സിറോ മലബാര്‍ സഭാ തര്‍ക്കം;വിമത റാലിയില്‍ പങ്കെടുത്ത വൈദികര്‍ക്കെതിരെ നടപടിക്കു സാധ്യത
- Published by:Naseeba TC
- news18-malayalam
Last Updated:
വത്തിക്കാന്‍ നടപടിക്കുള്ള മറുപടിയായാണ് വൈദികരും വിശ്വാസികളും കൊച്ചിയില്‍ തെരുവിലിറങ്ങിയത്.
കൊച്ചി: സിറോ മലബാര്‍ സഭയിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ പങ്കെടുത്ത വൈദികര്‍ക്കെതിരെ നടപടിക്ക് സാധ്യത.സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന നിലപാടിലാണ് സിറോ മലബാര്‍ സഭ നേതൃത്വം.
സഭ നേതൃത്വത്തിനെതിരെ വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ നടുവിലേക്ക് വൈദികരും സന്യസ്ഥരും ഇതുവരെ ഇറങ്ങി വന്നിട്ടില്ല. എന്നാല്‍ വിശ്വാസി സംരക്ഷണ റാലിയോടെ ഇതിന് മാറ്റം വന്നു. സഭ സിനഡിനും വത്തിക്കാനെതിരെതന്നെയും പരസ്യമായ വെല്ലുവിളിയാണ് വൈദികരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ബിഷപ്പ് ആന്റണി കരിയലിനെ വത്തിക്കാന്‍ നേരിട്ട് ഇടപെട്ട് നീക്കം ചെയ്തതിന് ശേഷവും കാര്യങ്ങള്‍ ആരുടെയും പരിധിയില്‍ നിന്നില്ല. വത്തിക്കാന്‍ നടപടിക്കുള്ള മറുപടിയായാണ് വൈദികരും വിശ്വാസികളും കൊച്ചിയില്‍ തെരുവിലിറങ്ങിയത്.
എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിന്റെ നടപടികള്‍ സഭയില്‍ വിഭാഗീയത വളര്‍ത്തുകയാണ് എന്ന വിലയിരുത്തല്‍ പൊതുവില്‍ ഉണ്ട്. ഇതിനെ നിലയ്ക്കു നിര്‍ത്താന്‍ ഇപ്പോള്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന ചിന്തയാണ് സഭ നേതൃത്വത്തിനുള്ളത്. അതുകൊണ്ടുതന്നെ വിമത റാലിക്ക് മുന്‍കൈയെടുത്ത പത്തോളം വൈദികര്‍ക്ക് എതിരെ നടപടികള്‍ ഉണ്ടാകും. ആദ്യ പടിയായി ഇപ്പോഴുള്ള സ്ഥാനങ്ങളില്‍ നിന്ന് അവരെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് സൂചന.
advertisement
ഇവരുടെ വിശദീകരണത്തിനും മറുപടിക്കും ശേഷം തുടര്‍ നടപടികളിലേക്ക് നീങ്ങും. എന്നാല്‍ അച്ചടക്ക നടപടികളോട് വൈദികരും വിശ്വാസികളും എങ്ങനെ പ്രതികരിക്കും എന്നതാണ് അറിയേണ്ടത്. ആ ഉത്തരവും ലംഘിക്കുകയാണെങ്കില്‍ പരസ്യമായ പൊട്ടിത്തെറികളിലേക്കും ഭിന്നിപ്പിലേക്കും സീറോ മലബാര്‍ സഭ എത്തും.
advertisement
സീറോ മലബാര്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളുടെയും വൈദികരുടെയും റാലി കൊച്ചിയില്‍ നടന്നിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന വിശ്വാസ സംരക്ഷണ റാലിയിലും യോഗത്തിലും ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. പുതിയ അഡ്മിനിസ്‌ട്രേറ്റ് നിയമനത്തിനും ജനാഭിമുഖ കുര്‍ബാന വിഷയത്തിലുമുള്ള സിനഡ് തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് റാലിയും വിശ്വാസ സംരക്ഷണം സംഗമവും സംഘടിപ്പിച്ചത്.
വിശ്വാസികളുടെയും സന്യസ്ഥരുടെയും നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചയും സഭാ നേതൃത്വം പ്രതീക്ഷിക്കേണ്ടെന്ന് ആമുഖ പ്രഭാഷണം നടത്തിയവൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. മോന്‍സിഞ്ഞോര്‍ വര്‍ഗീസ് ഞാളിയത്ത്, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവരും സംസാരിച്ചു. അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുക, ഭൂമിയിടപാടു പ്രശ്‌നങ്ങളില്‍ അതിരൂപതയ്ക്കു നഷ്ടപ്പെട്ട തുക റെസ്റ്റിറ്റിയൂഷന്‍ പ്രക്രിയയുടെ ഭാഗമായി തിരിച്ചു നല്കുക, ആര്‍ച്ചുബിഷപ് ആന്റണി കരിയിലിനോട് സിനഡ് നീതി പുലര്‍ത്തുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 08, 2022 6:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിറോ മലബാര്‍ സഭാ തര്‍ക്കം;വിമത റാലിയില്‍ പങ്കെടുത്ത വൈദികര്‍ക്കെതിരെ നടപടിക്കു സാധ്യത