചാണ് നടപടി.
ട്രാൻസ്ഫർ നടപടി തെറ്റായിരുന്നുവെന്നാണ് സിഎംഡി യുടെ റിപ്പോർട്ട്. അഖിലയെ വൈക്കത്ത് തന്നെ തിരികെ പോസ്റ്റ് ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അഖിലയെ സ്ഥലംമാറ്റിയ നടപടി അറിയില്ലെന്നായിരുന്നു ഗാതഗത മന്ത്രി ആന്റണി രാജു നേരത്തേ പ്രതികരിച്ചത്. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Also Read- ‘ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയത് സർക്കാർ അറിഞ്ഞല്ല’: മന്ത്രി ആന്റണി രാജു എന്നാൽ, അഖില ബാഡ്ജിൽ പ്രദർശിപ്പിച്ച വിവരങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. 2022 ഡിസംബറിലെ ശമ്പളം 7 ദിവസം മാത്രമായിരുന്നു വൈകിയതെന്നും എന്നാൽ 41 ദിവസം വൈകിയെന്ന് അഖില തെറ്റിദ്ധരിപ്പിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. ‘ശമ്പളരഹിത സേവനം 41–ാം ദിവസം’ എന്നായിരുന്നു അഖിലയുടെ ബാഡ്ജിൽ എഴുതിയിരുന്നത്.
അഖിലയെ സ്ഥലംമാറ്റിയതിൽ യൂണിനുകൾ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. മാർച്ച് 31നാണ് ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടർക്കെതിരെ കെഎസ്ആർടിസി നടപടിയെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Antony Raju, Ksrtc conductor